22 December Sunday

കേരള വിരുദ്ധമായ ബജറ്റ്: പ്രതികരണവുമായി പ്രവാസി സംഘടനകൾ

വെബ് ഡെസ്‌ക്‌Updated: Friday Jul 26, 2024

ദുബായ് > എൻഡിഎ സർക്കാരിന്റെ രാഷ്ട്രീയ നിലനിൽപ് ലക്ഷ്യമിട്ടുകൊണ്ട് നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിൽ പ്രതികരണവുമായി വിവിധ പ്രവാസി സംഘടനകൾ രം​ഗത്തെത്തി. സർക്കാരിന്റെ നിലനിൽപ് മാത്രം ലക്ഷ്യം വെക്കുന്ന ബജറ്റാണിതെന്നും കേരളവിരുദ്ധമാണെന്നും വിവിധ സംഘടനകൾ അഭിപ്രായപ്പെട്ടു.

ഭരണം നിലനിർത്താൻ ലക്ഷ്യമിട്ടുള്ള ബജറ്റ്: കേളി

റിയാദ് > കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ നിലനിൽപ്പ് ലക്ഷ്യമിട്ടുകൊണ്ട് ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളെയും അവഗണിക്കുന്ന തരത്തിലുള്ള  ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ചതെന്ന് കേളി സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. ഒറ്റ നോട്ടത്തിൽ തന്നെ സംസ്ഥാനങ്ങൾക്കിടയിൽ വിവേചനപരമായ സമീപനം കൈക്കൊള്ളുന്ന ബജറ്റാണെന്ന് മനസ്സിലാക്കാൻ കഴിയും. ധനമന്ത്രി പ്രഖ്യാപിച്ച കാര്യങ്ങളിൽ  കേരളം ഉൾപ്പെടെയുള്ള  സംസ്ഥാനങ്ങളെ അവഗണിക്കുകയാണ് ചെയ്തത്.

കേരളം ദീർഘകാലമായി ഉന്നയിക്കുന്ന എയിംസ് ഉൾപ്പെടെയുള്ളവ പരിഗണിക്കുന്നതിന് കേന്ദ്രം തയ്യാറായില്ല. ആരോഗ്യ രംഗത്തെ കേരളത്തിന്റെ നേട്ടങ്ങൾ ലോക ശ്രദ്ധ ആകർഷിച്ചവയാണ്. പ്രകൃതി ദുരന്ത നിവാരണ കാര്യങ്ങളിലും ടൂറിസം മേഖലയിലും കേരളത്തെ പരിഗണിച്ചിട്ടില്ല. നാടിന്റെ നട്ടെല്ലെന്ന് ആവർത്തിച്ചു പറയുന്ന പ്രവാസികളെ പരിഗണിക്കാൻ പോലും ബജറ്റ് തയ്യാറായിട്ടില്ല. കേന്ദ്ര സർക്കാരിൻറെ ഇന്നത്തെ രാഷ്ട്രീയ നിലനിൽപ്പിന് അനിവാര്യമായ പ്രഖ്യാപനങ്ങൾ മാത്രമാണ് ബജറ്റിൽ ഉടനീളം കാണാൻ കഴിയുന്നത്.

കാർഷിക മേഖലയിലടകം സംസ്ഥാനങ്ങൾ നേരിട്ട് ഇടപെട്ട് നടത്തേണ്ട കാര്യങ്ങൾ ബജറ്റിൽ പ്രഖ്യാപിക്കുകയും വായ്പാ പരിധി നിയന്ത്രണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കേന്ദ്രം കൈക്കൊള്ളുന്ന സമീപനം കാരണം പണം ചെലവിടാൻ കഴിയാതെ സംസ്ഥാനങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന സ്ഥിതിവിശേഷം സൃഷ്ടിക്കുകയും ചെയ്യുന്നതാണ് ഈ ബജറ്റ്. സാധരണക്കാരനെ നേരിട്ട് ബാധിക്കുന്ന പ്രധാനപ്പെട്ട കേന്ദ്ര പദ്ധതികളിൽ ഗണ്യമായ വെട്ടിക്കുറവ് വരുത്തിയത് നിരാശാജനകവും പ്രതിഷേധാർഹവുമാണ്. ഭരണം നിലനിർത്താൻ ലക്ഷ്യമിട്ടുകൊണ്ട് ചിലരെ മാത്രം തൃപ്തി പെടുത്തുന്ന ബജറ്റാണിതെന്നും, കേരളത്തോട് നിരന്തരമായി കാണിക്കുന്ന അവഗണനയിൽ കേളി കലാസാംസ്കാരിക വേദിയുടെ ശക്തമായ പ്രതിഷേധം അറിയിക്കുന്നതായും സെക്രട്ടറിയേറ്റ് ഇറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

