കുവൈത്ത് സിറ്റി > ഡിസംബർ ഒന്നിന് കുവൈത്തിൽ നടക്കുന്ന 45-ാമത് ഗൾഫ് സഹകരണ കൗൺസിൽ ജിസിസി ഉച്ചകോടിയുടെ ഒരുക്കങ്ങൾ പൂർത്തിയാക്കി കുവൈത്ത് . അംഗരാജ്യങ്ങൾ തമ്മിലുള്ള വൈദ്യുത-റെയിൽവെ കണക്ടിവിറ്റി, നയതന്ത്ര ബന്ധം, സൈബർ സുരക്ഷ എന്നിവയുൾപ്പെടുന്ന വിഷയങ്ങളാണ് ഉച്ചകോടിയുടെ അജണ്ടയെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ-യഹ്യാ പറഞ്ഞു.
കുവൈത്തിൽ നടക്കുന്ന ജിസിസി ഉച്ചകോടിയുടെ മുന്നോടിയായി മന്ത്രിതല കൗൺസിലിന്റെ 162ാമത് സെഷന്റെ തയാറെടുപ്പ് യോഗം ചേർന്നു. 45ാമത് ജി.സി.സി ഉച്ചകോടി സംയുക്ത പ്രാദേശിക സഹകരണത്തിന്റെ മറ്റൊരു സവിശേഷ നാഴികക്കല്ലാകുമെന്ന് ജി.സി.സി സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവി. ഉച്ചകോടിക്ക് മുന്നോടിയായുള്ള മന്ത്രിതല സമിതിയുടെ 162ാമത് സെഷനിൽ സംസാരിക്കുകയായിരുന്നു അൽ ബുദൈവി.സഹകരണം ശക്തിപ്പെടുത്തുന്നതിനും വെല്ലുവിളികൾ നേരിടുന്നതിനും അംഗരാജ്യങ്ങൾക്കിടയിൽ ശോഭനമായ ഭാവി കെട്ടിപ്പടുക്കുന്നതിനും ലക്ഷ്യമിടുന്ന ജി.സി.സി നേതാക്കളുടെ വ്യക്തമായ ദർശനങ്ങളിൽ അൽ ബുദൈവി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ജി.സി.സി അംഗരാജ്യങ്ങൾ തമ്മിലുള്ള സാഹോദര്യ ബന്ധത്തിന്റെ ആഴവും സംയുക്ത താൽപര്യവും ഉൾക്കൊള്ളുന്നതാണ് യോഗമെന്ന് അധ്യക്ഷത വഹിച്ച കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്യ പറഞ്ഞു.മേഖലയിലും ലോകത്തും വെല്ലുവിളികൾ വർധിക്കുകയും പ്രതിസന്ധികൾ വഷളാവുകയും ചെയ്യുന്ന നിർണായക ഘട്ടത്തിലാണ് ഈ യോഗം. അറബ്-ഇസ്ലാമിക് ഉച്ചകോടിയുടെ മിനിസ്റ്റീരിയൽ കമ്മിറ്റി ശ്രമങ്ങളെയും, സൗദി അറേബ്യയുടെ നിർണായക പങ്കിനെയും, ഗസ്സയിലെ മാനുഷിക പ്രതിസന്ധിയെ നേരിടാനുള്ള നയതന്ത്ര ദുരിതാശ്വാസ ശ്രമങ്ങളെയും അൽ യഹ്യ പ്രശംസിച്ചു.
ലബനാനിലും സിറിയയിലും ഇസ്രായേൽ തുടരുന്ന ആക്രമണങ്ങളെ അവഗണിക്കാൻ കഴിയില്ലെന്ന് പറഞ്ഞ അൽ യഹ്യ വെടിനിർത്തൽ കരാറിനെ പ്രശംസിച്ചു. ലബനാന്റേയും സിറിയയുടേയും പരമാധികാരത്തിനും സ്ഥിരതയെയും പിന്തുണ പുതുക്കുകയും മേഖലയിലെ ബാഹ്യ ഇടപെടൽ അവസാനിപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
ജിസിസി ഉച്ചകോടിയുടെ മീഡിയ സെന്റർ ഇൻഫർമേഷൻ ആൻഡ് കൾച്ചറൽ മന്ത്രിയും യുവജനകാര്യ സഹമന്ത്രിയുമായ അബ്ദുറഹ്മാൻ അൽ മുതൈരി ഉദ്ഘാടനം ചെയ്തു. കുവൈത്തും ജി.സി.സി രാജ്യങ്ങളും തമ്മിലുള്ള ബന്ധം ആഴത്തിലുള്ളതും മാതൃകാപരവും മികച്ചതുമാണെന്ന് അദ്ദേഹം പറഞ്ഞു. അത്യാധുനിക സ്റ്റുഡിയോ, ആധുനിക കമ്പ്യൂട്ടറുകൾ, ഓഡിറ്റോറിയം, ഇന്റർനെറ്റ് സൗകര്യം എന്നിവ സജ്ജീകരിച്ചിരിക്കുന്ന മീഡിയ സെന്റർ 80 മാധ്യമപ്രവർത്തകർക്കും അതിഥികൾക്കും ഗൾഫ് ഉച്ചകോടിയും അതിന്റെ പ്രവർത്തനങ്ങളും സുഗമമായി റിപ്പോർട്ട് ചെയ്യാൻ കഴിയുന്ന തരത്തിലാണ്. ജി.സി.സി അംഗരാജ്യങ്ങളുടെയും സെക്രട്ടേറിയറ്റിന്റേയും എക്സിബിഷനും സെന്ററിൽ ഉൾപ്പെടുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..