ചെന്നൈ > ലോക ചെസ് ചാമ്പ്യൻ ഡി ഗുകേഷിന് ജന്മനാട്ടിൽ വൻ വരവേൽപ്പ്. സിംഗപ്പൂരിൽ നടന്ന ലോക ചെസ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ നിലവിലെ ചാമ്പ്യനായിരുന്ന ചൈനയുടെ ഡിങ് ലിറെനെ കീഴടക്കി സമാനതകളില്ലാത്ത നേട്ടമാണ് ഗുകേഷ് കൈവരിച്ചത്. മത്സര വിജയത്തിന് ശേഷം ആദ്യമായി ജന്മനാട്ടിൽ എത്തിയ ഗുകേഷിന് അധികൃതരും ആരാധകരും ചേർന്ന് ചെന്നൈ വിമാനത്താവളത്തിൽ വിപുലമായ സ്വീകരണം നൽകി.
സിംഗപ്പൂരിലെ വേൾഡ് സെന്റോസ റിസോർട്ടിൽ നടന്ന ലോക ചെസ് ചാമ്പ്യൻഷിപ്പിലെ വിജയത്തിലൂടെ ലോക ചാമ്പ്യനാകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ബഹുമതിയോടെയാണ് 18കാരൻ ഗുകേഷ് കിരീടം നേടിയത്. 14 കളിയിൽ മൂന്ന് ജയത്തോടെ 7.5 പോയിന്റാണ് ഗുകേഷിന്റെ നേട്ടം. ലോക ചാമ്പ്യനെ നേരിടാനുള്ള കാൻഡിഡേറ്റ്‌സ് ടൂർണമെന്റ് ജയിച്ച പ്രായംകുറഞ്ഞ കളിക്കാരനും ഗുകേഷായിരുന്നു.
ലോക ചെസ് ചാംപ്യനായി നാട്ടില്‍ തിരിച്ചെത്തിയതില്‍ വലിയ സന്തോഷമുണ്ടെന്ന് ഗുകേഷ് പറഞ്ഞു. അഞ്ചുതവണ ലോക ചാമ്പ്യനായ വിശ്വനാഥൻ ആനന്ദിനുശേഷം ലോക കിരീടം നേടുന്ന ഇന്ത്യക്കാരനാണ് ഗുകേഷ്. ചെസ്സിൽ കുറച്ചുകാലമായി ഇന്ത്യൻ യുവനിര തുടരുന്ന ആധിപത്യത്തിന്റെ തുടർച്ചയായാണ് ഈ നേട്ടം വിലയിരുത്തപ്പെടുന്നത്. ചാമ്പ്യൻഷിപ്പിലുടനീളം പ്രതിരോധക്കോട്ട കെട്ടിയ ഡിങ്ങിന് നിർണായക കളിയിൽ പറ്റിയ പിഴവിൽനിന്നാണ് ചെന്നൈ സ്വദേശി ദൊമ്മരാജു ഗുകേഷ് വിജയം പിടിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..