03 December Tuesday
കേന്ദ്രമന്ത്രാലയങ്ങളിൽ 45 തസ്‌തികയിലേക്ക്‌ 
 നിയമനത്തിന്‌ പരസ്യം

യുപിഎസ്‌സി നോക്കുകുത്തി ; സംവരണം അട്ടിമറിക്കാൻ 
പിൻവാതിൽ നിയമനം

സ്വന്തം ലേഖകൻUpdated: Monday Aug 19, 2024

ന്യൂഡൽഹി
സംവരണം അട്ടിമറിച്ച്‌ കേന്ദ്രസർവീസുകളിലെ സുപ്രധാന പദവികളിലേക്ക്‌ സ്വകാര്യ മേഖലയിൽനിന്നടക്കം ആളെ എത്തിക്കാനുള്ള നീക്കം ശക്തമാക്കി മോദി സർക്കാർ. 24 കേന്ദ്രമന്ത്രാലയങ്ങളിലെ 45 തസ്‌തികകളിലേയ്‌ക്ക്‌ ലാറ്ററൽ എൻട്രി വഴി നിയമനത്തിന്‌ യുപിഎസ്‌സി ശനിയാഴ്‌ച പരസ്യം ചെയ്‌തു. ഈ നിയമനങ്ങളിൽ എസ്‌സി, എസ്‌ടി, ഒബിസി സംവരണം പാലിക്കില്ല. സ്ഥാനക്കയറ്റം ലഭിക്കേണ്ട സംവരാണാകൂല്യമുള്ള ഉദ്യോഗസ്ഥർക്ക്‌ അത്‌ നിഷേധിക്കപ്പെടും. പകരം സംഘപരിവാർ അനുകൂലികളെ തിരുകി കയറ്റും. യുപിഎസ്‌സി പരീക്ഷകളുടെ അടിസ്ഥാനത്തിൽ നിയമിക്കപ്പെടുന്ന ഐഎഎസ്‌, ഐപിഎസ്‌ ഉദ്യോഗസ്ഥർ ചെയ്യേണ്ട തന്ത്രപ്രധാന ജോലികളാണ്‌ പുറംകരാർ നൽകുന്നത്‌. 

35 ഡയറക്ടർ/ഡെപ്യൂട്ടി സെക്രട്ടറി, 10 ജോയിന്റ് സെക്രട്ടറി പദവികളിലേയ്‌ക്കാണ്‌ പിൻവാതിലിൽ നിയമനം. ആദ്യമായാണ്‌ ഒരേസമയം ഇത്രയും പേരെ ഇപ്രകാരം വഴി നിയമിക്കുന്നത്‌. ധനകാര്യം, ഐടി മന്ത്രാലയങ്ങളിലേയ്‌ക്ക്‌ രണ്ടുവീതവും ആഭ്യന്തരം, പരിസ്ഥിതി, ഉരുക്ക്, ഷിപ്പിങ്‌, ശാസ്ത്ര സാങ്കേതിക വിദ്യ, പുനരുപയോഗ ഊർജം മന്ത്രാലയങ്ങളിലേയ്‌ക്ക്‌ ഓരോ ജോയിന്റ്‌ സെക്രട്ടറിമാരെയും നിയമിക്കും. 35 ഡയറക്ടർ/ഡെപ്യൂട്ടി സെക്രട്ടറി പദവികൾ കൃഷി, സഹകരണം, വിദ്യഭ്യാസം തുടങ്ങിയ മന്ത്രാലയങ്ങളിലാണ്‌. മൂന്നുവർഷത്തെ കരാറിലുള്ള നിയമങ്ങൾ അഞ്ചുവർഷം വരെ നീട്ടാം. സ്വകാര്യകമ്പനികൾ, കൺസൾട്ടൻസി, ബഹുരാഷ്ട്ര സ്ഥാപനങ്ങൾ എന്നിവയിൽ സമാനതലത്തിൽ 15 വർഷം ജോലി പരിചയമുള്ളവർക്ക്‌ ജോയിന്റ്‌ സെക്രട്ടറിയാകാം. ഡയറക്ടർ തലത്തിൽ 10 വർഷവും ഡെപ്യൂട്ടി സെക്രട്ടറി തലത്തിൽ ഏഴ് വർഷവും ജോലി പരിചയം മതി. രണ്ടാം മോദി സർക്കാർ 2018–-19 മുതലാണ് സ്ഥിരംതൊലിൽ വെട്ടിക്കുറച്ച്‌  പിൻവാതിൽ നിയമനം ആരംഭിച്ചത്‌. ഇതുവരെ 63 നിയമനം നടത്തി. സ്വകാര്യമേഖലയിൽ നിന്നുള്ളവർ കേന്ദ്രസർക്കാരിന്റെ നയപരമായ തീരുമാനം കൈകാര്യം ചെയ്യുന്ന സ്ഥിതിയുണ്ടാവും. സർക്കാർ നടപടികളുടെ രഹസ്യ സ്വഭാവത്തെ ബാധിക്കാനും കോർപറേറ്റുകളുടെ സ്വാധീനം ഉണ്ടാവാനും നീക്കം വഴിവെക്കുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.

പ്രതിഷേധം 
കനക്കുന്നു
കേന്ദ്രസർക്കാർ നീക്കത്തെ പ്രതിപക്ഷം അപലപിച്ചു. സംവരണം  അട്ടിറമിച്ച്‌ ആർഎസ്‌എസുകാരെ മന്ത്രാലയങ്ങളിൽ തിരുകിക്കയറ്റാനുള്ള ശ്രമമാണിതെന്ന്‌ പ്രതിപക്ഷനേതാവ്‌ രാഹുൽ ഗാന്ധി പറഞ്ഞു.   പ്രക്ഷോഭം നടത്തുമെന്ന്‌ എസ്‌പി അധ്യക്ഷൻ അഖിലേഷ്‌ യാദവും ബിഎസ്‌പി അധ്യക്ഷ മായാവതിയും വ്യക്തമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top