22 November Friday

വഖഫ്‌ നിയമഭേദഗതി: ചെറുക്കാന്‍ പ്രതിപക്ഷ പാർടികൾ

സ്വന്തം ലേഖകൻUpdated: Tuesday Aug 6, 2024

ന്യൂഡൽഹി > വഖഫ് ബോര്‍ഡുകളുടെ അധികാരം വെട്ടിക്കുറയ്ക്കാന്‍ നിയമ ഭേദഗതി കൊണ്ടുവരാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരായി പ്രതിപക്ഷ പാർടികൾ രംഗത്ത്‌. മതാടിസ്ഥാനത്തിലുള്ള വിഘടനമാണ്‌ ബിജെപി ലക്ഷ്യമിടുന്നതെന്ന്‌ പ്രതിപക്ഷം ചൂണ്ടിക്കാട്ടി.

ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ കൂടുതൽ കവരുന്നതാണ്‌ ബില്ലെന്നും നീക്കത്തെ എതിർക്കുമെന്നും സമാജ്‌വാദി പാർടി നേതാവ്‌ അഖിലേഷ്‌ യാദവ്‌ പറഞ്ഞു. ഹിന്ദുക്കളെയും മുസ്ലിങ്ങളെയും ഭിന്നിപ്പിക്കുക എന്നതാണ്‌ ബിജെപിയുടെ ഏക അജൻഡ. മുസ്ലിങ്ങൾക്ക്‌ ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ പോലും നിഷേധിക്കപ്പെടുകയാണ്‌–- അഖിലേഷ്‌ പറഞ്ഞു. 

ബിജെപിയുടേത്‌ വിഘടിന രാഷ്ട്രീയമാണെന്ന്‌ സിപിഐ എം എംപി അമ്രാ റാം പറഞ്ഞു. വിഘടിത രാഷ്ട്രീയം തുടരാൻ തന്നെയാണ്‌ ബിജെപിയുടെ തീരുമാനമെങ്കിൽ 2024 ലേതിനേക്കാൾ വലിയ തിരിച്ചടി അവർക്ക്‌ നേരിടേണ്ടിവരും–- അമ്രാ റാം പറഞ്ഞു. ജെഎംഎം, എൻസിപി, ശിവസേനാ ഉദ്ധവ്‌ താക്കറെ പക്ഷം തുടങ്ങിയ കക്ഷികളും രംഗത്തുവന്നു.

അതേസമയം മുസ്ലിം സമുദായത്തിൽ നിന്നുതന്നെ ഉയർന്നുവന്നിട്ടുള്ള അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിലാണ്‌ ഭേദഗതിയെന്നാണ്‌ ബിജെപി നേതാക്കളുടെ വാദം.  നാൽപ്പതോളം ഭേദഗതികളുള്ള വഖഫ്‌ ഭേദഗതി ബില്ലിന്‌ കഴിഞ്ഞ വെള്ളിയാഴ്‌ച മന്ത്രിസഭാ യോഗം അംഗീകാരം നൽകി. വഖഫ്‌ സ്വത്തുക്കൾ തന്നെയാണോ എന്ന്‌ ഉറപ്പാക്കാൻയി ജുഡീഷ്യൽ പരിശോധന. വഖഫ്‌ സ്വത്തുക്കളും മൂല്യനിർണയത്തിനായി ജില്ലാ കളക്ടർമാർ മുമ്പാകെ ബന്ധപ്പെട്ട വഖഫ്‌ ബോർഡുകൾ രജിസ്‌റ്റർ ചെയ്യണം–- തുടങ്ങിയ ഭേദഗതികളാണുള്ളത്‌.

കേന്ദ്രനീക്കം ദുരുദ്ദേശ്യത്തോടെ

 വഖഫ് ബോര്‍ഡുകളുടെ അധികാരം വെട്ടിക്കുറയ്ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം ദുരുദ്ദേശ്യപരമാണ്. രാജ്യത്തുള്ള ആയിരക്കണക്കിന് മസ്ജിദും ദര്‍​ഗയും  ഉള്‍പ്പെടുന്ന സ്വത്തുക്കളെ സാരമായി ബാധിക്കും. ന്യൂനപക്ഷത്തിന്റെ താല്‍പ്പര്യത്തിനുമേല്‍ അസ്തിത്വഭീഷണി ഉയര്‍ത്തുന്ന നടപടിയാണിത്. കേന്ദ്രം നിര്‍​ദേശിച്ച ഭേദ​ഗതി നടപ്പാക്കുന്നതിനുമുമ്പ് മതസംഘടനകളുമായും നേതാക്കളുമായും ചര്‍ച്ച നടത്തണം.  എന്‍ അലി അബ്ദുള്ള (കേരള സ്റ്റേറ്റ് ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാന്‍)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top