22 December Sunday

യുപി ബിജെപിയില്‍ ചേരിപ്പോര് ; ചോദ്യമുനയിൽ ആദിത്യനാഥ്

വെബ് ഡെസ്‌ക്‌Updated: Thursday Jul 18, 2024


ന്യൂഡൽഹി
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്തതിരിച്ചടിക്ക്‌ പിന്നാലെ ഉത്തർപ്രദേശ്‌ ബിജെപിയിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‌ എതിരെ പടയൊരുക്കം. ആദിത്യനാഥിന്റെ തെറ്റായ പ്രവർത്തനശൈലിയാണ്‌ മോശംപ്രകടനത്തിന്‌ കാരണമെന്ന്‌ ആരോപിച്ച്‌  നിരവധി ബിജെപി നേതാക്കൾ രംഗത്തെത്തി. ഉപമുഖ്യമന്ത്രി കേശവ്‌പ്രസാദ്‌ മൗര്യയാണ്‌ നീക്കത്തിന്‌ ചുക്കാൻ പിടിക്കുന്നത്‌. ‘ഒരാളും സംഘടനയേക്കാൾ വലുതല്ല’ എന്ന മൗര്യയുടെ പ്രസ്‌താവന ആദിത്യനാഥിന്‌ എതിരായ കലാപാഹ്വാനമാണ്‌. ‘സംഘടന സർക്കാരിനേക്കാൾ വലുതാണ്‌. പാർടിപ്രവർത്തകരുടെ വേദന എന്റേയും വേദനയാണ്‌. ഒരാളും സംഘടനയേക്കാൾ വലുതല്ല’–-  മൗര്യ സമൂഹമാധ്യമത്തിൽകുറിച്ചു.

ഇതിനുപിന്നാലെ, മൗര്യ ഡൽഹിയിലെത്തി ദേശീയ പ്രസിഡന്റ്‌ ജെ പി നദ്ദയുമായി ചൊവ്വാഴ്‌ച കൂടിക്കാഴ്‌ച നടത്തി. 10 മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ്‌ അടുത്തിരിക്കെ മുഖ്യമന്ത്രിയുടെ പ്രവർത്തനശൈലിയിൽ കാര്യമായ മാറ്റം വരുത്തണമെന്നത്‌ ഉൾപ്പടെയുള്ള ആവശ്യം മൗര്യ ചർച്ചയിൽ ഉന്നയിച്ചു. ലോക്‌സഭയിലേറ്റ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ യുപി മന്ത്രിസഭയിൽ വൻ അഴിച്ചുപണിയുണ്ടാകുമെന്ന സാഹചര്യത്തിലാണ്‌ ആദിത്യനാഥിനെതിരെ സർക്കാരിലും പാർടിയിലും പടയൊരുക്കം.

ആദിത്യനാഥിനെ മാറ്റേണ്ട സാഹചര്യമില്ലെന്നാണ്‌ ദേശീയനേതൃത്വത്തിന്റെ വിലയിരുത്തൽ. എന്നാൽ അതൃപ്‌തി വ്യാപകമായതിനാൽ, ബിജെപിയിലും സർക്കാരിലും നടത്തുന്ന ‘വൺമാൻഷോ’ അവസാനിപ്പിക്കാൻ ആദിത്യനാഥിനോട്‌ ദേശീയനേതൃത്വം ആവശ്യപ്പെടുമെന്നാണ്‌ റിപ്പോർട്ടുകൾ.
അനാവശ്യവിവാദം ഉണ്ടാക്കാതെ എല്ലാവരേയും ഒന്നിച്ച്‌ കൊണ്ടുപോകാൻ തയാറാകണമെന്നും നിർദേശിച്ചേക്കും.

‘അമിതമായ ആത്മവിശ്വാസമാണ്‌’ ലോക്‌സഭാതെരഞ്ഞെടുപ്പിൽ തിരിച്ചടിക്ക്‌ കാരണമായതെന്നാണ്‌ ആദിത്യനാഥ്‌ ദേശീയനേതൃത്വത്തിന്‌ നൽകിയ വിശദീകരണം. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 2019ൽ യുപിയിൽ 62 സീറ്റുനേടിയ ബിജെപി ഇത്തവണ 33ൽ ഒതുങ്ങി. ഇന്ത്യാകൂട്ടായ്‌മ യുപിയിൽ 43 സീറ്റ്‌ നേടുകയും ചെയ്‌തു.

രാജിവയ്ക്കാമെന്ന്‌ യുപി ബിജെപി പ്രസിഡന്റ്‌
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്തതിരിച്ചടിയിൽ കലഹം കത്തിപ്പടർന്നതോടെ ഉത്തരവാദിത്വം ഏറ്റെടുത്ത്‌ രാജിവയ്ക്കാൻ സന്നദ്ധനായി ഉത്തർപ്രദേശ്‌ ബിജെപി പ്രസിഡന്റ്‌ ഭൂപേന്ദ്ര ചൗധരി. ഡൽഹിയിൽ ബുധനാഴ്‌ച പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്‌ച്ച നടത്തിയ ചൗധരി രാജിവെക്കാൻ തയ്യാറാണെന്ന്‌ അറിയിച്ചെന്നാണ്‌ വിവരം. ദേശീയ പ്രസിഡന്റ്‌ ജെ പി നദ്ദയുമായും ചൊവ്വാഴ്‌ച കൂടിക്കാഴ്‌ച നടത്തിയിരുന്നു. ആഭ്യന്തരമന്ത്രി അമിത്‌ഷായും മോദിയെ സന്ദർശിച്ച്‌ യുപിയിലെ സാഹചര്യം ചർച്ച ചെയ്‌തു. ഭുപേന്ദ്ര ചൗധരി മൊറാദാബാദിലെ ജാട്ട്‌ വിഭാഗക്കാരനായ നേതാവാണ്‌. 2022ൽ ജാട്ട്‌ വിഭാഗക്കാരുടെ രോഷം തണുപ്പിക്കാനാണ്‌ അദ്ദേഹത്തെ പ്രസിഡന്റാക്കിയത്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top