ലണ്ടൻ> ലോകത്തെ ഏറ്റവും ശക്തമായ പാസ്‌പോർട്ടുകളിൽ ഇന്ത്യൻ പാസ്പോർട്ടിന് 82ാം സ്ഥാനം. ലണ്ടൻ ആസ്ഥാനമായ ഹെൻലി പാസ്‌പോർട്ട് ഇൻഡെക്സാണ് പട്ടിക പ്രസിദ്ധീകരിച്ചത്. ഇത് പ്രകാരം ഇൻഡോനേഷ്യ, മലേഷ്യ, തായ്‍ലൻഡ് ഉൾപ്പെടെയുള്ള 58 രാജ്യങ്ങളിൽ ഇന്ത്യക്കാർക്ക് വിസയില്ലാതെ സഞ്ചരിക്കാം. ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷന്റെ (ഐഎറ്റിഎ) വിവരങ്ങൾ പ്രകാരമാണ് പട്ടിക തയ്യാറാക്കിയത്. സെനഗൽ, തജിക്കിസ്ഥാൻ എന്നീ രാജ്യങ്ങൾക്കൊപ്പമാണ് ഇന്ത്യയുടെ സ്ഥാനം.
സിംഗപൂർ പാസ്‌പോർട്ടാണ് ഒന്നാമത്. 195 രാജ്യങ്ങളിൽ സിംഗപൂർ പാസ്പോർട്ടിന് വിസ ഇല്ലാതെ സഞ്ചരിക്കാം. 192 രാജ്യങ്ങളിൽ സഞ്ചരിക്കാൻ കഴിയുന്ന പാസ്‌പോർട്ടുമായി ഫ്രാൻസ്, ഇറ്റലി, ജർമനി, സ്പെയിൻ, ജപ്പാൻ എന്നീ രാജ്യങ്ങളാണ് രണ്ടാം സ്ഥാനത്ത്. ഓസ്ട്രിയ, ഫിൻലാന്റ്, ഐർലാന്റ്, ലക്സംബർഗ്, സൗത്ത് കൊറിയ, സ്വീഡൻ എന്നീ രാജ്യങ്ങളാണ് മൂന്നാം സ്ഥാനത്ത്. അഫ്ഗാനിസ്ഥാനാണ് പട്ടികയിൽ അവസാനം. 26 രാജ്യങ്ങളിൽ മാത്രമാണ് വിസ ഇല്ലാതെ അഫ്ഗാൻ പാസ്‌പോർട്ട് ഉപയോഗിച്ച് സഞ്ചരിക്കാൻ സാധിക്കുന്നത്.
കഴിഞ്ഞ 19 വർഷമായി ഹെൻലി പാസ്‌പോർട്ട് ഇൻഡെക്സ് ലോകത്തിലെ പാസ്‌പോർട്ടുകളെ പട്ടികപ്പെടുത്താറുണ്ട്. 199 പാസ്‌പോർട്ടുകളും 227 ടൂറിസ്റ്റ് കേന്ദ്രങ്ങളുമാണ് പട്ടികയിലുള്ളത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..