മനാമ > ബഹ്‌റൈന്‍ അന്താരാഷ്ട്ര എയര്‍ ഷോ നവംബര്‍ 13 മുതല്‍ 15 വരെ സാഖിര്‍ എയര്‍ ബേസില്‍ നടക്കും. എയര്‍ ഷോയില്‍ വ്യോമാഭ്യാസ പ്രദര്‍ശന ടീമുകള്‍, യാത്രാ വിമാനങ്ങള്‍, സൈനിക വിമാനങ്ങള്‍, വ്യോമയാനമേഖലയിലെ പുതിയ സംരഭങ്ങള്‍ തുടങ്ങിയവ അണിനിരക്കും.
ലോകോത്തര ഫ്‌ളെയിംഗ് ഡിസ്‌പ്ലേ ടീമുകള്‍ അണിനിരക്കുന്ന എയര്‍ ഷോയില്‍ ബി52, എ35, ടൈഫൂണ്‍, എ16, മിറാഷ് 2000 എന്നിവയുള്‍പ്പെടെ യുദ്ധ വിമാനങ്ങള്‍ പ്രദര്‍ശിപ്പിക്കും. സൗദി ഹോക്‌സ്, ബോയിങ് 787 ഡ്രീംലൈനര്‍, വാണിജ്യ, ബിസിനസ് ജെറ്റുകള്‍, ചരക്ക്, ചെറുവിമാനങ്ങള്‍ ഉൾപ്പെടെ നൂറോളം വിമാനങ്ങള്‍ പ്രദര്‍ശനത്തിലുണ്ടാകും.
വാണിജ്യ, ബിസിനസ് ജെറ്റുകള്‍ മുതല്‍ ചരക്ക്, ചെറുവിമാനങ്ങള്‍ വരെയുള്ള നൂറോളം വിമാനങ്ങള്‍ പ്രദര്‍ശനത്തില്‍ ഉണ്ടാകും. മേഖലയിലെ വാണിജ്യ ബഹിരാകാശ വിക്ഷേപണങ്ങള്‍, സാങ്കേതിക നവീകരണം, ഭാവിയിലെ തൊഴില്‍ ശക്തി വെല്ലുവിളികള്‍ എന്നിവ എയര്‍ഷോയില്‍ ചര്‍ച്ച ചെയ്യും. വിദഗ്ധര്‍ പങ്കെടുക്കുന്ന മനാമ എയര്‍ പവര്‍ സിമ്പോസിയവും സംഘടിപ്പിച്ചിട്ടുണ്ട്.
ബോയിങ്, ഗള്‍ഫ്‌സ്ട്രീം, ബിഎഇ സിസ്റ്റംസ്, എയര്‍ബസ്, റോള്‍സ് റോയ്‌സ്, സിഎഫ്എം ഇന്റര്‍നാഷനല്‍, ലോക്ക്ഹീഡ് മാര്‍ട്ടിന്‍, തേല്‍സ് ഗ്രൂപ്, ഇന്ദ്ര സിസ്റ്റമാസ്, എംബ്രയര്‍, ലിയോനാര്‍ഡോ, ബെല്‍ ഹെലികോപ്ടര്‍ എന്നിവയുള്‍പ്പെടെ സിവില്‍, മിലിട്ടറി ഏവിയേഷനിലെ പ്രമുഖ ആഗോള കമ്പനികള്‍ പങ്കെടുക്കും. വിദ്യാഭ്യാസ അവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്ന അന്താരാഷ്ട്ര ഏവിയേഷന്‍ സ്ഥാപനങ്ങള്‍ പങ്കെടുക്കും. യൂറോപ്പ്, യുഎസ്, ചൈന, മലേഷ്യ, തായ്‌ലന്‍ഡ് എന്നിവിടങ്ങളില്‍നിന്നുള്ള എയര്‍പോര്‍ട്ട് ഗ്രൗണ്ട് സര്‍വിസുകളിലെ വിദഗ്ധരായ 13 കമ്പനികളും പങ്കെടുക്കും.
സൈനിക, സൈനികേതര മേഖലകളില്‍നിന്നുള്ള പ്രതിനിധികള്‍ക്ക് പരസ്പരം ആശയ വിനിമയത്തിനും ബിസിനസ് മീറ്റിനും ഷോ വേദിയൊരുക്കുന്നു. ആഗോള കമ്പനികളുമായുള്ള പങ്കാളിത്തം സുഗമമാക്കുക, ശാസ്ത്ര, എന്‍ജിനീയറിങ്, സാങ്കേതിക മേഖലകളില്‍, പ്രത്യേകിച്ച് വ്യോമയാനം, ബഹിരാകാശ ശാസ്ത്രം എന്നിവയില്‍ വൈദഗ്ധ്യ വികസനത്തിന് അവസരങ്ങള്‍ നല്‍കുക എന്നിവ എയര്‍ഷോയിലൂടെ സാധ്യമാകും.
രാജ്യത്തെ സ്‌കൂളുകളില്‍നിന്നുള്ള 5000ത്തിലധികം വിദ്യാര്‍ഥികളെ ഇത്തവണ എയര്‍ഷോയില്‍ പങ്കെടുപ്പിക്കും. കുട്ടികള്‍ക്കും ചെറുപ്പക്കാര്‍ക്കും എയര്‍ഷോയില്‍ പൈലറ്റുമാരെ കാണാന്‍ അവസരം ഒരുക്കും. സയന്‍സ്, കമ്പ്യൂട്ടിങ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിവയില്‍ തങ്ങളുടെ വൈദഗ്ധ്യം പ്രകടിപ്പിക്കുന്നതിന് സര്‍വകലാശാലകള്‍ക്ക് അവസരമുണ്ട്. വിദ്യാര്‍ഥികള്‍ക്ക് ദിവസേന എയര്‍ ഡിസ്‌പ്ലേകള്‍ ആസ്വദിക്കാനും വിദ്യാഭ്യാസ ശില്‍പശാലകളില്‍ പങ്കെടുക്കാനും കഴിയും.
എന്‍ജിനീയര്‍മാര്‍, പൈലറ്റുമാര്‍, ബഹിരാകാശയാത്രികര്‍, ക്രാഫ്റ്റിങ്, സിമുലേറ്ററുകള്‍ എന്നിവ സംബന്ധിച്ച വര്‍ക്ക് ഷോപ്പുകളും നടക്കും. 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമാണ്. മറ്റുള്ളവര്‍ക്ക് അഞ്ച് ദീനാറിന് ടിക്കറ്റ് ലഭിക്കും. 2010ലാണ് ബഹ്‌റൈനില്‍ എയര്‍ ഷോക്ക് തുടക്കമായത്. 2022ല്‍ നടന്ന എയര്‍ഷോയില്‍ 50,000ത്തിലധികംപേര്‍ സന്ദര്‍ശിച്ചു. 200ലധികം സൈനിക, സിവില്‍ പ്രതിനിധികളും 50 രാജ്യങ്ങളില്‍നിന്നുള്ള 186 കമ്പനികളും പങ്കെടുത്തു. 185 കോടി ഡോളര്‍ മൂല്യമുള്ള ബിസിനസ് ഇടപാടുകള്‍ ഒപ്പുവെക്കുകയും ചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..