അബുദാബി > അബുദാബി സിറ്റി കലാലയം സാംസ്‌കാരികവേദി സംഘടിപ്പിച്ച പതിനാലാമത് എഡിഷന്‍ പ്രവാസി സാഹിത്യോത്സവ് സമാപിച്ചു. പ്രവാസി യുവതയുടെ സാംസ്‌കാരിക ചിന്തകളും സർഗ്ഗ വിചാരങ്ങളും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കലാലയം സാംസ്കാരിക വേദി സംഘടിപ്പിച്ചു വരുന്ന പ്രവാസി സാഹിത്യോത്സവ് ഗള്‍ഫ് മലയാളികളുടെ സാംസ്കാരികോത്സവം കൂടിയാണ്.
പരിപാടിയുടെ ഭാഗമായി ഒക്ടോബര്‍ 20 ന് ഐഐസിസി ഓഡിറ്റോറിയത്തിൽ സ്റ്റേജിതര മത്സരങ്ങള്‍ക്കും, ഒക്ടോബർ 27 ന് ഫോക്‌ലോർ തിയേറ്ററിൽ സ്റ്റേജ് മത്സരങ്ങളും നടന്നു. പ്രൈമറി തലം മുതൽ 30 വയസ്സ് വരെയുള്ള പ്രവാസികളാണ് വിവിധ മത്സരങ്ങളിൽ മാറ്റുരച്ചത്. ഫാമിലി, യൂനിറ്റ്, സെക്ടർ ഘടകങ്ങളിലായി നടന്ന മത്സരങ്ങളിലെ വിജയികളാണ് സോൺ തലത്തിൽ മത്സരാർത്ഥികളായത്. വിവിധ വിഭാഗങ്ങളിലായി 99 ഇന മത്സരങ്ങളിൽ നിന്നായി 600ഓളം പ്രതിഭകൾ പങ്കെടുത്തു.
ഖാലിദിയ്യ, അല്‍ വഹ്‌ദ, മദീനാ സായിദ് സെക്ടറുകള്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി. ഇമ്രാന്‍ അബൂബക്കര്‍ കലാപ്രതിഭാ പുരസ്ക്കാരവും, ജുസയ്ല ജസീര്‍, മുഹമ്മദ് സഈദ് സര്‍ഗ പ്രതിഭ പുരസ്ക്കാരവും കരസ്ഥമാക്കി. സോൺ തലത്തിൽ വിജയിച്ച മത്സരാർത്ഥികൾ നവംബർ 24ന് അബുദാബി നാഷണൽ തിയേറ്ററിൽ വെച്ച് നടക്കുന്ന യുഎഇ നാഷനൽ തല മത്സരങ്ങളിൽ മാറ്റുരക്കും.
സാഹിത്യോത്സവത്തോടനുബന്ധിച്ച് പൊതുജനങ്ങൾക്കും, കുടുംബിനികള്‍ക്കും, പ്രീ പ്രൈമറി കുട്ടികള്‍ക്കുമായി പ്രബന്ധ രചന, പുഡ്ഡിംഗ് മേക്കിങ്, കളറിംഗ് തുടങ്ങി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. പ്രബന്ധ രചന മത്സരത്തിൽ നബീസത് റസീന, പുഡിങ് മത്സരത്തിൽ ഖമറുന്നിസ, കളറിങ് മത്സരത്തിൽ അൻവിത സുരേഷ്, ജന്ന മുഹമ്മദ് എന്നിവർ വിജയികളായി. പരിപാടിയുടെ ഭാഗമായി "ഗാഫ് മരം കഥ പറയുന്നു’ എന്ന ശീര്‍ഷകത്തില്‍ സാഹിത്യ ചര്‍ച്ചയിൽ നാസർ തമ്പി, സാലിഹ് മാളിയേക്കൽ, ജാഫർ കുറ്റിക്കോട്, ഇർഫാദ് മായിപ്പാടി എന്നിവർ സംബന്ധിച്ചു.
സമാപന സമ്മേളനം ഐസിഎഫ് നാഷണൽ ജനറൽ സെക്രട്ടറി ഹമീദ് പരപ്പ ഉദ്ഘാടനം ചെയ്തു. ഉസ്മാൻ സഖാഫി തിരുവത്ര അധ്യക്ഷനായി. ബനിയാസ് സ്പൈക്ക് എംഡി കുറ്റൂര്‍ അബ്ദുറഹ്‌മാന്‍ ഹാജി, അബ്ദുറഹ്മാൻ ഹാജി, പി സി ഹാജി, റാഷിദ് മൂര്‍ക്കനാട് എന്നിവർ ആശംസ നേർന്നു. ഇബ്രാഹിം ഇർഫാൻ മാലി സ്വാഗതവും കമറുദ്ധീൻ മാഷ് നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..