ലഖ്‌നൗ> ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മോശം പരാമർശത്തിനെ പരിഹസിച്ച് സമാജ്‌വാദി പാർടി(എസ്പി) അധ്യക്ഷൻ അഖിലേഷ് യാദവ്. വസ്ത്രമല്ല, വാക്കുകളാണ് ഒരാളെ യോഗിയാക്കുന്നത് എന്നാണ് അഖിലേഷ് മാധ്യമപ്രവർത്തകരോട് പറഞ്ഞത്. മഹാരാഷ്ട്ര, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് യോഗങ്ങളിലാണ് ആദിത്യനാഥ് 'ഹിന്ദുക്കളെ വിഭജിച്ചാൽ അവരെ കശാപ്പ് ചെയ്യും'(ബാടേംഗേ തു കാടേംഗേ) എന്ന പരാമർശം വ്യാപകമായി ഉപയോഗിച്ചത്.
"ഒരു മഹാനായ സന്യാസി എപ്പോഴും കുറച്ച് സംസാരിക്കും, എപ്പോഴൊക്കെ സംസാരിക്കുന്നുവോ അത് ജനങ്ങളുടെ ക്ഷേമത്തിനായായിരിക്കും. എന്നാൽ ഇവിടെ എല്ലാം തലകീഴായിരിക്കുന്നു, ഒരു വ്യക്തി എല്ലാവരിലും മീതെ അവനവനെ പരിഗണിക്കുമ്പോൾ എങ്ങനെ യോഗിയാണെന്ന് അവകാശപ്പെടാൻ കഴിയും," എന്നും അദ്ദേഹം ചോദിച്ചു.
നോട്ടീസ് നൽകാതെ ഒരാളുടെ വീട് പൊളിച്ചുമാറ്റിയ കേസിൽ യുപി സർക്കാരിന് സുപ്രിംകോടതി 25 ലക്ഷം രൂപ പിഴ ചുമത്തിയതിനെയും അഖിലേഷ് യാദവ് പരാമർശിച്ചു, ബുൾഡോസർ ഉപയോഗിച്ചതിന് സുപ്രിംകോടതി ഇതിന് മുമ്പ് ഒരു സർക്കാരിനും പിഴ ചുമത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.'ഹിന്ദുക്കളെ വിഭജിച്ചാൽ അവരെ കശാപ്പ് ചെയ്യും' തുടങ്ങിയ പരാമർശങ്ങളിൽ രാജ്യത്തെ ജനങ്ങൾ തളരില്ലെന്ന് അഖിലേഷ് നേരത്തെ പറഞ്ഞിരുന്നു. ബ്രിട്ടീഷുകാരെപ്പോലെ ബിജെപിയും ഭിന്നിപ്പിച്ച് ഭരിക്കുന്നതിലാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..