19 September Thursday

പ്രതിപക്ഷ പ്രതിഷേധം: വഖഫ് ബിൽ സംയുക്ത പാർലമെന്ററി സമിതിക്ക് വിട്ടു

വെബ് ഡെസ്‌ക്‌Updated: Thursday Aug 8, 2024


ന്യൂഡൽഹി
വഖഫ്‌ ബോര്‍ഡുകളുടെ അധികാരം വെട്ടിക്കുറയ്ക്കാൻ മോദിസർക്കാർ കൊണ്ടുവന്ന ദേഭഗതി ബില്ലിനെ പാർലമെന്റിൽ ഒറ്റക്കെട്ടായി എതിർത്ത്‌ ഇന്ത്യാ കൂട്ടായ്‌മ. ഭിന്നിപ്പ്‌ ലക്ഷ്യമിടുന്നതും ഭരണഘടന തത്വങ്ങൾ ലംഘിക്കുന്നതുമായ ബിൽ പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന്‌ സംയുക്ത പാർലമെന്ററി സമിതിയുടെ (ജെപിസി) പരിശോധനയ്‌ക്ക്‌ വിട്ടു. സമിതി രൂപീകരിക്കാൻ എല്ലാ പാർടികളുമായും സ്‌പീക്കർ ഓം ബിർള യോഗം ചേരും. ബിൽ അവതരണം തടയണമെന്നാവശ്യപ്പെട്ട്‌ പ്രതിപക്ഷ എംപിമാർ നോട്ടീസ്‌ നൽകിയിരുന്നു. ബിൽ സ്ഥിരം സമിതിക്ക്‌ വിടണമെന്ന്‌ സിപിഐ എം ആവശ്യപ്പെട്ടിരുന്നു.

ന്യൂനപക്ഷമന്ത്രി കിരൺ റിജിജു ബിൽ അവതരണം ആരംഭിച്ചപ്പോൾ തന്നെ പ്രതിപക്ഷം കടുത്ത പ്രതിഷേധമുയർത്തി. ഭേദഗതികൾ ഫെഡറൽ തത്വങ്ങൾക്കും ഭരണഘടന ഉറപ്പ്‌ നൽകുന്ന അവകാശങ്ങൾക്കും വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി. ആരുടെയും അവകാശം കവരാനല്ല ബില്ലെന്ന്‌ റിജിജു പ്രതിരോധിച്ചെങ്കിലും പ്രതിഷേധം ശക്തമായതോടെ ജെപിസിക്ക്‌ വിടാൻ നിർബന്ധിതമായി.

1995ലെ കേന്ദ്രവഖഫ്‌ നിയമത്തില്‍ നാൽപ്പതോളം ഭേദ​ഗതി നിര്‍ദേശിക്കുന്നതാണ്‌ ബിൽ. വസ്തുവകകള്‍ വഖഫ്‌  സ്വത്തായി പ്രഖ്യാപിക്കാനുള്ള ബോര്‍ഡിന്റെ അധികാരം വെട്ടിക്കുറയ്ക്കുന്നതും വഖഫ്‌ സ്വത്തുക്കളില്‍ ജില്ലാ മജിസ്ട്രേറ്റുമാരുടെ നിരീക്ഷണം ഏര്‍പ്പെടുത്തുന്നതുമാണ്‌ ബില്ലിലെ വ്യവസ്ഥകൾ. മുസ്ലിങ്ങളെ ലക്ഷ്യമിട്ടാണ്‌ ഈ നീക്കമെന്ന്‌ സിപിഐ എം ലോക്‌സഭ കക്ഷിനേതാവ്‌ കെ രാധാകൃഷ്‌ണൻ പറഞ്ഞു.

സംസ്ഥാനങ്ങളുമായോ മുസ്ലിം സംഘടനകളുമായോ കൂടിയാലോചന പോലും നടത്താതെയാണ്‌ ബിൽ കൊണ്ടുവന്നത്‌. വഖഫ്‌ സ്വത്തുക്കൾ കൈക്കലാക്കാനുള്ള കേന്ദ്രസർക്കാർ നീക്കമാണിതെന്നും അദ്ദേഹം പറഞ്ഞു. ബിജെപി നേതാക്കൾക്ക്‌ സ്വത്ത്‌ കൈക്കലാക്കാൻ കൊണ്ടുവന്ന ബില്ലാണിതെന്ന്‌ എസ്‌പി അധ്യക്ഷൻ അഖിലേഷ്‌ യാദവ്‌ ചൂണ്ടിക്കാട്ടി.

ബില്ലിലെ വിവരം മാധ്യമങ്ങളിലൂടെയാണ്‌ അറിഞ്ഞതെന്നും ഇത്‌ പുതിയ രീതി ആണോയെന്നും എൻസിപി നേതാവ്‌ സുപ്രിയ സുലെ ചോദിച്ചു. രാജ്യസഭയിലും ബിൽ അവതരണത്തിനെതിരെ പ്രതിപക്ഷം നോട്ടീസ്‌ നൽകിയിരുന്നു.

ബിൽ പിൻവലിക്കുന്നതിനെതിരെ 
ബ്രിട്ടാസ്‌ നോട്ടീസ്‌ നൽകി
അനധികൃതമായി വഖഫ് സ്വത്തുകൾ കയ്യേറിയവരെ ഒഴിപ്പിച്ച്‌ സ്വത്ത്‌ തിരിച്ചെടുക്കാൻ അധികാരം നൽകുന്ന 2014ലെ ബിൽ പിൻവലിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ രാജ്യസഭയിൽ ജോൺ ബ്രിട്ടാസ്‌ നോട്ടീസ്‌ നൽകി. അന്യാധീനപ്പെട്ട സ്വത്തുക്കൾ തിരിച്ചെടുക്കുന്നതിനുള്ള കർശന വ്യവസ്ഥകൾ ഉൾക്കൊള്ളുന്ന 2014ലെ വഖഫ് സ്വത്തുക്കൾ (അനധികൃതമായി താമസിക്കുന്നവരുടെ ഒഴിപ്പിക്കൽ) ബിൽ പിൻവലിക്കാനാണ്‌ നീക്കം. ഇത്‌ സംബന്ധിച്ച പ്രമേയം കേന്ദ്രന്യൂനപക്ഷ മന്ത്രി കിരൺ റിജിജു അവതരിപ്പിച്ചു.

സച്ചാർ കമ്മിറ്റി, വഖഫിനെ സംബന്ധിച്ചുള്ള ജോയിന്റ് പാർലമെൻററി കമ്മിറ്റി,  രാജ്യസഭാ സെലക്ട് കമ്മിറ്റി, നിയമമന്ത്രാലയം എന്നിവയുടെ ശുപാർശകളുടെ അടിസ്ഥാനത്തിൽ തയാറാക്കിയതായിരുന്നു ബിൽ. പത്തുവർഷം കഴിഞ്ഞിട്ടും   പാസാക്കാൻ കേന്ദ്രസർക്കാർ ശ്രമിച്ചില്ല. അതേസമയം, വഖഫ്‌ സ്വത്തുക്കളെ പ്രതിലോമകരമായി ബാധിക്കുന്ന മറ്റൊരു ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു. ഇത്‌ കേന്ദ്രത്തിന്റെ ഇരട്ടത്താപ്പാണ്‌ വെളിപ്പെടുത്തുന്നതെന്നും ബ്രിട്ടാസ്‌ പറഞ്ഞു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top