ന്യൂഡൽഹി
ഉത്തർപ്രദേശ് പൊലീസ് കോടതിയുടെ അധികാരത്തിൽ കൈകടത്തരുതെന്നും പരാതിക്കാരനെ തൊട്ടാൽ ഡിജിപിയടക്കമുള്ളവർ വിവരമറിയുമെന്നും സുപ്രീംകോടതി. യുപി സ്വദേശി അനുരാഗ് ദുബെ എന്നയാൾക്കെതിരെ തുടർച്ചയായി കേസെടുത്ത സംഭവത്തിലാണ് ജസ്‌റ്റിസ് സൂര്യകാന്ത്, ഉജ്ജൽ ഭുയാൻ എന്നിവർ പൊലീസിനെ രൂക്ഷമായി വിമർശിച്ചത്.
പരാതിക്കാരെനെ അറസ്‌റ്റ് ചെയ്യരുതെന്ന് പൊലീസിന് കോടതി ഉത്തരവ് നൽകി. ഭൂമി കൈയേറിയെന്നതടക്കം നിരവധി കേസുകൾ ഹർജിക്കാതനെതിരെ പൊലീസ് വ്യാജമായി ചുമത്തി. ഏതെങ്കിലും കേസിൽ അറസ്‌റ്റ് വേണമെന്നുണ്ടെങ്കിൽ മൂൻകൂർ അനുമതി വാങ്ങണം. മറിച്ച് സംഭവിച്ചാൽ സസ്‌പെൻഷനേക്കാൾ കടുത്ത നടപടി പൊലീസുകാർ നേരിടേണ്ടി വരും. അധികാരം ആസ്വദിക്കുന്ന പൊലീസ് ഇപ്പോൾ കോടതിയുടെ അധികാരത്തിലും കൈകടത്താൻ ശ്രമിക്കുന്നു. യുപി പൊലീസിനെ ബോധവൽക്കരിക്കേണ്ടതുണ്ട്–-കോടതി നിരീക്ഷിച്ചു.
നോട്ടീസ് നൽകിയിട്ടും ഇയാൾ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പിൽ ഹാജരായില്ലെന്ന സർക്കാർ വാദത്തെയും കോടതി പരിഹസിച്ചു. വീണ്ടും കള്ളക്കേസിൽ പ്രതിയാക്കുമെന്ന ഭയത്താലായിരിക്കും ഹാജരാകാത്തതെന്ന് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..