കുവൈത്ത് സിറ്റി> ശനിയാഴ്ച നടക്കുന്ന അറേബ്യന്‍ ഗള്‍ഫ് കപ്പ് ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പിന്റെ (ഖലീജി സെയ്ന് 26) എല്ലാ തയാറെടുപ്പുകളും പൂർത്തിയാക്കിയതായി മത്സര സമിതിയുടെ തലവൻ ഡോ. ഹമദ് അൽ ഷൈബാനി പറഞ്ഞു. കുവൈത്ത് ആതിഥേയത്വം വഹിക്കുന്ന അറേബ്യന്‍ ഗള്‍ഫ് കപ്പ് ഡിസംബര്‍ 21 മുതല്‍ ജനുവരി 3 വരെയാണ്. ജാബിർ അന്താരാഷ്ട്ര സ്റ്റേഡിയം, സുലൈബിക്കാത്ത് സ്റ്റേഡിയം എന്നീ ഇടങ്ങളിലായിട്ടാണ് മത്സരങ്ങൾ നടക്കുന്നത്.
ടൂർണമെൻറിൻറെ സുപ്രീം സംഘാടക സമിതി ഉദ്ഘാടന ചടങ്ങിൻ്റെ അവസാന മിനുക്കുപണികൾ പൂർത്തിയാക്കി. ഡിസംബർ 21 ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് ജാബർ അൽ അഹമ്മദ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കും. അന്നേ ദിവസം രാത്രി 8 മണിക്ക് ആതിഥേയരായ കുവൈത്തും ഒമാനും തമ്മിലാണ് ഗൾഫ് കപ്പിൻ്റെ ഉദ്ഘാടന മത്സരം.
രണ്ടാം മത്സരത്തിൽ രാത്രി 10ന് സുലൈബിക്കാത്ത് ജാബിർ അൽ മുബാറക് സ്റ്റേഡിയത്തിൽ ഖത്തറും യു.എ.ഇയും ഏറ്റുമുട്ടും. ഫിഫ ലോകകപ്പ് "ഖത്തർ 2022", ബ്രസീലിലെ ഒളിമ്പിക് ഗെയിംസ് "റിയോ 2016", റഷ്യയിലെ വിൻ്റർ ഗെയിംസ് "സോച്ചി 2014" എന്നിവയുടെ ഉദ്ഘാടന ചടങ്ങ് നടത്തിയ "ബാൾട്ടിക് വണ്ടർ സ്റ്റുഡിയോ" കമ്പനിയാണ് ഉദ്ഘാടന ചടങ്ങ് നടത്തുന്നത്.
പങ്കെടുക്കുന്ന ടീമുകളുടെ പരിശീലനത്തിനായി എട്ടു സ്റ്റേഡിയങ്ങൾ തയാറാണ്. അറേബ്യൻ ഗൾഫ് കപ്പ് ഫെഡറേഷന്റെ ഡയറക്ടർ ബോർഡ് അംഗീകരിച്ച ടൂർണമെന്റിന്റെ എല്ലാ ചട്ടങ്ങളും ജി.സി.സി ഫെഡറേഷനുമായി ഏകോപിപ്പിച്ച് നടപ്പാക്കാൻ കമ്മിറ്റി പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇൻഫർമേഷൻ ആൻഡ് കൾചർ മന്ത്രിയും യുവജനകാര്യ സഹമന്ത്രിയും ടൂർണമെന്റിന്റെ സുപ്രീം സംഘാടക സമിതി ചെയർമാനുമായ അബ്ദുൽറഹ്മാൻ അൽ മുതൈരി എല്ലാ തയാറെടുപ്പുകളും സൂക്ഷ്മമായി പിന്തുടരുകയും നിർദേശങ്ങൾ നൽകുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അറേബ്യൻ ഗൾഫ് കപ്പിന് എല്ലാ ജോലികളും പൂർത്തിയാക്കിയതായി പൊതുമരാമത്ത് മന്ത്രാലയവും വ്യക്തമാക്കി.
ജാബർ അൽ-അഹമ്മദ് ഇൻ്റർനാഷണൽ സ്റ്റേഡിയത്തിന് സമീപമുള്ള പാർക്കിംഗ് ഏരിയകൾ, സുലൈബിഖാത്ത് ക്ലബ്ബ് എന്നിവ ഉൾപ്പെടെ എല്ലാ നിയുക്ത ജോലികളും പൂർത്തിയാക്കി. 12,000 വാഹനങ്ങൾക്കുള്ള പാർക്കിംഗ് സ്ഥലങ്ങളും 20 പ്രവേശന കവാടങ്ങളും ക്രമീകരിച്ചിട്ടുണ്ട്. കുവൈത്ത്, ബഹ്റൈൻ, ഇറാഖ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യു.എ.ഇ, യമൻ എന്നിവയാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന മറ്റു രാജ്യങ്ങൾ. മത്സര ടിക്കറ്റ് ബുക്കിങ്ങിനായി ‘ഹയകോം’ ആപ് സംഘാടക സമിതി പുറത്തിറക്കിയിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..