19 December Thursday

ഒമാനിൽ സ്വകാര്യ തൊഴിൽ മേഖലകളിലെ 30ഓളം തസ്ഥികകൾ സ്വദേശിവൽക്കരിക്കുന്നു.

വെബ് ഡെസ്‌ക്‌Updated: Thursday Jul 25, 2024

മസ്‌കത്ത്‌> സ്വദേശി തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിന് മുന്നോടിയായി സ്വകാര്യ തൊഴിൽ മേഖലകളിലെ 30ഓളം  തസ്ഥികകൾ സ്വദേശിവൽക്കരിക്കുന്നു. സ്വകാര്യ മേഖലലാ സ്ഥാപനങ്ങളിലെ സ്വദേശികളുടെ എണ്ണം വർധിപ്പിക്കുന്നതിന്റെയും തൊഴിൽ വിപണി നിയന്ത്രിക്കുന്നതിന്റെയും ഭാഗമായാണിത്.

നിയമങ്ങൾ ലംഘിക്കുന്ന കമ്പനികൾക്ക് പിഴ ചുമത്തും. നിർദ്ദേശിക്കുന്ന ഉത്തരവ് കൃത്യമായി പിന്തുടരുന്നവർക്ക് മന്ത്രാലയം പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്യുന്നു .

സെപ്തംബർ മുതൽ പ്രാബല്യത്തിൽ വരുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. ഇതോടെ 30 തൊഴിലുകളുടെ പുതിയ പട്ടികയിൽ പ്രവാസികൾക്ക് ജോലി ലഭിക്കില്ല.

തൊഴിൽ മന്ത്രാലയവും സ്വകാര്യ മേഖലയും ചേർന്ന് ബന്ധപ്പെട്ട അധികാരികളെ ഏകോപിപ്പിച്ച് തൊഴിൽ വിപണിയെ നിയന്ത്രിക്കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നതെന്ന് തൊഴിൽ മന്ത്രാലയത്തിന്റെ പ്രസ്താവന പറയുന്നു.

തീരുമാന പ്രകാരം ഒമാനികൾക്ക് സ്വകാര്യ മേഖലകളിലുള്ള തൊഴിലുകളിലും ജോലികളിലും അവർക്ക് അനുയോജ്യമായ അവസരം ലഭിക്കും. സർക്കാർ കമ്പനികളും സർക്കാർ നിശ്ചയിച്ചിട്ടുള്ള സ്വദേശി വൽക്കരണ നിയമവും പാലിക്കാത്ത സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളുമായി  സംസ്ഥാനത്തിൻ്റെ ഭരണ കേന്ദ്രങ്ങൾ സഹകരിക്കരുതെന്നും പ്രസ്താവനയിൽ പറയുന്നു. സ്വദേശി വൽക്കരിക്കുന്ന തൊഴിൽ മേഖലകൾ ഏതാണെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല.

കൂടാതെ എല്ലാ സ്വകാര്യ മേഖലാ സ്ഥാപനങ്ങളും തങ്ങളുടെ സ്ഥാപനത്തിൽ ഉത്തരവ് പ്രകാരം സ്വദേശികളുടെ അനുപാതം കൃത്യമായി ഉറപ്പ് വരുത്തി ഇലക്ട്രോണിക് സർട്ടിഫിക്കറ്റ് സൂക്ഷിക്കണം. സർക്കാർ നിർദേശിക്കുന്ന ഒമാനൈസേഷൻ നിയമം ഉൾപ്പെടെയുള്ള തൊഴിൽ മാനദണ്ഡങ്ങളും ആവശ്യകതകളും പാലിക്കുന്നുണ്ടെന്ന് തെളിയിക്കുന്നതാണ് ഇലക്ട്രോണിക്  കാർഡ്.

ഒമാനികളല്ലാത്തവർക്ക് ജോലി ലഭിക്കാത്ത പുതിയ തൊഴിലുകൾ നിരോധിക്കുന്നതിന് പുറമേ നിയന്ത്രണങ്ങൾ അനുസരിച്ച് എല്ലാ സ്വകാര്യമേഖലാ സ്ഥാപനങ്ങളും അവർക്ക് അനുയോജ്യമായ ജോലികളിൽ കുറഞ്ഞത് ഒരു ഒമാനിയെയെങ്കിലും നിയമിക്കാനും ഉത്തരവിട്ടിട്ടുണ്ട്. സ്വദേശിവൽക്കരണം ഉയർത്താൻ ലക്ഷ്യമിടുന്ന കമ്പനികളുടെ സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള സാമ്പത്തിക പാക്കേജിന് മന്ത്രാലയം അംഗീകാരം നൽകി.

അതേസമയം, സ്വദേശിവൽക്കരണം അനുസരിക്കാത്ത സ്ഥാപനങ്ങളുടെ ഫീസും വർക്ക് പെർമിറ്റ് ഫീസും വർധിപ്പിക്കാനുള്ള ചർച്ചകളും പുരോഗമിക്കുകയാണ്. മന്ത്രാലയത്തിന്റെ തീരുമാനങ്ങൾ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ അധികൃതർ തുടർനടപടികളും പരിശോധനാ കാമ്പെയ്‌നുകളും ആരംഭിക്കും.

ദിവസങ്ങൾക്ക് മുൻപ് പ്രഖ്യാപിച്ച സ്വദേശിവൽക്കരണ തസ്തികകൾക്ക് പുറമെയാണ് സ്വകാര്യ മേഖലയിലേക്കും ഒമാനികൾക്ക് തൊഴിൽ അവസരങ്ങൾ നിർബന്ധമാക്കിയത്. ഗതാഗതം, ലോജിസ്റ്റിക്‌സ്, കമ്മ്യൂണിക്കേഷൻസ്, ഇൻഫർമേഷൻ ടെക്‌നോളജി എന്നീ മേഖലകളിൽ ഒമാനികൾക്ക് തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട് മന്ത്രാലയം തൊഴിൽ സംരംഭങ്ങളുടെ ഒരു പാക്കേജ് ആരംഭിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി ഈ മേഖലകളിലെ തൊഴിലവസരങ്ങളിൽ നൂറ് ​​ശതമാനം സ്വദേശികൾക്കായി മാറ്റിവെക്കും എന്നായിരുന്നു പ്രഖ്യാപനം. പ്രവാസികളുടെ തൊഴിലിനെ സാരമായി ബാധിക്കുന്ന പ്രഖ്യാപനമാണ് മന്ത്രാലയത്തിൽ നിന്ന് വന്നിട്ടുള്ളത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top