23 December Monday
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ്

എംഎൽഎമാരിൽ 252 പേരും കോടിപതികൾ; അവർക്കിടയിൽ 51,000 രൂപയുമായി ഒരു കമ്മ്യൂണിസ്റ്റ്

വെബ് ഡെസ്‌ക്‌Updated: Sunday Oct 27, 2024

വിനോദ് നികോളെ. PHOTO: Facebook

മുംബൈ > മഹാരാഷ്ട്ര നിയമസഭയിലെ 288 നിയമസഭാം​ഗങ്ങളിൽ 252 പേരും കോടിപതികളാണെന്ന് റിപ്പോർട്ട്‌. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ), മഹാരാഷ്ട്ര ഇലക്‌ഷൻ വാച്ച് എന്നിവർ പുറത്തുവിട്ട റിപ്പോർട്ടിലാണ്‌ എംഎൽഎമാരുടെ സാമ്പത്തിക ആസ്‌തി വ്യക്തമാക്കിയത്‌. ഇത്രയും പേർ കോടിപതികളായിട്ടും സംസ്ഥാനത്തെ ഒരു എംഎൽഎയുടെ ആസ്‌തി 51,000 രൂപ മാത്രമാണ്‌. ദഹാനുവിലെ സിപിഐ എം എംഎൽഎ വിനോദ് നികോളെയാണ് കോടിപതികൾക്കിടയിൽ പ്രവർത്തിക്കുന്ന ആ എംഎൽഎ.

സംസ്ഥാനത്തെ എംഎൽഎമാരിൽ ഏറ്റവും കുറവ്‌ ആസ്തിയുള്ളതും വിനോദ്‌ നികോളെയ്‌ക്ക് തന്നെയാണ്‌. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലാണ്‌ ബിജെപിയുടെ കൈയിലുണ്ടായിരുന്ന സീറ്റ്‌ പിടിച്ചെടുത്ത്‌ വിനോദ്‌ നികോളെ സിപിഐ എം സ്ഥാനാർത്ഥിയായി വിജയിക്കുന്നത്. കഴിഞ്ഞ അഞ്ച്‌ വർഷത്തെ കണക്കെടുത്ത്‌ നോക്കിയാൽ നിയമസഭയിൽ ഏറ്റവും കൂടുതൽ ചോദ്യങ്ങൾ ഉന്നയിച്ചതും വിനോദാണ്. സിഐടിയു പാൽഘാർ ജില്ലാ സെക്രട്ടറി കൂടിയാണ്‌ വിനോദ്.

മഹാരാഷ്ട്രയില്‍ ബിജെപിയുടെ സിറ്റിംഗ് എംഎല്‍എ പാസ്‌കല്‍ ദനാരെയെ തകര്‍ത്ത് ദഹാനു മണ്ഡലത്തില്‍ ചെങ്കൊടി പാറിച്ച വിനോദ് നികോളെ ഭിവ ഐതിഹാസികമായ മഹാരാഷ്ട്ര കര്‍ഷക സമരത്തിലെ മുന്നണി പോരാളി ആയിരുന്നു. 40,000 കര്‍ഷകര്‍ തങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ ചുട്ടുപൊള്ളുന്ന വെയിലില്‍ 200 കിലോമീറ്ററോളം നടന്നപ്പോള്‍ തളര്‍ന്നുവീഴാതെ അവരെ നയിച്ചവരില്‍ നികോളെ മുന്നില്‍ തന്നെയുണ്ടായിരുന്നു.



ദരിദ്ര ആദിവാസി കര്‍ഷക കുടുംബത്തില്‍ പിറന്ന നികോളെ ദീര്‍ഘകാലം ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മറ്റി അംഗമായിരുന്നു. 20 വര്‍ഷമായി സിപിഐ എമ്മിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തകനാണ്. പട്ടികവര്‍ഗ സംവരണ മണ്ഡലമായ ദഹാനുവില്‍  4742 വോട്ടുകള്‍ക്കാണ് വിനോദ് നികോളെ പാസ്‌കല്‍ ദനാരെയെ തോല്‍പ്പിച്ചത്.

1978 ലാണ് ആദ്യമായി സിപിഐ എം ദഹാനു മണ്ഡലത്തില്‍ നിന്നും വിജയം നേടിയത്. ആദ്യഘട്ടത്തില്‍ ജവ്ഹാര്‍ മണ്ഡലമായിരുന്നത് പിന്നീട് ദഹാനുവാകുകയായിരുന്നു. 2009ലും സിപിഐ എം സ്ഥാനാർത്ഥിക്കായിരുന്നു വിജയം. 2014ൽ പരാജയപ്പെട്ടു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലും ദഹാനുവിൽ വിനോദ് നികോളെയാണ് സിപിഐ എം സ്ഥാനാർത്ഥി.

ഒരാളുടെ ശരാശരി ആസ്തി 24.38 കോടി


നവംബർ 20ന്‌ മഹാരാഷ്‌ട്രയിൽ നിയമസഭ തെരഞ്ഞെടുപ്പ്‌ നടക്കാനിരിക്കെയാണ്‌ എംഎൽഎമാരുടെ സാമ്പത്തിക ആസ്ഥിയെ കുറിച്ചുള്ള പഠനം പുറത്തുവന്നത്. ഘാ‍ഡ്കോപർ ഈസ്റ്റിലെ ബിജെപി എംഎൽഎ പരാഗ് ഷായാണ് എംഎൽഎമാരിലെ അതിസമ്പന്നൻ. 500 കോടിയിലേറെ രൂപയാണ് ഇദ്ദേഹത്തിന്റെ ആസ്തി. നിയമസഭയിലെ ഒരാളുടെ ശരാശരി ആസ്തി 24.38 കോടി രൂപയാണ്‌.

അതേസമയം, എംഎൽഎമാരിൽ 164 പേർ ക്രിമിനൽ പശ്ചാത്തലമുള്ളവരാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. അവരിൽ 106 പേർ ഗുരുതര ക്രിമിനൽ പശ്ചാത്തലമുള്ളവരാണ്. ബിജെപിയിലാണ് ക്രിമിനലുകളുടെ എണ്ണം കൂടുതൽ. 62 ബിജെപി എംഎൽഎമാർക്കാണ് ക്രിമിനൽ പശ്ചാത്തലമുള്ളത്. മഹാരാഷ്ട്ര നിയമസഭയിൽ ബിജെപിക്ക് ആകെ 102 എംഎൽഎമാരാണുള്ളത്. നിയമസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയും ബിജെപിയാണ്.
പരാഗ് ഷാ

പരാഗ് ഷാ



എംഎൽഎമാരുടെ വിദ്യാഭ്യാസ യോ​ഗ്യത സംബന്ധിച്ച റിപ്പോർട്ടും ഇതോടൊപ്പം പുറത്തുവിട്ടിട്ടുണ്ട്. 109 എംഎൽഎമാർക്ക് അഞ്ചാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ മാത്രമാണ് വിദ്യാഭ്യാസ യോ​ഗ്യത. എംഎൽഎമാരുടെ 40 ശതമാനത്തോളം വരും ഇവരുടെ അം​ഗബലം. പകുതിയോളം എംഎൽഎമാർ 51 വയസിനും 70 വയസിനും ഇടയിലുള്ളവരാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. 139 എംഎൽഎമാരാണ് ഈ പ്രായപരിധിയിൽ വരുന്നത്. 25നും 30നും ഇടയിൽ പ്രായമുള്ളവർ 6 പേർ മാത്രം. 31നും 40 വയസ്സിനിടയിലുള്ളവർ 34 പേരാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top