കേന്ദ്ര ബജറ്റ്: കേരളത്തിന് കടുത്ത അവഗണന- കല കുവൈത്ത്

കുവൈത്ത്  സിറ്റി > ധനകാര്യമന്തി നിർമല സീതാരാമൻ അവതരിപ്പിച്ച ഈ വർഷത്തെ ബജറ്റിൽ കേരളത്തോടുള്ള തികഞ്ഞ അവഗണനയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈത്ത്  പ്രസ്താവനയിൽ പറഞ്ഞു.

മുന്നണിയിലെ സമ്മർദങ്ങൾക്ക് വഴങ്ങി ചില സംസ്ഥാനങ്ങൾക്കുവേണ്ടി അവതരിപ്പിക്കപ്പെട്ട ബജറ്റായി ദേശീയ ബജറ്റ് ചുരുങ്ങി. രാജ്യത്തെ ദുർബല ജനവിഭാഗങ്ങളെ സഹായിക്കുന്നതോ കാർഷിക മേഖലയ്ക്ക് ഉണർവ് പകരുന്നതോ ആയ ഒരു പദ്ധതിയും ബജറ്റിൽ പ്രഖ്യാപിച്ചിട്ടില്ല. സബ്സിഡികളിലും പദ്ധതി വിഹിതത്തിലുമെല്ലാം കുറവ് വരുത്തി തൊഴിലില്ലായ്മ പരിഹരിക്കുന്നതിനാവശ്യമായ പദ്ധതികളോ പ്രഖ്യാപനങ്ങളോ ഇല്ല.  കാർഷിക മേഖലയെ സഹായിക്കുന്നതോ എയിംസ് ഉൾപ്പെടെയുള്ള വലിയ പദ്ധതികൾക്ക് വേണ്ടിയിട്ടുള്ളതോ ആയ സംസ്ഥാനത്തിന് അത്യന്താപേക്ഷിതമായ ഒരു പ്രഖ്യാപനങ്ങളും ബജറ്റിൽ ഉൾപ്പെട്ടിട്ടില്ല.

കേരളത്തോടുള്ള സമീപനത്തിൽ മുൻ കാലങ്ങളിൽ കേന്ദ്ര സർക്കാർ സ്വീകരിച്ച അതേ അവഗണന ഈ ബജറ്റിലും തുടർന്നിട്ടും സംസ്ഥാനത്തുനിന്നുള്ള കേന്ദ്ര മന്ത്രിമാരുടെ മൗനം സംസ്ഥാനത്തെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ആക്റ്റിങ് പ്രസിഡന്റ് റിച്ചി കെ ജോർജ് ജനറൽ സെക്രട്ടറി സജി തോമസ് മാത്യു എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.

പ്രവാസികളെയും കേരളത്തെയും അവഗണിച്ച ബജറ്റ്  നിരാശാജനകം: ഐ എം സി സി

കുവൈത്ത് സിറ്റി > കേന്ദ്ര  ധനകാര്യ മന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച പുതിയ സർക്കാരിന്റെ ആദ്യ ബജറ്റും  പ്രവാസികളെയും കേരളത്തെയും തീർത്തും അവഗണിച്ചിരിക്കുകയാണെന്ന്  ഐ എം സി സി ജി സി സി രക്ഷാധികാരി സത്താർ കുന്നിൽ, കുവൈറ്റ് കമ്മിറ്റി പ്രസിഡന്റ് ഹമീദ് മധൂർ , ജനറൽ സെക്രട്ടറി ശരീഫ് താമരശ്ശേരി, ട്രെഷറർ  അബൂബക്കർ എ ആർ നഗർ എന്നിവർ വാർത്താകുറിപ്പിൽ അറിയിച്ചു . കഴിഞ്ഞ പത്തു വർഷമായി തുടരുന്ന  എൻഡിഎ സർക്കാർ  എന്നും പ്രവാസികളെ അവഗണിക്കുകയാണ് ചെയ്തിട്ടുള്ളത്. ഇന്ത്യൻ സമ്പദ്  ഘടനക്ക് വലിയ താങ്ങായി നിൽക്കുന്ന പ്രവാസികളുടെ നിരന്തരമായ ആവശ്യങ്ങളായ യാത്ര പ്രശ്നങ്ങൾക്കുള്ള പരിഹാരം,  പുനരധിവാസം, ഇൻഷുറൻസ് പരിരക്ഷ,  തുടങ്ങിയ വിഷയങ്ങളിൽ ഒരു ഇടപെടൽ പോലും ഉണ്ടായിട്ടില്ല.
 
