23 October Wednesday

വൈവാഹിക ബലാത്സംഗം ക്രിമിനൽ കുറ്റമാക്കണം; വാദം പുതിയ ബെഞ്ചിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Wednesday Oct 23, 2024

ന്യൂഡൽഹി> വൈവാഹിക ബലാത്സംഗം കുറ്റകരമാക്കണന്ന ഹർജികൾ മാറ്റിവെച്ച്‌ സുപ്രീംകോടതി.  ഭർത്താക്കൻമാർക്ക് അനുവദിച്ച ഇളവ് ചോദ്യം ചെയ്തുള്ള ഹർജികളുടെ വാദമാണ്‌ നാലാഴ്‌ചത്തേയ്‌ക്ക്‌  ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് മാറ്റിവെച്ചത്‌. നവംബർ പത്തിന് ഡി വൈ ചന്ദ്രചൂഢ് വിരമിക്കും. അതിനുമുമ്പ്‌ ഹർജികളിൽ തീരുമാനമാക്കാൻ സാധിക്കില്ല എന്ന്‌ കരുതിയാണ്‌ വാദം കേൾക്കൽ മാറ്റിയത്.

ജസ്റ്റിസുമാരായ  മനോജ് മിശ്ര, ജെ ബി പർദിവാല എന്നിവരാണ് ബെഞ്ചിലെ മറ്റു അംഗങ്ങൾ. ഹർജികൾ നാലാഴ്ചക്ക് ശേഷം മറ്റൊരു ബെഞ്ചായിരിക്കും പരിഗണിക്കുക.
ദീപാവലി അവധിക്ക് മുമ്പ് വാദം കേൾക്കൽ പൂർത്തിയായില്ലെങ്കിൽ വിധി പറയാൻ സാധിക്കി​ല്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. 2023 ജനുവരി മുതലാണ്‌ വൈവാഹിക ബലാത്സംഗവുമായി ബന്ധപ്പെട്ട്‌  വിവിധ കോടതികളിലായി നടന്നിരുന്ന കേസുകൾ സുപ്രീംകോടതി ഒരുമിച്ചു പരിഗണിക്കുന്നത്‌. വിവാഹശേഷം ഉഭയസമ്മതപ്രകാരമല്ലാത്ത ലൈംഗികബന്ധത്തെ ക്രിമിനല്‍ കുറ്റമാക്കരുതെന്ന് സുപ്രീംകോടതിയില്‍ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിരുന്നു.

വിഷയത്തിൽ നാല്‌ ഹർജികളാണ് സുപ്രീംകോടതിക്കു മുന്നിലുള്ളത്. ഡൽഹി ഹൈക്കോടതി പുറപ്പെടുവിച്ച വിധിക്കെതിരായ അപ്പീൽ, വൈവാഹിക ബലാത്സംഗത്തിനെതിരെ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജികൾ, സമ്മതമില്ലാതെ ഭാര്യയെ ലൈംഗികബന്ധത്തിനു വിധേയമാക്കിയ ഭർത്താവിനെതിരെ കുറ്റംചുമത്തിയുള്ള കർണാടക ഹൈക്കോടതി വിധിക്കെതിരായ അപ്പീൽ വൈവാഹിക ബലാത്സംഗം ക്രിമിനൽ കുറ്റമാക്കണമെന്ന ആവശ്യത്തിനെതിരായ തടസഹർജികൾ എന്നിവയാണവ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top