20 October Sunday

ആളെ തട്ടിക്കൊണ്ടുപോകൽ: വികാസ് യാദവ് ഡിസംബറിൽ 
അറസ്റ്റിലായി; ഇപ്പോൾ ജാമ്യത്തിൽ

പ്രത്യേക ലേഖകൻUpdated: Sunday Oct 20, 2024

ന്യൂഡൽഹി> സിഖ്‌ ഫോർ ജസ്റ്റിസ്‌ തലവൻ ഗുർപട്‌വന്ത്‌ സിങ്‌ പന്നുവിനെ വധിക്കാൻ ശ്രമിച്ച കേസിൽ അമേരിക്ക വാറന്റ്‌ പുറപ്പെടുവിച്ച ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസി (റോ) മുൻ ഉദ്യോഗസ്ഥൻ വികാസ്‌ യാദവ്‌ തട്ടിക്കൊണ്ടുപോകൽ കേസിൽ കഴിഞ്ഞവർഷം തന്നെ ഡൽഹി പൊലീസിന്റെ പിടിയിലായി.

ഡൽഹി രോഹിണി സ്വദേശിയായ ഐടി വ്യവസായിയുടെ പരാതിയിൽ 2023 ഡിസംബർ 18നാണ്‌ യാദവിനെ ഡൽഹി പൊലീസിന്റെ പ്രത്യേക സെൽ അറസ്‌റ്റുചെയ്‌തത്‌. തിഹാർ ജയിലായിരുന്ന യാദവിന്‌ ഇക്കൊല്ലം ഏപ്രിൽ 22ന്‌ ജാമ്യം ലഭിച്ചു. പന്നു വധശ്രമക്കേസിൽ യാദവിന്‌ ബന്ധമുണ്ടെന്ന്‌ കഴിഞ്ഞ നവംബറിലാണ് അമേരിക്ക ആദ്യമായി ആരോപണം ഉന്നയിച്ചത്. പശ്ചിമേഷ്യയിൽ ബിസിനസ്സുള്ള വ്യവസായിയെ കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥനെന്ന പേരിൽ കഴിഞ്ഞവർഷം നവംബറിലാണ്‌ യാദവ്‌ പരിചയപ്പെട്ടത്‌. വ്യവസായിയെ ഡിസംബർ 11ന്‌ ഡൽഹി ലോധി റോഡിലേക്ക്‌ വിളിച്ചുവരുത്തിയശേഷം തട്ടിക്കൊണ്ടുപോയി.

ഡിഫൻസ്‌ കോളനിയിലെ ഫ്‌ളാറ്റിൽ പാർപ്പിച്ച്‌ മോചനദ്രവ്യം ആവശ്യപ്പെട്ടുവെന്നായിരുന്നു പരാതി. വ്യവസായിയെ വധിക്കാൻ അധോലോക നേതാവ്‌ ലോറൻസ്‌ ബിഷ്‌ണോയ്‌ കരാർ നൽകിയിട്ടുണ്ടെന്ന്‌ ഭീഷണിപ്പെടുത്തിയെങ്കിലും ആഭരണങ്ങൾ കവർന്നശേഷം പിന്നീട്‌ മോചിപ്പിച്ചു. തുടർന്ന്‌ വ്യവസായി പരാതി നൽകുകയായിരുന്നു.

റോയിൽ ജോലി ചെയ്‌തിരുന്ന യാദവിനെതിരെ ന്യൂയോർക്ക്‌ കോടതി അറസ്‌റ്റ്‌ വാറന്റ്‌ ഇറക്കിയത്‌ വാടകക്കൊലയാളികളെ ഏർപ്പാടാക്കൽ, ഗൂഢാലോചന, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കുറ്റങ്ങളുടെ പേരിലാണ്‌. പന്നുവിനെ അമേരിക്കയിൽവച്ച്‌ വധിക്കാൻ നിഖിൽ ഗുപ്‌ത എന്നയാളുമായി ചേർന്ന്‌ വാടകക്കൊലയാളികളെ ഏർപ്പാടാക്കിയെന്നാണ്‌ കേസ്‌. നിഖിൽ ഗുപ്‌ത നിലവിൽ അമേരിക്കയുടെ കസ്റ്റഡിയിലാണ്‌. ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ച പന്നുവിന്‌ അമേരിക്കയിലും കാനഡയിലും പൗരത്വമുണ്ട്‌. സിഖ്‌ വിഘടനവാദി ഹർദീപ്‌ സിങ്‌ നിജ്ജാർ കാനഡയിൽ കൊല്ലപ്പെട്ട കേസിനെ തുടർന്ന്‌ ഇന്ത്യ–- കാനഡ ബന്ധം വഷളായിരിക്കെയാണ്‌ പന്നു വധശ്രമ കേസിലും പുതിയ സംഭവവികാസങ്ങൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top