കൊറോണ കാലത്തു പോലും പ്രവാസികളെ അവഗണിച്ച സർക്കാരാണ്. പ്രവാസി സംഘടനകൾ ഒറ്റക്കെട്ടായി കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധം സംഘടിപ്പിക്കണം എന്നും, പ്രവാസികളുടെ അടിയന്തിര ആവശ്യങ്ങൾ പരിഹരിക്കാൻ ഇടപെടലുകൾ നടത്തണം എന്നാവശ്യപ്പെട്ടു കേന്ദ്ര ധനകാര്യ മന്ത്രിക്കു നിവേദനം നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു. സാമ്പത്തിക പ്രതിസന്ധിയിൽ ഉള്ള കേരളത്തോട്  വൈരാഗ്യ ബുദ്ധിയോടെയാണ് കേന്ദ്ര പെരുമാറുന്നത്.  സാമ്പത്തിക പാക്കേജ്, വെള്ളപ്പൊക്ക ദുരിതാശ്വാസ സാഹായം , കൂടുതൽ തീവണ്ടികൾ, എയിംസ് തുടങ്ങിയ ഒരു കാര്യവും പരിഗണിക്കാതെ കേരളത്തെ കൂടുതൽ ഞെരുക്കാനാണ് കേന്ദ്ര ശ്രമിക്കുന്നത്. ഇത് നിരാശാകാജനകമാണെന്നും ഐഎംസിസി നേതാക്കൾ പറഞ്ഞു.

കേന്ദ്ര ബജറ്റ് തീർത്തും നിരാശാജനകം: കൈരളി ഒമാൻ

മസ്കറ്റ് > കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ച കേന്ദ്ര ബജറ്റ് തീർത്തും നിരാശാജനകവും ഏകപക്ഷീയവുമാണെന്ന് കൈരളി ഒമാൻ. പ്രവാസികളുടെ ക്ഷേമത്തിനോ പുനരധിവാസത്തിനോ ഒരു പദ്ധതിയും പ്രഖ്യാപിക്കാത്ത ബഡ്‌ജറ്റ് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. കേരളത്തെ പാടെ അവഗണിച്ച ബഡ്ജറ്റായിരുന്നു കേന്ദ്ര മന്ത്രി അവതരിപ്പിച്ചത്. പ്രകൃതിദുരന്തം അനുഭവിക്കുന്ന പ്രത്യേക സംസ്ഥാനങ്ങളിൽ കേരളത്തെ ഉൾപ്പെടുത്തിയിട്ടില്ല. കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിൽ പരിഗണന നൽകിയില്ല.

വർഷങ്ങളായി കേരളം  ആവശ്യപ്പെടുന്ന പദ്ധതികളോടെല്ലാം അവഗണനയാണ്. ഇത്തവണയും  അതിന് മാറ്റം ഉണ്ടായില്ല. സംസ്ഥാനങ്ങളെയെല്ലാം ഒരു പോലെ പരിഗണിക്കണമെന്ന ഫെഡറൽ തത്വങ്ങളുടെ നഗ്നമായ ലംഘനമാണ് ബജറ്റിൽ കാണാൻ കഴിയുന്നത്. സ്വന്തം ഭരണം നിലനിർത്താൻ കേന്ദ്ര ബജറ്റിനെ കേന്ദ്രസർക്കാർ പണയം വയ്ക്കുകയാണ് ചെയ്തതെന്ന് കൈരളി ഒമാൻ വാർത്താകുറിപ്പിലൂടെ പ്രതികരിച്ചു.

കേരളത്തെയും പ്രവാസികളെയും സാധാരണക്കാരനെയും അവഗണിച്ച ബജറ്റ്: നവോദയ സംസ്കാരിക വേദി
 
ദമ്മാം > പാർലമെൻ്റിൽ ധനമന്ത്രി നിർമ്മല സീതാരാമൻ  അവതരിപ്പിച്ച ബജറ്റിൽ കേരളത്തിനെയും പ്രവാസികളെയും സാധാരണക്കാരെയും അവഗണിച്ചുവെന്ന് സൗദി കിഴക്കൻ പ്രവിശ്യയിലെ നവോദയ സംസ്കാരിക വേദി കേന്ദ്ര കമ്മിറ്റി വാർത്താ കുറിപ്പിലൂടെ അഭിപ്രായപ്പെട്ടു.

