23 December Monday

'അടിച്ചു കേറി വാ'... സോഷ്യൽ മീഡിയ തൂക്കി ദുബായ് ജോസ്

വെബ് ഡെസ്‌ക്‌Updated: Monday Jul 15, 2024

 വർഷങ്ങൾക്കു മുമ്പ് ഇറങ്ങിയ സിനിമകളും അതിലെ സംഭാഷണങ്ങളും പാട്ടുകളും നൃത്തരം​ഗങ്ങളുമൊക്കെ സോഷ്യൽ മീഡിയയിൽ കാലങ്ങൾക്ക് ശേഷം വൈറലാവുന്നത് പതിവാണ്. സാന്ദർഭികമായോ പ്രത്യേകിച്ച് കാരണങ്ങളില്ലാതെയോ ഒക്കെ ഇത്തരത്തിൽ മുമ്പത്തെ സംഭവങ്ങൾ സോഷ്യൽ മീഡിയയിൽ പൊങ്ങിവരാറുണ്ട്. പലതും കുറേ നാളത്തേക്ക് ട്രെൻഡിങ്ങും ആയിരിക്കും. അത്തരത്തിൽ സോഷ്യൽ മീഡിയ ഭരിച്ചിരുന്നവരുടെ കൂട്ടത്തിലെ ഏറ്റവും പുതിയ കണ്ടെത്തലാണ് ദുബായ് ജോസ്. കുറച്ചു ദിവസങ്ങളായി സാമൂഹ്യമാധ്യമങ്ങളിൽ ദുബായ് ജോസാണ് നിറഞ്ഞു നിൽക്കുന്നത്. തിയറ്റർ ഭരിക്കുന്നത് ടർബോ ജോസ് ആണെങ്കിൽ സോഷ്യൽ മീഡിയ ഭരിക്കുന്നത് ദുബായ് ജോസ് ആണെന്നാണ് നെറ്റിസൺസിന്റെ അഭിപ്രായം. 

കുഞ്ചാക്കോ ബോബൻ, നവ്യാ നായർ, നെടുമുടി വേണു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സിബി മലയിൽ സംവിധാനം ചെയ്ത് 2004ൽ പുറത്തിറങ്ങിയ ജലോത്സവം എന്ന ചിത്രത്തിലെ വില്ലൻ കഥാപാത്രമാണ് ദുബായ് ജോസ്. റിയാസ് ഖാനാണ് കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇറങ്ങിയ സമയത്ത് അധികം ശ്രദ്ധ നേടാതിരുന്ന ഈ കഥാപാത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം.

 

ദുബായ് ജോസ് ഇപ്പോൾ ട്രെൻഡിങ്ങിലാവാനുള്ള കാരണം കൃത്യമായി പറയുന്നില്ല. തിയറ്ററുകളിൽ നിറഞ്ഞോടുന്ന മമ്മൂട്ടി ചിത്രം ടർബോയും ടർബോ ജോസും ഹിറ്റായതോടെയാണ് സ്പൂഫ് എന്ന നിലയിൽ ദുബായ് ജോസ് വന്നതെന്നാണ് ചില അഭിപ്രായങ്ങൾ. ചിത്രത്തിൽ റിയാസ് ഖാൻ പലയിടത്തായി പറയുന്ന അടിച്ചു കേറി വാ എന്ന ഡയലോ​ഗാണ് ഏറെ ട്രെൻഡിങ്ങായത്. അടിച്ചു കേറി വാ എന്നുള്ള റീലുകളും മീമുകളുമാണ് സോഷ്യൽ മീഡിയ മുഴുവൻ. ഇൻസ്റ്റ​ഗ്രാമിലും ഫേസ്ബുക്കിലും മാത്രമല്ല, ട്വിറ്ററിലും ദുബായ് ജോസും അടിട്ടു കേറി വായും ട്രെൻഡായിട്ടുണ്ട്.

ടർബോ ജോസ് നല്ലതാണ്, പ​ക്ഷേ ദുബായ് ജോസ് ഒരു വികാരമാണെന്നാണ് സോഷ്യൽ മീഡിയയുടെ അഭിപ്രായം. കാര്യമറിയാഞ്ഞിട്ടുകൂടി ദുബായ് ജോസ് റീലുകളെ ഷെയർ ചെയ്യുന്നവരും ഏറെ. ദുബായ് ജോസിനോളമില്ലെങ്കിലും റിയാസ് ഖാന്റെ മറ്റൊരു ചിത്രത്തിലെ സംഭാഷണവും സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top