ന്യൂഡൽഹി
കേന്ദ്രസർക്കാർ കൊണ്ടുവന്ന വഖഫ് ഭേദഗതി ബില്ലിനെക്കുറിച്ച് പഠിക്കാൻ നിയോഗിക്കപ്പെട്ട സംയുക്ത പാർലമെന്ററി സമിതിയുടെ മൂന്നാം യോഗം വ്യാഴം, വെള്ളി ദിവസങ്ങളിലായി ചേർന്നു. നഗരവികസനം, റെയിൽവെ, റോഡുഗതാഗതം തുടങ്ങിയ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥർ സമിതിക്ക് മുമ്പാകെ ഹാജരായി അഭിപ്രായങ്ങൾ അറിയിച്ചു. ജെപിസിയിലെ പ്രതിപക്ഷാംഗങ്ങളുടെ പല ചോദ്യങ്ങൾക്കും മറുപടി നൽകാൻ ഉദ്യോഗസ്ഥർക്കായില്ല. കൂടുതൽ സാവകാശം തേടിയ ഉദ്യോഗസ്ഥർ മറുപടി രേഖാമൂലം അംഗങ്ങൾക്ക് കൈമാറാമെന്ന് അറിയിച്ചു.
റെയിൽവെയുമായി തർക്കത്തിലുള്ള നിരവധി വഖഫ് സ്വത്തുക്കൾ കേസുകളിലൂടെ നേടിയെടുക്കാനായെന്ന് ഉദ്യോഗസ്ഥർ അവകാശപ്പെട്ടു. എന്നാൽ എത്ര സ്വത്തുക്കൾ നേടാനായെന്ന ചോദ്യത്തിന് കൃത്യമായ മറുപടിയുണ്ടായില്ല. വേണ്ടത്ര തയ്യാറെടുപ്പില്ലാതെയാണ് ഉദ്യോഗസ്ഥർ സമിതി മുമ്പാകെ എത്തിയതെന്ന് പ്രതിപക്ഷാംഗങ്ങൾ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..