കേരളത്തിന് എയിംസ്, റെയിൽവെ എന്നീ പദ്ധതികൾ ഒന്നും തന്നെ പ്രഖ്യാപിച്ചിട്ടില്ല, കേരളം ആവശ്യപ്പെട്ട 24,000 കോടി രൂപയുടെ ധനസഹായവും നൽകിയിട്ടില്ല. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കനുള്ള തുകയും ദേശീയ തൊഴിൽ ഉറപ്പ് പദ്ധതിയുടെ തുകയും വളം സബ്സിഡി കൂടാതെ വിവിധ സബ്സിഡികളും വെട്ടി കുറച്ചു.

പ്രവാസി നിക്ഷേപം ആകർഷിക്കുന്നതിനും മടങ്ങി വരുന്ന പ്രവാസികളുടെ തൊഴിൽ നൈപുണ്യം ഉപയോഗപ്പെടുത്തി വ്യവസായ മേഖലയിൽ വളർച്ച കൈവരിക്കുന്നതിനും പ്രവാസി യാത്രക്ലേശം പരിഹരിക്കുന്നതിനും ബഡ്ജറ്റിൽ പദ്ധതികൾ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പ്രവാസികളെ സംബന്ധിച്ച് ബഡ്ജറ്റ് തീർത്തും നിരാശാജനകമാണ്. കോവിഡിന്റെ പ്രതിസന്ധിയിൽ നിന്നും കരകയറുവാൻ ദരിദ്രജനകോടികൾക്ക് പ്രതീക്ഷയോ ആശ്വാസമോ പകരുന്ന ഒരു പ്രഖ്യാപനവും ബജറ്റിലില്ല. കഴിഞ്ഞ ബജറ്റിലെ വകയിരുത്തൽപോലും നിഷ്കരുണമായി വെട്ടിക്കുറച്ചുകൊണ്ടാണ്  കേന്ദ്ര ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത് എന്നും വാർത്താക്കുറിപ്പിൽ നവോദയ കേന്ദ്ര കമ്മിറ്റി അറിയിച്ചു

കേരളത്തെ സഹായിക്കുന്നതിനായി റബറിന്റെ താങ്ങുവിലയെക്കുറിച്ചോ, മത്സ്യമേഖലയ്ക്ക് പ്രത്യേക പദ്ധതികൾ നൽകുന്നതിനെക്കുറിച്ചോ, സംസ്ഥാനം നേരിടുന്ന കടലാക്രമണത്തെക്കുറിച്ചോ കേന്ദ്ര ബഡ്ജറ്റിൽ പ്രതിപാദിച്ചിട്ടില്ല എന്നും വാർത്താ കുറിപ്പിൽ നവോദയ കേന്ദ്ര കമ്മിറ്റി പറഞ്ഞു.

കേന്ദ്ര ബജറ്റിൽ കേരളത്തോടുള്ള അവഗണന: ജിദ്ദ നവോദയ

ജിദ്ദ > ഇന്ത്യ ഭരിക്കുന്ന ഫാസിസ്റ്റ് സർക്കാരിന്റെ നിലനിൽപ്പിനു വേണ്ടി മാത്രം രണ്ടു സംസ്ഥാനങ്ങളെ പ്രീണിപ്പിക്കാൻ ഉള്ള ബജറ്റ് ആണ് ധനമന്ത്രി അവതരിപ്പിച്ചതെന്നും  ഇത് ഫെഡറലിസത്തിനെതിരാണ് എന്നും ജിദ്ദ നവോദയ കേന്ദ്രകമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.

കേരളം ഉന്നയിച്ച പല വിഷയങ്ങളും ഈ ബജറ്റിൽ ഉൾപെടുത്തിയിട്ടില്ല. ഇത് കേരളത്തോടുള്ള വെല്ലുവിളിയാണ്. ഇഷ്ട്ട സംസ്ഥാനങ്ങൾക്ക് കൂടുതൽ കാര്യങ്ങൾ ബജറ്റിൽ ഉൾപെടുത്തുകയും കേരളത്തെ പോലെയുള്ള സംസ്ഥാനങ്ങൾക്ക് ഒന്നും നൽകാതിരിക്കുകയും ചെയ്യുന്നത് നിരാശാജനകവും പ്രതിഷേധാർഹവുമാണ്.

