23 December Monday

എയർ കേരള യാഥാർഥ്യത്തിലേക്ക്; സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ പ്രവർത്തനാനുമതി ലഭിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jul 15, 2024

ദുബായ്> എയർകേരള യാഥാർഥ്യമാവുന്നു. പ്രാദേശിക എയർലൈൻ കമ്പനിയായ സെറ്റ്​ഫ്ലൈ (​zettfly) ഏവിയേഷന് സർവിസ്​ നടത്താൻ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിൻറെ പ്രവർത്തനാനുമതി (എൻഒസി) ലഭിച്ചു. ദുബായിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ സെറ്റ്​ഫ്ലൈ ചെയർമാനും പ്രമുഖ പ്രവാസി വ്യവസായിയുമായ അഫി അഹമ്മദ്​ യു പി സിയാണ്​ ഇക്കാര്യം അറിയിച്ചത്​. ആഭ്യന്തര സർവിസ്​ തുടങ്ങുന്നതിനാണ്​ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിൻറെ എൻഒസി ലഭിച്ചത്​.   

എയർകേരള യാഥാർഥ്യമാവുന്നതിലൂടെ കേരളത്തിൻറെ ടൂറിസം ട്രാവൽ രംഗത്ത് മാറ്റങ്ങൾ ഉണ്ടാകുമെന്നും പ്രവാസികളുടെ വിമാനയാത്ര ക്ലേശങ്ങൾക്ക് അറുതിവരുമെന്നും സെറ്റ്ഫ്ലൈ ഏവിയേഷൻ വൈസ്ചെയർമാൻ അയ്യൂബ് കല്ലട പറഞ്ഞു. തുടക്കത്തിൽ ടയർ2, ടയർ3 നഗരങ്ങളെ ബന്ധിപ്പിച്ചായിരിക്കും സർവിസ്​. ഇതിനായി 3 എടിആർ 72-600 വിമാനങ്ങളാണ്​ ഉപയോഗിക്കുക. നിർമാതാക്കളിൽ നിന്ന്​ വിമാനങ്ങൾ നേരിട്ട്​ സ്വന്തമാക്കാനുള്ള​ സാധ്യതകളും തേടുന്നുണ്ട്​​. സ്ഥാപനത്തിലേക്ക്​ കേരളത്തിൽ നിന്നുള്ള വ്യോമയാന ​മേഖലയിൽ വൈദഗ്ധ്യമുള്ളവരെയും പരിഗണിക്കും. അധികം വൈകാതെ വിമാനങ്ങളുടെ എണ്ണം 20 ആക്കി ഉയർത്തി വിദേശ രാജ്യങ്ങളിലേക്ക്​ സർവീസുകൾ വ്യാപിപ്പിക്കാനാണ്​ കമ്പനിയുടെ പദ്ധതി. എയർകേരള (airkerala.com) എന്ന ബ്രാൻഡിലാകും കമ്പനി സർവീസുകൾ നടത്തുകയെന്ന്​ അഫി അഹമ്മദ്പറഞ്ഞു.

മെഹ്മാൻ ദുബൈ ഹോട്ടലിൽ വെച്ച് നടന്ന വാർത്ത സമ്മേളനത്തിൽ സെറ്റ്ഫ്ളൈ ഏവിയേഷൻ ചെയർമാൻ അഫി അഹമ്മദ്​ യു പി സി, വൈസ് ചെയർമാൻ അയ്യൂബ് കല്ലട, കമ്പനി സെക്രട്ടറി ആഷിഖ് (ആഷിഖ് അസ്സോസിയേറ്റ്സ്), ജനറൽ മാനേജർ സഫീർ മഹമൂദ്, ലീഗൽ അഡ്വൈസർ ശിഹാബ് തങ്ങൾ (ദുബായ്)തുടങ്ങിയവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top