ന്യൂഡൽഹി
പാരിസ് ഒളിമ്പിക്‌സിൽ ഗുസ്‌തിമത്സരത്തിൽനിന്ന് അയോഗ്യയാക്കപ്പെട്ടതിന് പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച വിനേഷ് ഫോഗട്ട് തീരുമാനം പിൻവലിച്ചേക്കും. മെഡൽ നഷ്‌ടം തനിക്കേറ്റ ഏറ്റവും വലിയ മുറിവാണെന്നും താൻ തിരിച്ചുവന്നേക്കുമെന്നും ഹരിയാനയിലെ ജന്മനാടായ ബലേലിയില്‍ നൽകിയ വമ്പൻ സ്വീകരണത്തിൽ അവർ പറഞ്ഞു. ശനി രാവിലെ ഡൽഹിയിൽ വിമാനമിറങ്ങിയ വിനേഷ് ഇവിടെ എത്തിയത് അർധരാത്രിയാണ്. താരത്തിന് ആശംസ നേരാൻ വഴിയിലുടനീളം വൻ ജനക്കൂട്ടമെത്തി. 750 കിലോ ലഡ്ഡുവാണ് വിതരണംചെയ്‌തത്. വാളും തലപ്പാവും നോട്ടുമാലകളുംകൊണ്ട് വിനേഷിനെ ജനം പൊതിഞ്ഞു. ഗുസ്‌തിയിലേയ്‌ക്ക് കൈപിടിച്ച് നടത്തിയ അമ്മാവൻ മഹാവീർ ഫോഗട്ടിനെ കെട്ടിപ്പിടിച്ച വിനേഷ് പൊട്ടിക്കരഞ്ഞു. തനിക്ക് ലഭിച്ച സ്വീകരണം ആയിരം സ്വർണ മെഡലുകളേക്കാൾ വലുതാണെന്ന് ഫോഗട്ട് മറുപടി പ്രസംഗത്തിൽ പറഞ്ഞു. മെഡൽ നഷ്‌ടം തനിക്കേറ്റ ഏറ്റവും വലിയ മുറിവാണ്. രാജ്യവും നാടും നൽകിയ സ്വീകരണം കാണുമ്പോൾ ആ മുറിവ് ഉണക്കാനാവുമെന്ന് കരുതുന്നു. താൻ ഗുസ്‌തിയിലേയ്‌ക്ക് തിരിച്ചുവന്നേക്കും. നാട്ടിൽനിന്ന് ലഭിച്ച ഊർജ്ജം ശരിയായ ദിശയിൽ ഉപയോഗിക്കും. സ്‌ത്രീകളെ പിന്തുണയ്‌ക്കാൻ എല്ലാവരോടും ഞാൻ അഭ്യർഥിക്കുന്നു–-വിനേഷ് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..