18 December Wednesday

ഏഷ്യാ കപ്പ് ജൂനിയർ വനിതാ ഹോക്കി കിരീടം ഇന്ത്യക്ക്

വെബ് ഡെസ്‌ക്‌Updated: Wednesday Dec 18, 2024

മസ്‌ക്കത്ത് > ഏഷ്യൻ ഹോക്കി ഫെഡറേഷൻ സംഘടിപ്പിച്ച 2024 ജൂനിയർ ഹോക്കി കപ്പ് കിരീടം ഇന്ത്യ നിലനിർത്തി. മസ്ക്കത്തിലെ അമരാത്ത് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഞായറാഴ്ച നടന്ന മത്സരത്തിൽ ചൈനയെ രണ്ടിനെതിരായ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഇന്ത്യൻ പെൺപട കിരീടത്തിൽ മുത്തമിട്ടത്. ഗ്രൂപ്പ് മത്സരത്തിൽ ചൈനയോടേറ്റ തോൽവിക്ക് മധുരപ്രതികാരം കൂടിയായി ഇന്ത്യക്ക് ഈ ജയം.  അവസാന നിമിഷം വരെ ആവേശം മുറ്റി നിന്ന കലാശപ്പോരാട്ടത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിലൂടെയാണ് വിജയികളെ കണ്ടെത്തിയത്. നിശ്ചിത സമയത്ത് കളിയവസാനിക്കുമ്പോൾ 1-1 എന്ന നിലയിലായിരുന്നു ഇരു ടീമുകളും.

പെനാൽറ്റി ഷൂട്ടൗട്ട് വേളയിൽ മൂന്നു ഗോളുകൾ രക്ഷപെടുത്തി മിന്നുന്ന പ്രകടനം കാഴ്ചവച്ച ഇന്ത്യൻ ഗോൾ കീപ്പർ നിധിയാണ് ഫൈനലിലെ താരം. നിർണ്ണായക മത്സരത്തിൽ നിധിയുടെ മനസ്സാന്നിധ്യം ഒന്നു മാത്രമാണ് നഷ്ടപ്പെടുത്തിയ ഒരു പെനാൽറ്റി കിക്കിന്റെ കടം തീർത്ത് ഇന്ത്യൻ ടീമിനെ വിജയത്തിലേക്ക് നയിച്ചത്.  

2023 ജപ്പാനിൽ വച്ചു നടന്ന ഏഷ്യാകപ്പ് ഫൈനലിൽ ദക്ഷിണ കൊറിയയെ പരാജപ്പെടുത്തിയായിരുന്നു ഇന്ത്യ കിരീടം നേടിയത്. നാലു തവണ കിരീടം നേടിയ ദക്ഷിണ കൊറിയയ്ക്കും, മൂന്ന് തവണ കിരീടം നേടിയ ചൈനയ്ക്കും പിറകിലായാണ് ഇപ്പോൾ ഇന്ത്യയുടെ സ്ഥാനം. ഡിസംബർ ആദ്യവാരം അമരാത്ത് സ്റ്റേഡിയത്തിൽത്തന്നെ നടന്ന ജൂനിയർ പുരുഷ ഹോക്കി ഫൈനലിൽ ഇന്ത്യൻ ടീം കിരീടം നേടിയിരുന്നു. ശനിയാഴ്ച്ച നടന്ന സെമിഫൈനലുകളിൽ ഇന്ത്യ ജപ്പാനെയും, ചൈന ദക്ഷിണ കൊറെയെയും പരാജപ്പെടുത്തിയാണ് ഫൈനിലേക്ക് കടന്നത്. ലൂസേഴ്‌സ് ഫൈനലിൽ ജപ്പാനെ പരാജയപ്പെടുത്തിയ ദക്ഷിണ കൊറിയയ്ക്ക് വെങ്കലം ലഭിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top