23 October Wednesday

അൽ ഇബ്തിസാമ സ്കൂൾ; സ്ഥലം ലഭ്യമാക്കുന്നതിന് ശ്രമങ്ങൾ നടത്തും: എം എ യൂസഫലി

വെബ് ഡെസ്‌ക്‌Updated: Tuesday Oct 22, 2024

ഷാർജ > ഷാർജ ഇന്ത്യൻ അസോസിയേഷൻ ആരംഭിച്ച അൽ ഇബ്തിസാമ സ്പെഷ്യൽ നീഡ് സ്കൂളിന് സ്വന്തമായി സ്ഥലം അനുവദിക്കുന്നതിന് ഭരണാധികാരികളുമായി ബന്ധപ്പെടുമെന്ന് നോർക്ക വൈസ് ചെയർമാനും പ്രമുഖ വ്യവസായിയുമായ എം എ യൂസഫലി. ഷാർജ ഇന്ത്യൻ അസോസിയേഷൻ ഓണം@45 നോടനുബന്ധിച്ച് എം എ യൂസഫലിയെ ആദരിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രവാസ മേഖലയിൽ  50 വർഷം പൂർത്തിയാക്കിയ എം എ യൂസഫലിയുടെ ജീവകാരുണ്യ രംഗത്തെ ഉദാത്തമായ സംഭാവനകളെ കണക്കിലെടുത്താണ് ആദരം ഒരുക്കിയത്.  ഷാർജ ഗവൺമെൻറ് റിലേഷൻസ് ഡിപ്പാർട്ട്മെൻറ് ഡയറക്ടർ ഷെയ്ക്ക് മാജിദ് ബിൻ അബ്ദുല്ല അൽ ഖാസിമി എം എ യൂസഫലിക്ക് ഉപഹാരം സമ്മാനിച്ചു. മന്ത്രിമാരായ എം ബി രാജേഷ്, പി പ്രസാദ്,  പാലക്കാട് എം പി വി കെ ശ്രീകണ്ഠൻ, ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ, എംഎൽഎമാർ, അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

കാരുണ്യവും സഹാനുഭൂതിയും ഏറെ ഉള്ളവരാണ് യുഎഇയിലെ ഭരണാധികാരികളെന്നും,  ഇന്ത്യൻ സമൂഹത്തോട് പ്രത്യേക സ്നേഹമാണ്.  യു എ ഇ പ്രസിഡന്റ് മുതൽ വിവിധ എമിറേറ്റുകളിലെ ഭരണാധികാരികൾ വരെ ഇക്കാര്യത്തിൽ ഒരേ മനസ്സുള്ളവരാണ് എന്നും സഹിഷ്ണുതയും സാഹോദര്യവും മുഖമുദ്രയാക്കി ലോക ജനതയെ മുഴുവൻ സ്വീകരിക്കുന്ന വിശാല മനസ്സാണ് അവർ കാണിക്കുന്നത് എന്നും, ഇന്ത്യക്കാരടക്കമുള്ളവർക്ക് ജോലി ചെയ്യാനും സംരംഭങ്ങൾ നടത്താനും ഉചിതമായ സാഹചര്യങ്ങൾ ഇത് സൃഷ്ടിക്കുന്നു എന്നും എം എ യൂസഫലി പറഞ്ഞു.

ഏതു മതക്കാർക്കും അവരുടെ വിശ്വാസമനുസരിച്ച് ജീവിക്കാനുള്ള അന്തരീക്ഷം യുഎഇയിൽ നിലനിൽക്കുന്നത് മനോഹരമായ ഒരു പ്രതിഭാസമാണ്. മതസഹിഷ്ണുതയെ വിശാലമായ അർത്ഥത്തിൽ ഉൾക്കൊള്ളുവാൻ യു എ ഇ യിലെ ഭരണാധികാരികൾക്ക് കഴിയുന്നുണ്ട്. പ്രവാസി ഇന്ത്യക്കാരുടെ ക്ഷേമ കാര്യങ്ങൾ ഭരണാധികാരികളുമായുള്ള കൂടിക്കാഴ്ചയിൽ എപ്പോഴും ചർച്ച ചെയ്യാറുണ്ടെന്നും ഷാർജ ഇന്ത്യൻ അസോസിയേഷന്റെ അൽ ഇബ്തിസാമ വിദ്യാഭ്യാസ സ്ഥാപനത്തിനുള്ള സ്ഥലം അനുവദിക്കുന്നതിന് ഷാർജ ഭരണാധികാരികളുമായി  ബന്ധപ്പെടുകയും, ഊർജിതമായ ശ്രമങ്ങൾ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top