27 November Wednesday

കേന്ദ്രത്തിന്‌ താക്കീത് ; തൊഴിലാളി കർഷക അഖിലേന്ത്യ പ്രക്ഷാേഭം

വെബ് ഡെസ്‌ക്‌Updated: Wednesday Nov 27, 2024

ഹരിയാന ഭിവാനിയിൽ കിസാൻസഭ ഫിനാൻസ്‌ സെക്രട്ടറി പി കൃഷ്‌ണപ്രസാദിന്റെ നേതൃത്വത്തിൽ നടന്ന ധർണ
 ഫോട്ടോ: പി വി സുജിത്


ന്യൂഡൽഹി
അതിസമ്പന്നരെയും കോർപറേറ്റുകളെയും മാത്രം പരിപോഷിപ്പിക്കുന്ന മോദിസർക്കാർ നയങ്ങൾക്കെതിരെ തൊഴിലാളികളും കർഷകരും രാജ്യവ്യാപകമായി ഉയർത്തിയ പ്രതിഷേധത്തിൽ ജനലക്ഷങ്ങൾ അണിനിരന്നു. 500ൽപരം ജില്ലാകേന്ദ്രങ്ങളിലായി നടന്ന പ്രക്ഷാേഭം അതിശക്തമായ താക്കീതായി. ട്രേഡ്‌ യൂണിയനുകളുടെ പൊതുവേദിയുടെയും സംയുക്ത കിസാൻമോർച്ചയുടെയും ആഹ്വാനപ്രകാരമായിരുന്നു പ്രതിഷേധ ദിനാചരണം. 2020ൽ ഐതിഹാസികമായ കർഷകപ്രക്ഷോഭത്തിന്‌ തുടക്കം കുറിച്ചതിന്റെയും കേന്ദ്ര ട്രേഡ്‌ യൂണിയനുകളുടെ നേതൃത്വത്തിൽ നടന്ന പൊതുപണിമുടക്കിന്റെയും നാലാം വാർഷികത്തോട്‌ അനുബന്ധിച്ച്‌ നടത്തിയ പ്രക്ഷോഭത്തിൽ കർഷകത്തൊഴിലാളികളും വിദ്യാർഥികളും യുവജനങ്ങളും സ്‌ത്രീകളും ഇതര ജനവിഭാഗങ്ങളും  അണിചേർന്നു.

ബിഹാറിലെ ഭഗൽപുരിൽ മാർച്ച്‌ നടത്തിയ തൊഴിലാളികൾക്കും കർഷകർക്കുംനേരേ പൊലീസ്‌ ലാത്തിച്ചാർജ്‌ നടത്തി. ആറ്‌ പേർക്ക്‌ പരിക്കേറ്റു. മൂന്ന്‌ നേതാക്കളെ പൊലീസ്‌ അറസ്‌റ്റുചെയ്‌തു. പട്‌നയിൽ പ്രതിഷേധ മാർച്ച്‌ അഖിലേന്ത്യ കിസാൻസഭ ജനറൽ സെക്രട്ടറി വിജൂ കൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്‌തു. ഹരിയാന ഭിവാനിയിൽ കിസാൻസഭ ഫിനാൻസ്‌ സെക്രട്ടറി പി കൃഷ്‌ണപ്രസാദ്‌, രവി ആസാദ്‌, ഓംപ്രകാശ്‌, ദേവ്‌രാജ്‌, ഫൂൽസിങ്‌, അനിൽകുമാർ എന്നിവർ സംസാരിച്ചു. രാജ്യത്തെ തൊഴിലാളികളുടെയും കർഷകരുടെയും ദുരവസ്ഥ വിശദീകരിക്കുന്ന നിവേദനം രാഷ്‌ട്രപതിക്ക്‌ സമർപ്പിച്ചു. ‌ആവശ്യങ്ങൾ നേടിയെടുക്കുന്നതുവരെ പ്രക്ഷോഭപാതയിൽ ഉറച്ചുനിൽക്കുമെന്ന്‌ തൊഴിലാളി–-കർഷക സംയുക്ത സമരസമിതി വ്യക്തമാക്കി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top