റിയാദ് > അബീര്‍ ഗ്രൂപ്പ് എക്‌സ്പ്രസ് വിഭാഗവും -ഫോക്കസ് കൂട്ടായ്മയും ചേർന്ന് സൗജന്യ മള്‍ട്ടി സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പും വൃക്ക പരിശോധനയും നടത്തുന്നു. ഡിസംബര്‍ 20 വെളളി രാവിലെ 9 മുതല്‍ രാത്രി 9 വരെ ന്യൂ സനയ്യയിലെ അബീര്‍ എക്‌സ്പ്രസ് ക്ലിനിക്കില്‍ വെച്ചായിരിക്കും ക്യാമ്പ് സംഘടിപ്പിക്കുക. അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് 25-ാം വാര്‍ഷികത്തിന്റെ ഭാഗമായി സന്നദ്ധ സംഘടന ഫോക്കസ് ഇന്റര്‍നാഷണല്‍ റിയാദ് ഡിവിഷനുമായി സഹകരിച്ചാണ് മെഡിക്കല്‍ ക്യാമ്പ്.
1,000 രോഗികളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന സംവിധാനമാണ് ക്യാമ്പില്‍ ഒരുക്കിയിട്ടുളളത്. ഗുണമേന്മയുള്ള ആരോഗ്യപരിചരണം, ആരോഗ്യ ബോധവത്ക്കരണം എന്നിവയുടെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നതെന്ന് അബീര്‍ റീജിയനല്‍ ഓപ്പറേഷന്‍ മാനേജര്‍ ബിജു കുഞ്ഞപ്പൻ, ഫോക്കസ് ഇന്റര്‍നാഷണല്‍ പ്രതിനിധി ഷമീം വെളേളടത്ത് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നിലവിൽ ഭൂരിഭാഗം പേരും ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയുളളവര്‍ ആണെങ്കിലും ജീവിത ശൈലി രോഗങ്ങള്‍ പരിശോധിച്ചു. രോഗ നിര്‍ണയം നടത്തി മുന്‍കരുതല്‍ എടുക്കുന്നതിൽ വേണ്ടത്ര ജാഗ്രത കാണിക്കുന്നവരല്ല. പലരോഗങ്ങൾക്കും പ്രത്യേകിച്ച് വര്‍ധിച്ചു വരുന്ന വൃക്ക രോഗങ്ങളെ നേരത്തെ കണ്ടെത്തി ഫലപ്രദമായി ചികിത്സിക്കാന്‍ കഴിയും. മുൻപ് നടത്തിയ ക്യാമ്പിൽ ആയിരത്തോളം പേരെ പരിശോദിച്ചതിൽ 12 പേരെ കണ്ടെത്താനായിരുന്നു. ഇവർക്ക് തുടർചികികിത്സ നൽകാനും, ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനും സാധിച്ചു.
ന്യൂ സനയ്യ പോലെ വിവിധ രാജ്യക്കാരായ തൊഴിലാളികൾ ഏറെ തിങ്ങിപാർക്കുന്ന ഇടത്ത് കൂടുതല്‍ പേരെ പരിശോദനക്ക് വിധേയമാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. വൃക്കരോഗ നിര്‍ണയത്തിനു പുറമെ വിദഗ്ദ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ സ്‌പെഷ്യാലിറ്റി കണ്‍സള്‍ട്ടേഷന്‍, പ്രമേഹ നിര്‍ണയ പരിശോധന, രക്തസമ്മര്‍ദ്ദം, ബോഡി മാസ് ഇന്‍ഡക്‌സ് വിശകലനം, ഹൃദ്രോഗ പരിശോധന, ബോധവത്ക്കരണ ക്ലാസുകള്‍ എന്നിവ ക്യാമ്പിന്റെ ഭാഗമായി നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0554801479 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്നും സംഘാടകര്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ ഡോ. ഐമന്‍, അബ്ദുല്‍ ബാസിത്, മന്‍ഹജ് സാലിം, ഐഎംകെ അഹ്മദ് എന്നിവരും സന്നിഹിതരായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..