23 December Monday

അക്ബർ ആലിക്കരയുടെ 'ഗോസായിച്ചോറ്' നവംബർ 7ന്‌ പ്രകാശനം ചെയ്യും

വെബ് ഡെസ്‌ക്‌Updated: Thursday Nov 7, 2024

റാസൽ ഖൈമ > 2024 ലെ എസ്‌ കെ പൊറ്റെക്കാട്ട്‌ അവാർഡ്‌ നേടിയ 'ചിലയ്ക്കാത്ത പല്ലി ' എന്ന കഥാസമാഹാരത്തിനു ശേഷം ഹരിതം ബുക്സ്‌ പ്രസിദ്ധീകരിക്കുന്ന അക്ബർ ആലിക്കരയുടെ പുതിയ കഥാസമാഹാരമാണ്‌ ' ഗോസായിച്ചോറ്'. ആറ്‌ കഥകളാണ്‌ സമാഹാരത്തിലുള്ളത്‌. പുസ്തകത്തിന്‌ പ്രശസ്ത എഴുത്തുകാരൻ പി സുരേന്ദ്രൻ അവതാരികയും, ഡോ.പി എസ്‌ ശ്രികല ( ഡയറക്ടർ , കേരള നോളജ്‌ ഇക്കോണമി മിഷൻ) കഥകളുടെ പഠനവും എഴുതിയിരിക്കുന്നു.

മലയാള കഥയിൽ നിന്ന് രാഷ്ട്രീയ ഭാവനകൾ അന്യം നിന്ന് പോകുന്ന കാലത്താണ്‌ 'ഗോസായിച്ചോറ്‌ 'എന്ന സമാഹാരത്തിലെ കഥകൾ പ്രസക്തമാവുന്നതെന്ന് അവതാരികയിൽ എഴുത്തുകാരൻ പി സുരേന്ദ്രൻ കുറിക്കുന്നു. നിശബ്ദതയിൽ നിന്നും വായിച്ചെടുക്കുന്ന മുഹൂർത്തങ്ങൾക്ക് ഭാഷാന്തരീകരണം നടത്തുകയാണ് എല്ലാ കഥകളിലും അക്ബർ ചെയ്യുന്നതെന്നും മൗനത്തിൽ നിന്നുള്ള ഈ ഭാഷാന്തരീകരണത്തിന്‌ കഥാകൃത്ത്‌ സ്വീകരിക്കുന്നത് ലളിതമായ ആഖ്യാനമാണെന്നും സ്നേഹത്തിന്റെ ലോകം എത്ര വൈവിധ്യങ്ങൾ നിറഞ്ഞതാണെന്ന് കൂടി ഈ കഥകൾ ബോധ്യപ്പെടുത്തുന്നെന്ന് ഡോ. പി എസ്‌ ശ്രീകലയുടെ കുറിപ്പിൽ പറയുന്നു.

ജീവിതത്തിന്റെ സംഘർഷങ്ങളിലും സങ്കീർണ്ണതകളിലും നിന്ന് നിരീക്ഷിച്ചെടുക്കുന്ന മുഹൂർത്തങ്ങളെ കഥാരൂപത്തിൽ സുന്ദരമായി അവതരിപ്പിക്കുന്ന സർഗ്ഗാത്മകത എഴുത്തുകാരന്‌ സ്വന്തമായുണ്ടെന്ന് പഠന കുറിപ്പ്‌ സാക്ഷ്യപെടുത്തുന്നു. ഉറുബ്‌ ചെറുകഥാ അവാർഡ്‌ , അക്കാഫ്‌ പോപ്പുലർ ചെറുകഥാ അവാർഡ്‌ എന്നിവയും നേടിയിട്ടുള്ള അക്ബർ ആലിക്കരയുടെ 'ഗോസായിച്ചോറ് ' ഷാർജ ബുക്ക്ഫെയറിൽ നവംബർ 7 ന്‌ രാത്രി 8 മണിക്ക്‌ പ്രകാശനം ചെയ്യും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top