02 December Monday

ഫാസിസത്തിന് സ്ഥായിയായ നിലനിൽപ്പില്ല: പ്രകാശ് രാജ്

വെബ് ഡെസ്‌ക്‌Updated: Monday Dec 2, 2024

മനാമ > ഫാസിസ്റ്റ് വ്യവസ്ഥയും ഭരണവും ചരിത്രത്തിലുണ്ടായിട്ടുണ്ടെന്നും എന്നാൽ അതൊന്നും സ്ഥായിയായി നിലനിന്നിട്ടില്ലെന്നും പ്രശസ്ത നടനും സംവിധായകനുമായ പ്രകാശ് രാജ്. ഭാവി ശുഭകരമാകുമെന്നാണ് കരുതുന്നത്. ബഹ്‌റൈൻ കേരളീയ സമാജത്തിൽ അന്താരാഷ്ട്ര പുസ്തകോൽസവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗൗരി ലങ്കേഷിനെയും കൽബുർഗിയെയും ഇല്ലാതാക്കിയാൽ അവരുടെ ആശയം ഇല്ലാതാവുമെന്ന് കരുതിയവർ ഭീരുക്കളാണ്. അവർ കള്ളങ്ങളിൽ ജീവിക്കുന്നവരാണ്. ആയിരം തവണ കള്ളം പറഞ്ഞ്, അവർ കള്ളത്തെ സത്യമാക്കാൻ ശ്രമിക്കുന്നു. എന്നാൽ നമ്മൾ നൂറുതവണ സത്യം പറഞ്ഞുകൊണ്ടേയിരിക്കുക എന്നതാണതിനെ ചെറുക്കുവാനുള്ള ഏക മാർഗ്ഗം.

താൻ ഒരു മതത്തിനും വിശ്വാസത്തിനും എതിരല്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ മനുഷ്യനെ ചൂഷണം ചെയ്യാൻ മതത്തെ ഉപയോഗിക്കുന്ന മനുഷ്യ വിരുദ്ധർക്ക് ഞാൻ എതിരാണ്. ഒരു ഫാഷിസ്റ്റ് ശക്തിയെയും താൻ ഭയപ്പെടുന്നില്ല. ഭയം എന്നത് മരണമാണ്. മരിക്കുന്നതിനു മുമ്പ് തന്നെ മരിക്കാൻ താൻ ഇഷ്ടപ്പെടുന്നില്ലെന്നും പ്രകാശ് രാജ് പറഞ്ഞു. രാഷ്ടീയ വിശ്വാസങ്ങളും പ്രവർത്തനവും മൂലം പല നഷ്ടങ്ങളും ഉണ്ടായിട്ടുണ്ട്. പല സിനിമകളും നഷ്ടപ്പെട്ടു. എന്നാൽ അങ്ങനെ വരുമ്പോൾ നമ്മൂടെ കഴിവുകൊണ്ട് അതിനെ നേരിടുകയാണ് വേണ്ടത്. സിനിമയിൽ ആരും വിളിച്ചില്ലെങ്കിൽ സ്വന്തമായി സിനിമ നിർമ്മിക്കണം. ഞാൻ നിർമ്മാതാവിന്റെ കുപ്പായം അണിഞ്ഞിട്ടുണ്ട്. ഫാമിങ് ഉണ്ട്. ധാരാളമായി യാത്ര ചെയ്യുന്നുണ്ട്. അതൊക്കെ എന്റെ ഇഷ്ടങ്ങളാണ്. അതുകൊണ്ട് എന്റെ വായടപ്പിക്കാമെന്നും തകർക്കാമെന്നും ആരും കരുതേണ്ടതില്ല.

പലസ്തീനിയൻ കവി മർവാൻ മഖൂലിന്റെ വരികളാണ് ഈ അവസരത്തിൽ ഓർമ്മിക്കുന്നത്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് യുദ്ധവിരുദ്ധ പ്രതിഷേധക്കാർ അത് ഏറ്റുചൊല്ലിക്കൊണ്ടിരിക്കുന്നു.''രാഷ്ട്രീയം ഇല്ലാത്ത ഒരു കവിത എഴുതണമെങ്കിൽ എനിക്കാദ്യം കിളികളുടെ പാട്ട് കേൾക്കണം.കിളികളുടെ പാട്ട് കേൾക്കണമെങ്കിൽ യുദ്ധവിമാനങ്ങൾ നിശ്ശബ്ദമാകണം''എന്നതാണത്. പാബ്ലോ നെരൂദയൂടെ 'വരൂ ഈ തെരുവിലെ രക്തം കാണൂ!' എന്ന കവിതയും ഇതേ ആശയമാണ് പ്രസരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജാതി മത രാഷ്ട്രീയ ചിന്തകൾക്കതീതമായി മനുഷ്യനെ നവീകരിക്കുകയും ഉയർന്ന ചിന്തയിലേക്കും നയിക്കുകയും ചെയ്യുന്ന അത്ഭുതമാണ് പുസ്തകങ്ങൾ എന്നും പ്രകാശ് രാജ് പറഞ്ഞു.

