മുംബൈ> വരാനിരിക്കുന്ന മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ അനുകൂലമായി വോട്ട് ചെയ്തില്ലെങ്കിൽ മഹാരാഷ്ട്ര സർക്കാരിന്റെ 'ലഡ്‌കി ബഹിൻ' പദ്ധതി പ്രകാരം സ്ത്രീകൾക്ക് വിതരണം ചെയ്യുന്ന ഫണ്ട് തിരികെ എടുക്കുമെന്ന് സൂചിപ്പിച്ച് സ്വതന്ത്ര എംഎൽഎയും എൻഡിഎ സഖ്യകക്ഷിയുമായ രവി റാണ.
റാണയുടെ പരാമർശത്തോട് പ്രതികരിച്ച കോൺഗ്രസും എൻസിപിയും (എസ്‌പി) പദ്ധതിയെ രാഷ്ട്രീയ പ്രേരിതമാണെന്ന് വിശേഷിപ്പിച്ചു.
സംസ്ഥാനത്തെ 21 മുതൽ 65 വയസുവരെയുള്ള യോഗ്യരായ സ്ത്രീകൾക്ക് പ്രതിമാസം 1,500 രൂപ നൽകുന്ന പദ്ധതിയാണ് 'മുഖ്യമന്ത്രി മജ്ഹി ലഡ്കി ബഹിൻ യോജന'. മഹായുതി സർക്കാരിന്റെ കാലത്ത് ആരംഭിച്ച പദ്ധതിയാണിത്.
'തെരഞ്ഞെടുപ്പിന് ശേഷം, തുക 1,500 രൂപയിൽ നിന്ന് 3,000 രൂപയായി ഉയർത്താൻ ഞാൻ ശ്രമിക്കും. ഞാൻ നിങ്ങളുടെ സഹോദരനാണ്. എന്നാൽ നിങ്ങൾ ഇപ്പോൾ അനുഗ്രഹിച്ചില്ലെങ്കിൽ, നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 1,500 രൂപ ഞാൻ തിരിച്ചെടുക്കും,' തിങ്കളാഴ്ച അമരാവതിയിൽ വെച്ച് നടന്ന ഒരു പൊതുപരിപാടിയിൽ സംസാരിക്കവെയാണ് റാണയുടെ വിവാദ പ്രസംഗം ഉണ്ടായത്.
എന്നാൽ താൻ പറഞ്ഞത് തമാശയാണെന്നും ആ സമയം സ്ത്രീകൾ ചിരിക്കുകയായിരുന്നെന്നും സംഭവം വിവാദമായതോടെ റാണ പ്രതികരിച്ചു. പ്രതിപക്ഷ നേതാക്കളാണ് ഈ പ്രശ്നത്തെ വഷളാക്കിയതെന്നും റാണ അഭിപ്രായപ്പെട്ടു.
റാണയുടെ ഭാര്യയും മുൻ എംപിയുമായ നവനീത് റാണ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അമരാവതി പാർലമെന്റ് സീറ്റിൽ നിന്ന് ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച് പരാജയപ്പെട്ടിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..