30 December Monday
ഓഹരിവിപണിയുടെ ചാഞ്ചാട്ടങ്ങൾക്ക്‌ വിധേയം

ഏകീകൃത പെൻഷൻ പദ്ധതി ; പഴയ ആനുകൂല്യങ്ങൾ ഇല്ല , യുപിഎസും പങ്കാളിത്ത സ്വഭാവത്തിലുള്ളത്‌

സ്വന്തം ലേഖകൻUpdated: Monday Aug 26, 2024


ന്യൂഡൽഹി
പഴയ പെൻഷൻ പദ്ധതിയുടെ (ഒപിഎസ്‌) പല ആനുകൂല്യങ്ങളും ഒഴിവാക്കി മോദി സർക്കാർ കൊണ്ടുവരുന്ന പുതിയ ഏകീകൃത പെൻഷൻ പദ്ധതിയോടും (യുപിഎസ്‌) എതിർപ്പ്‌ ശക്തമാകുന്നു. നിലവിലെ ദേശീയ പെൻഷൻ പദ്ധതിക്ക്‌ (എൻപിഎസ്‌) സമാനമായി പങ്കാളിത്ത സ്വഭാവത്തിലുള്ളതാണ്‌ യുപിഎസും. ജീവനക്കാരുടെ വേതനത്തിന്റെ 10 ശതമാനം യുപിഎസ്‌ നിധിയിലേക്ക്‌ പിടിക്കും. ജീവനക്കാരുടെ വിഹിതവും സർക്കാരിന്റെ 18.5 ശതമാനം വിഹിതവും ഉൾപ്പെടുന്ന യുപിഎസ്‌ നിധിയിലെ പണം അപ്പാടെയും ഓഹരി വിപണിയിലാണ്‌ നിക്ഷേപിക്കുന്നത്‌. എൻപിഎസിന്‌ സമാനമായി യുപിഎസും വിപണിയുടെ ചാഞ്ചാട്ടങ്ങൾക്ക്‌ വിധേയമായിരിക്കും.

പത്ത് ലക്ഷം കോടി രൂപയാണ്‌ നിലവിൽ എൻപിഎസ്‌ നിധിയിലുള്ളത്‌. ഇത്‌ ഓഹരി വിപണിയിൽ നിക്ഷേപിക്കപ്പെടുകവഴി കോർപ്പറേറ്റുകൾക്കാണ്‌ നേട്ടം. ഓഹരി വിപണിയെ ഉയർത്തി നിർത്തുകയെന്ന ലക്ഷ്യത്തോടെയാണ്‌ കേന്ദ്രം ചില ഭേദഗതികളോടെ യുപിഎസ്‌ അവതരിപ്പിക്കുന്നത്‌.

പഴയ പെൻഷൻ പദ്ധതിയിൽ അവസാനം വാങ്ങിയ വേതനത്തിന്റെ 50 ശതമാനം പെൻഷൻ ഉറപ്പുവരുത്തിയിരുന്നു. ശമ്പള കമീഷൻ ശുപാർശപ്രകാരം വേതനം പുനഃക്രമീകരിക്കുന്ന ഘട്ടത്തിലെല്ലാം പെൻഷനും വർധിച്ചിരുന്നു. 80 വയസ്സായാൽ പെൻഷനിൽ 20 ശതമാനം വർധനവ്‌ പഴയ പദ്ധതിയിൽ ഉറപ്പാക്കിയിരുന്നു. തുടർന്നുള്ള ഓരോ അഞ്ചുവർഷവും പെൻഷൻ തുകയും വർധിപ്പിക്കും. ഈ ആനുകൂല്യങ്ങളൊന്നും പുതിയ യുപിഎസിൽ ഇല്ല. മാത്രമല്ല അവസാനത്തെ 12 മാസം വാങ്ങിയ ശമ്പളത്തിന്റെ ശരാശരി കണക്കാക്കി അതിന്റെ 50 ശതമാനം മാത്രമാണ്‌ പെൻഷൻ നൽകുന്നത്‌. 50 ശതമാനം പെൻഷൻ കിട്ടാൻ 25 വർഷത്തെ കുറഞ്ഞ സർവീസ്‌ നിർബന്ധം. പഴയ പെൻഷൻ പദ്ധതിയിൽ 10 വർഷം സർവീസുള്ളവർക്കും 50 ശതമാനം പെൻഷൻ കിട്ടിയിരുന്നു. പഴയ പദ്ധതിയിൽ പെൻഷന്റെ 40 ശതമാനം തുക മുൻകൂറായി കമ്യൂട്ട്‌ ചെയ്യാമായിരുന്നു. 15 വർഷത്തിനുശേഷം പെൻഷന്റെ കമ്യൂട്ട്‌ ചെയ്യപ്പെട്ട തുക പൂർണമായും പുനഃസ്ഥാപിക്കപ്പെടും. ഇത്തരം ആനുകൂല്യങ്ങളൊന്നും പുതിയ പദ്ധതിയിൽ ഇല്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top