അബുദാബി > 38ാമത് അബുദാബി ശക്തി അവാർഡ് സമർപ്പണം ആഗസ്ത് 25 വൈകിട്ട് മൂന്നിന് ചെങ്ങന്നൂർ ഐഎച്ച്ആർഡി എഞ്ചിനീയറിംഗ് കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുമെന്ന് സംഘാടകർ അറിയിച്ചു. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി.ഗോവിന്ദൻ അവാർഡ് സമർപ്പണം ഉദ്ഘാടനം ചെയ്യും. സാംസ്കാരിക മന്ത്രി സജി ചെറിയാൻ മുഖ്യാതിഥിയായി പങ്കെടുക്കും.
മലയാളത്തിലെ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിനായി ശക്തി തിയറ്റേഴ്‌സ് അബുദാബി 1987ൽ ഏർപ്പെടുത്തിയതാണ് അബുദാബി ശക്തി അവാർഡ്. കവിത, നോവൽ, ചെറുകഥ, വൈജ്ഞാനിക സാഹിത്യം, ബാലസാഹിത്യം, നാടകം എന്നീ ശാഖകളിൽ പെടുന്ന കൃതികൾക്കാണ് അബുദാബി ശക്തി അവാർഡ് നൽകിവരുന്നത്.
ശക്തി തിയറ്റേഴ്‌സും പ്രമുഖ സാഹിത്യ നിരൂപകൻ തായാട്ട് ശങ്കരന്റെ ഭാര്യ പ്രൊഫ. ഹൈമവതി തായാട്ടും സംയുക്തമായി 1989ൽ ഏർപ്പെടുത്തിയ ശക്തി തായാട്ട് അവാർഡും 2006 വരെ അവാർഡ് കമ്മിറ്റി ചെയർമാനായിരുന്ന മുൻ മന്ത്രി ടി കെ രാമകൃഷ്ണന്റെ സ്മരണയ്ക്കായി സാംസ്‌കാരിക, വൈജ്ഞാനിക, സാമൂഹ്യ സേവനരംഗങ്ങളിൽ മികവ് തെളിയിച്ച വ്യക്തികൾക്ക് 2007 മുതൽ നൽകിവരുന്ന ശക്തി ടി കെ രാമകൃഷ്ണൻ പുരസ്‌കാരവും 2014 മുതൽ ഇതര സാഹിത്യ കൃതികൾക്ക് നൽകിവരുന്ന ശക്തി എരുമേലി പുരസ്‌കാരവും ഇതോടൊപ്പം നൽകുന്നതാണ്.
പരിപാടിയുടെ വിജയത്തിനായി പി കെ കുഞ്ഞച്ചൻ സ്മാരക മന്ദിരത്തിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗത്തിൽ മന്ത്രി സജി ചെറിയാൻ, സിപിഐ എം ജില്ല സെക്രട്ടറി ആർ നാസർ എന്നിവർ രക്ഷാധികാരികളായുള്ള സ്വാഗതസംഘം രൂപീകരിച്ചു. എം എച്ച് റഷീദ് (ചെയർമാൻ), എം ശശികുമാർ (ജനറൽ കൺവീനർ), എൻ വി മോഹനൻ (കൺവീനർ), പി എൻ ഗോവിന്ദൻ നമ്പൂതിരി (ട്രഷറാർ) എന്നിവരാണ് മറ്റു ഭാരവാഹികൾ.
സിപിഐ എം ചെങ്ങന്നൂർ ഏരിയ സെക്രട്ടറി എം ശശികുമാർ സംഘാടകസമിതി യോഗം ഉദ്ഘാടനം ചെയ്തു. ജില്ല കമ്മിറ്റിയംഗം എം എച്ച് റഷീദ് അധ്യക്ഷനായി. ശക്തി തിയറ്റേഴ്സ് മുൻ വൈസ് പ്രസിഡന്റ് പി എൻ ഗോവിന്ദൻ നമ്പൂതിരി പരിപാടികൾ വിശദീകരിച്ചു. പുരോഗമന കലാസാഹിത്യ സംഘം ഏരിയ സെക്രട്ടറി എം കെ ശ്രീകുമാർ, സുനിൽ വെൺപാല എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..