ഉദ്ഘാടനച്ചടങ്ങിൽ സമാജം പ്രസിഡന്റ് പിവി രാധാകൃഷ്ണപിള്ള, പുസ്തകമേളയുടെ ജനറൽ കൺവീനർ ഹരീഷ് നായർ,സമാജം ആക്ടിംഗ് ജനറൽ സെക്രട്ടറി മഹേഷ് പിള്ള,സാഹിത്യ വിഭാഗം സെക്രട്ടറി വിനയചന്ദ്രൻ ആർ നായർ എന്നിവർ സംസാരിച്ചു. പ്രകാശ് രാജ് രചിച്ച ''നമ്മെ വിഴുങ്ങുന്ന മൗനം'' എന്ന പുസ്തകം അദ്ദേഹത്തിന്റെ കൈയ്യൊപ്പോടെ വാങ്ങാനുള്ള അവസരവും ഒരുക്കിയിരുന്നു. സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി സമാജം ഫോട്ടോഗ്രാഫി ക്ലബ്ബ് സംഘടിപ്പിച്ച ഫോട്ടോഗ്രാഫി പ്രദർശനത്തിന്റെ ഉദ്ഘാടനവും സമാജം വനിതാ വേദി അമ്മമാർക്കും കുട്ടികൾക്കുമായി ജനുവരിയിൽ നടത്തുന്ന 'വൗ മാം' എന്ന മത്സര പരിപാടിയുടെ പോസ്റ്റർ പ്രകാശനവും പ്രകാശ് രാജ് നിർവ്വഹിച്ചു.

ബഹ്‌റൈനിലെ നൃത്തസംവിധായകർ അണിയിച്ചൊരുക്കിയ നൃത്താവിഷ്‌കാരങ്ങൾ അവതരിപ്പിച്ചു. ചടങ്ങിൽ ഡിസി ബുക്‌സിന്റെ നാല്പത്തിയാറാം വാർഷിത്തിന്റെ ഭാഗമായി ആയിരം ദിനാർ വിലയുള്ള പുസ്തകങ്ങൾ രവി ഡിസി സമാജം ലൈബ്രറിക്ക് കൈമാറി. ബഹ്‌റൈൻ കേരളീയ സമാജവും ഡിസി ബുക്‌സും സംയുക്തമായാണ് പുസ്തക മേള സംഘടിപ്പിക്കുന്നത്. കുട്ടികൾക്കായുള്ള 2,500ലധികം ഇംഗ്ലീഷ് മലയാളം പുസ്തകങ്ങൾ ഉൾപ്പടെ 6000 ത്തോളം ശീർഷകങ്ങളിലായി ഒരു ലക്ഷത്തിലധികം പുസ്തകങ്ങൾ മേളയിൽ ഉണ്ട്.

പ്രശസ്ത കഥാകൃത്തായ അനന്തപത്മനാഭൻ, യുവ എഴുത്തുകാരിൽ ശ്രദ്ധേയരായ അഖിൽ പി ധർമ്മജൻ, ലതീഷ് കുമാർ, മാധ്യമ പ്രവർത്തകനായ ഉണ്ണി ബാലകൃഷ്ണൻ, ചലച്ചിത്ര താരവും അവതാരകയുമായ അശ്വതി ശീകാന്ത്, സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധേയയായ ഡോ.സൗമ്യ സരിൻ തുടങ്ങിയവർ വരും ദിവസങ്ങളിൽ അതിഥികളായി എത്തും. മലയാളം പാഠശാലയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് കഥ പറയാനും കഥ കേൾക്കാനുമായി 'ഒരിടത്തൊരിടത്തൊരിടത്ത്' എന്ന കഥാവേദി, വിവിധ കലാപരിപാടികൾ, ചിത്രകലാ പ്രദർശനം, ഭാഷാ മത്സരങ്ങൾ ,സ്‌പോട്ട് ക്വിസ്, ഫുഡ് സ്റ്റാളുകൾ എന്നിവയും പുസ്തകമേളയുടെ ഭാഗമായി ഉണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top