ന്യൂഡല്‍ഹി> ജോലിസ്ഥലത്തെ മാനസികപീഡനമാണ് ബാങ്ക് ജീവനക്കാരിയുടെ ആത്മഹത്യയ്ക്ക് കാരണമെന്ന് പൊലീസ്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് സ്വദേശി ശിവാനി ത്യാഗി(27) ജീവനൊടുക്കിയ സംഭവത്തിലാണ് പൊലീസിന്റെ വെളിപ്പെടുത്തല്‍.
ആറുമാസത്തോളമായി സഹപ്രവര്‍ത്തകർ യുവതിയെ ജോലിസ്ഥലത്ത് വച്ച് കളിയാക്കുകയും ബോഡിഷെയ്‌മിങ് നടത്തുകയും ചെയ്‌തിരുന്നു.
നോയിഡയിലെ ആക്‌സിസ് ബാങ്ക് ശാഖയില്‍ കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് മാനേജരായിരുന്നു ശിവാനി. വെള്ളിയാഴ്ചയാണ് യുവതിയെ വീട്ടില്‍ ജീവനൊടുക്കിയനിലയില്‍ കണ്ടെത്തിയത്. യുവതിയുടെ മുറിയില്‍നിന്ന് ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെടുത്തു. ഓഫീസിൽ താന്‍ നേരിട്ട പീഡനങ്ങളെക്കുറിച്ച് കുറിപ്പില്‍ ശിവാനി വിശദീകരിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
അഞ്ച് സഹപ്രവര്‍ത്തകരുടെ പേരുകളും ആത്മഹത്യാക്കുറിപ്പില്‍ ശിവാനി സൂചിപ്പിച്ചിട്ടുണ്ട്. ഇവര്‍ക്ക് വധശിക്ഷ നല്‍കണമെന്നും ശിവാനി കുറിപ്പിലെഴുതിയിരുന്നു.
ആദ്യമൊന്നും ശിവാനി ഓഫീസിലെ പ്രശ്‌നങ്ങൾ വീട്ടിൽ പറഞ്ഞിരുന്നില്ലയെന്നും ഉപദ്രവം കൂടിയതിനെ തുടർന്നാണ് പ്രശ്‌നങ്ങൾ വീട്ടിൽ പറഞ്ഞതെന്നും ബന്ധുക്കൾ പൊലീസിനോട് പറഞ്ഞു.
ശിവാനിയുടെ വസ്ത്രധാരണം,സംസാരശൈലി, ഭക്ഷണശീലങ്ങള്‍ എന്നിവയെല്ലാം പറഞ്ഞ് ഓഫീസിലെ ഒരു യുവതി പരിഹസിച്ചിരുന്നതായി സഹോദരൻ ഗൗരവും പറഞ്ഞു. പല പേരുകള്‍ വിളിച്ചും ഇവർ സഹോദരിയെ കളിയാക്കിയിരുന്നെന്നും സഹോദരന്‍ ആരോപിച്ചു. ഇതേ തുടർന്ന് ജോലിയില്‍നിന്ന് രാജിവെക്കാന്‍ ശിവാനി ശ്രമിച്ചിരുന്നെങ്കിലും കമ്പനി അധികൃതര്‍ രാജിക്കത്ത് സ്വീകരിച്ചില്ല. ഒരിക്കൽ ജോലിസ്ഥലത്തു വച്ച് ശിവാനിയും ഈ സ്‌ത്രീയും തമ്മിൽ തർക്കമുണ്ടാകുകയും ശിവാനി അവരെ അടിക്കുകയും ചെയ്തിരുന്നു. തുടർന്ന് കമ്പനി ശിവാനിക്ക് പിരിച്ചു വിടൽ നോട്ടീസ് നൽകിയിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..