മുംബൈ> മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനും ഇതിഹാസവുമായ എം എസ് ധോണിക്കെതിരെ രൂക്ഷ വിമർശനവുമായി വീണ്ടും യുവരാജ് സിങിന്റെ പിതാവ് യോഗ്രാജ് സിങ്. മകന്റെ ക്രിക്കറ്റ് കരിയർ നശിപ്പിച്ചത് ധോണിയാണെന്നായിരുന്നു ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ യോഗ്രാജ് പറഞ്ഞത്. ജീവിതത്തിൽ ഒരിക്കലും ധോണിക്ക് മാപ്പുനൽകില്ലെന്നും അദ്ദേഹം പറഞ്ഞു.
'ഞാൻ ഒരിക്കലും ധോണിക്ക് മാപ്പ് നൽകില്ല. ധോണി സ്വന്തം മുഖം കണ്ണാടിയിൽ നോക്കണം. അദ്ദേഹം വലിയ ക്രിക്കറ്റ് താരമൊക്കെ ആയിരിക്കും. എന്നാൽ ഒരിക്കലും മാപ്പ് നൽകാൻ സാധിക്കാത്ത കാര്യമാണ് എന്റെ മകനോടു ധോണി ചെയ്തത്. ജീവിതത്തിൽ രണ്ട് കാര്യങ്ങൾ ഞാൻ ചെയ്യാറില്ല. ഒന്ന് എന്നോടു മോശം കാര്യങ്ങൾ ചെയ്ത ആർക്കും ഞാൻ മാപ്പ് നൽകില്ല. അവരെ ഒരിക്കലും ആലിംഗനം ചെയ്യാനും പോകില്ല. അതെന്റെ മക്കളായാലും ശരി കുടുംബാംഗങ്ങൾ ആരായാലും ശരി.'
ക്യാൻസറിനോട് പൊരുതുന്നതിനിടയിലാണ് യുവരാജ് ഇന്ത്യയ്ക്ക് വേണ്ടി കളിച്ച് ലോകകപ്പ് നേടിക്കൊടുത്തതെന്നും അത് പരിഗണിച്ച് മകന് ഭാരതര്തന നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
'യുവരാജ് സിങിനെ പോലെ ഒരു താരം ഇനിയുണ്ടാകില്ലെന്നു ഗംഭീറും സെവാഗും മുൻപ് പറഞ്ഞിട്ടുണ്ട്. എല്ലാവർക്കും യുവരാജിനെ പോലെ ഒരു മകൻ ഉണ്ടാകണം. രാജ്യത്തിനു ലോകകപ്പ് നേടിക്കൊടുത്തവനാണ് യുവരാജ്. ഇന്ത്യൻ ക്രിക്കറ്റിനു നൽകിയ സംഭാവനകൾ മാനിച്ച് യുവരാജിന് ഭാരത് രത്ന നൽകണം'- യോഗ്രാജ് പറഞ്ഞു.
ഇതാദ്യമല്ല യോഗ്രാജ് ധോണിക്കെതിരെ ആരോപണം ഉന്നയിക്കുന്നത്. ഈ വർഷത്തെ ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സ് കിരീടമില്ലാതെ പുറത്തായത് ധോണി കാരണമാണെന്നു അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. ധോണിക്ക് യുവരാജിനോടു അസൂയയാണെന്നായിരുന്നു മറ്റൊരു ആരോപണം
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..