ലഖ്നൗ > സംഭലിൽ വെടിവയ്‌പ്പിനു പിന്നാലെ ബുൾഡോസർ രാജും. യോഗി ആദിത്യനാഥിന്റെ സർക്കാർ കൈയേറ്റം ആരോപിച്ച് കടകളും വീടുകളും ബുൾഡോസർ ഉപയോഗിച്ച് പൊളിച്ച് നീക്കുകയാണ്. മസ്‌ജിദിന്റെ മുന്നിലെ കയ്യേറ്റം ഒഴിപ്പിക്കാനും അനധികൃത വൈദ്യുത കണക്ഷനുകൾ കണ്ടെത്താനുമാണ് ശ്രമിക്കുന്നതെന്നാണ് സംഭവത്തെ ജില്ലാ ഭരണകൂടം ന്യായീകരിക്കുന്നത്.
ഷാഹി ജുമാ മസ്‌ജിദിനു സമീപത്തെ വീടുകളുടെയും കടകളുടെയും മുൻവശമാണ് ബുൾഡോസർകൊണ്ട് പൊളിച്ചുനീക്കുന്നത്. കനത്ത പൊലീസ് സുരക്ഷയിലാണ് കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്നത്. സംഭവത്തിൽ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി.
സുപ്രീംകോടതിയുടെ ഉത്തരവിനെ മറികടന്നാണ് യോഗി സർക്കാരിന്റെ ബുൾഡോസർ രാജ് ഭീഷണി. ആരോപണങ്ങളുടെ അടിസ്ഥാനത്തിൽമാത്രം വ്യക്തിയുടെ സ്വത്തുക്കൾ ഇടിച്ചുനിരത്തുന്നത് നിയമവാഴ്‌ചയുടെ അടിസ്ഥാനതത്വങ്ങളുടെ ലംഘനമാണ് എന്ന് ബുൾഡോസർ രാജ് വിഷയത്തിൽ ഇതിനു മുമ്പ് കോടതി നിരീക്ഷിച്ചിരുന്നു. സ്വത്തുകൾ ഇടിച്ചുനിരത്തുന്നതിന് സർക്കാരുകൾക്ക് ഉരുക്കുമുഷ്ടി പ്രയോഗിക്കാനാകില്ലെന്നു കഴിഞ്ഞമാസം സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. സർക്കാരിന് ഒരിക്കലും ഒരാളെ കുറ്റക്കാരനെന്ന് വിധിക്കാനാകില്ല. ഭരണനിർവഹണ സംവിധാനത്തിന് ഒരിക്കലും ജഡ്‌ജിയാകാൻ കഴിയില്ല. അതുകൊണ്ടുതന്നെ കുറ്റക്കാരനെന്ന് നിശ്ചയിച്ച് അയാളുടെ വസ്‌തുവകകൾ ഇടിച്ചുനിരത്താനുമാകില്ല. ഈ നടപടികൾ പരിധിലംഘനമാണ്. നിയമവാഴ്‌ചയുടെ അടിത്തറയായ ഭരണഘടനയിൽ ഇത്തരം പരിധി വിട്ട ഏകപക്ഷീയ നടപടികൾക്ക് സ്ഥാനമില്ല എന്ന് കോടതി നിരീക്ഷിച്ചിരുന്നു. കോടതിയുടെ ഈ നിരീക്ഷണങ്ങളെ കാറ്റിൽ പരത്തിയാണ് ആദിത്യ നാഥ് സർക്കാരിന്റെ ഈ അതിക്രമം. ഞായറാഴ്ച രാവിലെ പ്രദേശത്തെ കൈയേറ്റങ്ങൾ ഒഴിപ്പിക്കുകയാണെന്ന് പറഞ്ഞാണ് അധികൃതർ നടപടി ആരംഭിച്ചത്.
ജുമാ മസ്ജിദ് ഹരിഹർ ക്ഷേത്രമാണെന്നും ക്ഷേത്രം തകർത്താണ് മസ്ജിദ് നിർമിച്ചതെന്നും അവകാശപ്പെട്ട് ഋഷിരാജ് ഗിരി എന്ന വ്യക്തി നൽകിയ ഹർജിയെത്തുടർന്നാണ് സംഭാലിൽ സംഘർഷം പൊട്ടിപ്പുറപ്പെടുന്നത്. സംഘർഷത്തിൽ നാല് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..