മംഗളൂരു
മാവോയിസ്റ്റ് മിലിറ്ററി ഓപ്പറേഷൻ കമാൻഡറും ദക്ഷിണേന്ത്യയിലെ മാവോയിസ്റ്റ് മിലിറ്ററി മേധാവിയുമായിരുന്ന വിക്രം ഗൗഡ (47) പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. കർണ്ണാടകയിലെ ഹെബ്രിയിൽ നക്‌സൽ വിരുദ്ധ സേനയാണ് (എഎൻഎഫ്) ഗൗഡയെ വെടിവച്ച് കൊലപ്പെടുത്തിയത്. മണിപ്പാൽ കെ എം സി ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബുധനാഴ്‌ച ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
തിങ്കളാഴ്ച രാത്രി ഉഡുപ്പി ജില്ലയിലെ കാർക്കള ഹെബ്രി പീതബൈലു കാട്ടിലാണ് ഏറ്റുമുട്ടലുണ്ടായത്. വിക്രം ഉൾപ്പെടെ നാല് പേരാണ് സംഘത്തിലുണ്ടായിരുന്നത്. വിക്രം വെടിയേറ്റ് വീണതോടെ ഒപ്പമുണ്ടായിരുന്നവരായി കരുതുന്ന സുന്ദരി, ലത, വനജാക്ഷി എന്നിവർ രക്ഷപ്പെട്ടു. മലേകുടിയ ആദിവാസി കോളനിയിൽ മാവോയിസ്റ്റുകൾ എത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് ഡിവൈഎസ്‌പി രാഘവേന്ദ്രയുടെ നേതൃത്വത്തിൽ എഎൻഎഫ് സംഘം സ്ഥലത്ത് ക്യാംപ് ചെയ്‌തിരുന്നു. കോളനിയിലെ വീട്ടിലേക്ക് വിക്രം ഗൗഡ കയറാൻ ശ്രമിക്കുന്നതിനിടെ പൊലീസ് വളയുകയായിരുന്നു. നിലമ്പൂർ അട്ടപ്പാടി, വയനാട് മേഖലകളിൽ നിന്ന് മാർച്ച് മാസത്തോടെയാണ് വിക്രമും സംഘവും കർണാടകത്തില്‍ എത്തിയതെന്ന് കരുതുന്നു.
കർണ്ണാടക സർക്കാർ വിക്രമിന്റെ തലക്ക് രണ്ടു ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. ഇയാൾക്കെതിരെ കർണാടകയിൽ 3 കൊലപാതകങ്ങൾ ഉൾപ്പടെ 64ഉം കേരളത്തിൽ 50ഉം കേസുകളുണ്ട്.
കൂടുതൽ പേര്‍ കീഴടങ്ങിയേക്കും
വിക്രം ഗൗഡയുടെ മരണത്തോടെ മാവോയ്സിറ്റ് സംഘാംഗങ്ങളിൽ പലരും കീഴടങ്ങുമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. മാവോയിസ്റ്റ് സായുധ വിഭാഗമായ കബനിദളത്തെ നയിച്ചിരുന്നതും സുപ്രധാന തീരുമാനങ്ങൾ എടുത്തിരുന്നതും ഹെബ്രി നാട്‌പാൽ സ്വദേശിയായ വിക്രം ഗൗഡയായിരുന്നു. പൊലീസിന് വിവരങ്ങൾ കൈമാറുന്നു എന്നാരോപിച്ച് രണ്ടു നാട്ടുകാരേയും കോമ്പിങ്ങ് ഓപ്പറേഷനെത്തിയ പൊലീസ് സേനാംഗത്തേയും ഇയാൾ വധിച്ചിരുന്നു. 25 അംഗ കബനി ദളത്തിൽ ബാക്കിയുണ്ടായുന്നത് വിക്രമുൾപ്പെടെ 8 പേരായിരുന്നു. വിക്രം കൂടി പോയതോടെ ജോൺ, ടി എൻ രമേഷ്, കോട്ടെഹൊണ്ട രവി, ജിഷ (മലയാളി), വനജാക്ഷി, ലത, സുന്ദരി എന്നിവരാണ് പൊലീസിന്റെ ലിസ്റ്റിലുള്ള പ്രധാനികൾ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..