കുവൈത്ത് സിറ്റി > കുവൈത്തിൽ ഈ വർഷം സെപ്തംബർ പകുതി വരെ 4,056 തീപിടിത്തങ്ങൾ ഉണ്ടായതായി കുവൈത്ത് ഫയർഫോഴ്‌സിൻ്റെ ആക്ടിംഗ് ചീഫ് മേജർ ജനറൽ ഖാലിദ് ഫഹദ്. കുവൈത്ത് സിറ്റിയിൽ 140, ഹവല്ലി 169, മുബാറക് അൽ കബീർ 124, ഫർവാനിയ 174, ജഹ്‌റ 132, അഹമ്മദി 169 എന്നിങ്ങനെയാണ് കണക്കുകൾ. ജനവാസ മേഖലകളിലെ തീപിടിത്തങ്ങളുടെ എണ്ണം 918ഉം നോൺ റെസിഡൻഷ്യൽ ഏരിയകളിലെ തീപിടിത്തം 411മാണ്.
ഗതാഗത തീപിടിത്തങ്ങളുടെ എണ്ണം 739 ആണ്. എഴു സമുദ്ര ഗതാഗത കേസുകളും 731 കര ഗതാഗത കേസുകളും റിപ്പോർട്ട് ചെയ്തു . രക്ഷാപ്രവർത്തനങ്ങളുടെ എണ്ണം 5997 ആണ്. കുട്ടികളുടെ വിവിധ പ്രവൃത്തികൾ, താപ സ്രോതസ്സുകളിൽ കൃത്രിമം കാണിക്കൽ, ബോധപൂർവമായ ചില പ്രവൃത്തികൾ എന്നിവ വഴിയും തീപിടിത്തങ്ങൾ ഉണ്ടായിട്ടുണ്ട്. കെട്ടിടങ്ങൾക്ക് പുതിയ സുരക്ഷാ ചട്ടങ്ങൾ നടപ്പിലാക്കുമെന്ന് മേജർ ജനറൽ ഖാലിദ് ഫഹദ് പറഞ്ഞു.
മംഗഫ് തീപിടിത്തത്തിന് ശേഷം രാജ്യത്തുടനീളം പ്രതിരോധ നടപടികൾ വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഒരു വലിയ സംരംഭത്തിൻ്റെ ഭാഗമാണ് ഈ നീക്കം. കെട്ടിടങ്ങളെ ഫയർഫോഴ്‌സിൻ്റെ പ്രധാന ഓപ്പറേഷൻ റൂമുമായി ബന്ധിപ്പിക്കുന്ന ഒരു പ്രധാന പദ്ധതി വർഷാവസാനത്തോടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭാവിയിൽ തീപിടിത്തം ഉണ്ടാകാതിരിക്കാൻ മേൽക്കൂരയുടെ വാതിലുകൾ, ബേസ്മെൻ്റുകൾ, സ്റ്റോറേജ് സൗകര്യങ്ങൾ തുടങ്ങിയ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് കെട്ടിടങ്ങളിൽ പരിശോധന ശക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..