23 December Monday

ലിഫ്റ്റ് ചോദിച്ച് കയറിയ വാഹനം അപകടത്തിൽ പെട്ടു; ബീഹാർ സ്വദേശി മരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Nov 22, 2024

റിയാദ് > ലിഫ്റ്റ് ചോദിച്ച് കയറിയ വാഹനം അപകടത്തിൽ പെട്ട് ബിഹാർ സ്വദേശി മരിച്ചു. ബിഹാർ സ്വദേശി അഷ്റഫ് അലി (25)യാണ്  അപകടത്തിൽ മരിച്ചത്. റിയാദിലെ അൽഖർജ് അൽമറായ് റോഡിലായിരുന്നു സംഭവം.  20 ദിവസങ്ങൾക്ക് മുൻപ് അൽമറായ്‌  റോഡിൽ രണ്ട് ട്രെയിലറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചതായി പൊലീസ് പറഞ്ഞു. പൂർണ്ണമായും തകർന്ന രണ്ടു വാഹനങ്ങളിലെയും ഡ്രൈവർമാരായ  പാക്കിസ്ഥാൻ സ്വദേശിയേയും നേപ്പാൾ സ്വദേശിയേയും തിരിച്ചറിഞ്ഞു. എന്നാൽ മൂന്നാമത്തെ ആൾ ആരെന്നോ ഏത് രാജ്യക്കാരാണെന്നോ അറിയാതെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.

പാക്കിസ്ഥാനിയുടെ വാഹനത്തിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ലിഫ്റ്റ് ചോദിച്ചു കയറിയതാവാം എന്ന്  പോലീസ് പറഞ്ഞു. ആശുപത്രിയിൽ എത്തിച്ച സമയത്ത് മൃതദേഹത്തിൽ നിന്നും ലഭിച്ച വസ്തുക്കളിൽ നിന്നും പൊലീസിന് ഇഖാമ നമ്പർ ലഭിക്കുകയും അതുമായി നടത്തിയ പരിശോധനയിൽ ഇന്ത്യകാരനാണെന്ന് മനസ്സിലായതിനെ തുടർന്ന് കേളി അൽഖർജ് ജീവകാരുണ്യ കമ്മറ്റി കൺവീനർ നാസർ പൊന്നാനിയെ ബന്ധപ്പെടുകയായിരുന്നു.

നാസർ പൊന്നാനി ഇന്ത്യൻ എംബസ്സിയിൽ വിവരമറിയിക്കുകയും പോലീസ് നൽകിയ രേഖകളിൽ നിന്നും കൂടുതൽ അന്വേഷണം നടത്തിയാണ് അഷ്റഫ് അലിയെ തിരുച്ചറിഞ്ഞത്. തുടർ നടപടികൾ സ്വീകരിക്കാൻ നാസർ പൊന്നാനിയെ ചുമതല പെടുത്തുകയും ചെയ്തു. സ്പോൺസറുമായി ബന്ധപ്പെട്ടപ്പോൾ ഒരു വർഷം മുൻപ് ഹെവി ഡ്രൈവർ ജോലിക്കായി എത്തിയ അഷ്റഫ് അലി, ഇക്കാമ കിട്ടിയതിനു ശേഷം ജോലിക്ക് ഹാജരായിട്ടില്ലെന്നും തുടർന്ന് ഉറൂബ് ആക്കിയതായും അതിനാൽ തന്നെ മറ്റ് നടപടികളുമായി സഹകരിക്കാൻ തയ്യാറല്ലെന്നും സ്പോൺസർ അറിയിച്ചു.

ഇന്ത്യൻ എംബസി നാടുമായി ബന്ധപ്പെട്ട രേഖകൾ ശേഖരിക്കുകയും നാസർ പൊന്നാനി മറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കി. വ്യാഴാഴ്ച വൈകിട്ടുള്ള എയർ ഇന്ത്യ വിമാനത്തിൽ മൃതദേഹം നാട്ടിലെത്തിച്ചു. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥന്മാരായ പ്രവീൺകുമാർ, ഹരീഷ്, ശ്യാമ പ്രസാദ്, റിനീഫ് എന്നിവർ മൃതദേഹം  നാട്ടിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഇതിനായുള്ള ചിലവ് ഇന്ത്യൻ എംബസി വഹിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top