കേരളം ഉന്നയിച്ച എയിംസ്, ടൂറിസം, പ്രകൃതി ദുരന്ത നിവാരണ കാര്യങ്ങൾ എന്നിവയിൽ ഒന്നിലും കേരളത്തെ പരിഗണിച്ചില്ല.   
മൂന്നാം മോദി സർക്കാർ നിലനിൽപ്പിനായുള്ള പ്രഖ്യാപനങ്ങൾ മാത്രമാണ് ഈ ബജറ്റിലൂടെ നടത്തിയിട്ടുള്ളത്. കേന്ദ്രത്തിന്റെ ഇത്തരം സമീപനങ്ങൾ കേരളത്തെ പോലെയുള്ള സംസ്ഥാനങ്ങളുടെ മുന്നോട്ടുള്ള പ്രയാണത്തെ തടസപ്പെടുത്തുകയാണെന്നും ജിദ്ദ നവോദയ കേന്ദ്രകമ്മറ്റി പ്രസ്താവനയിൽ പറഞ്ഞു.

ബജറ്റ് തികച്ചും നിരാശജനകം: സലാല കെഎംസിസി

സലാല > കേന്ദ്ര സർക്കാറിന്റെ 2024 ബജറ്റ് തികച്ചും നിരാശജനകമാണ്. കേരളത്തേയും പ്രവാസികളെയും പാടെ അവഗണിച്ചാണ് കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ ബജറ്റ് അവതരിപ്പിച്ചത്.

മൂന്നാം മോദി സർക്കാരിനെ നിലനിർത്തുന്നതിന് വേണ്ടി ആന്ധ്ര പ്രദേശിനും ബീഹാറിനും മാത്രം മുൻതൂക്കം നൽകിയാണ് ബജറ്റ് അവതരണം നടത്തിയത്. കേരളത്തിൻ്റെ പേരുപോലും ബജറ്റിൽ പരാമർശിച്ചിട്ടില്ല. കേരളത്തിൻ്റെ ഒരുപാട് കാലത്തെ സ്വപ്നമായ എയിംസ് എന്നത് ഈ ബജറ്റിലും നിരാകരിച്ചത് വിദ്യാർഥികളോടും കേരള സമൂഹത്തോടുമുള്ള വെല്ലുവിളിയായിട്ടാണ് കാണേണ്ടത്.

കേരളത്തിൽ നിന്ന് രണ്ട് കേന്ദ്രമന്ത്രിമാർ ഉണ്ടായിട്ടുപോലും യാതൊരു പരിഗണനയും കേരളത്തിന് ലഭിക്കാതെ പോയത് തികച്ചും നിരാശ നൽകുന്നതും ആഴത്തിൽ ചിന്തിക്കേണ്ടതുമാണ്. ഇതിന് കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിമാർ മറുപടി പറയണം. കേരള സർക്കാർ വേണ്ടത്ര സ്ഥലം നൽകിയില്ല എന്ന മുടന്തൻ ന്യായമാണ് കേന്ദ്ര സഹ മന്ത്രിയായ സുരേഷ് ഗോപിയുടെ ഭാഗത്തുനിന്നും ഉണ്ടായത്. പ്രവാസികളെ അപ്പാടെ മറന്നു കൊണ്ടാണ് കേന്ദ്ര ബജറ്റ് അവതരിപ്പിച്ചത്. ജിസി സി രാജ്യങ്ങളിൽ നിന്നുള്ള കപ്പൽ സർവീസിനെപ്പറ്റി ബജറ്റിൽ സൂചിപ്പിക്കുകയുണ്ടായില്ല.

ബജറ്റ് എൻ ഡി എ സർക്കാറിനെ മുന്നോട്ട് തള്ളിനീക്കുന്നതിന് മാത്രമായി മാറി എന്നതാണ് സത്യം. ഇതിനെതിരെ ശക്തമായി പ്രതിഷേധം ഉണ്ടാകണമെന്ന് സലാല കെഎംസി സി കേന്ദ്ര കമ്മിറ്റി പ്രസിഡണ്ട് നാസർ പെരിങ്ങത്തൂർ,ജനറൽ സെക്രട്ടറി ഷബീർ കാലടി എന്നിവർ വാർത്താ കുറിപ്പിൽ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top