19 December Thursday
ചാന്ദ്ര പര്യവേക്ഷണത്തിന് അത്യാധുനിക ക്യാമറകൾ

യുഎഇ ചാന്ദ്ര ദൗത്യത്തിൽ ബഹ്‌റൈൻ നാഷണൽ സ്‌പേസ് സയൻസ് ഏജൻസിയുടെ പങ്കാളിത്തം

അനസ് യാസിൻUpdated: Friday Nov 15, 2024

മനാമ > യുഎഇയുടെ മുഹമ്മദ്ബിൻ റാഷിദ് സ്‌പേസ് സെന്ററിന്റെ സഹകരണത്തോടെ ചന്ദ്ര ഉപരിതലത്തിലേക്ക് പേലോഡ് അയക്കാൻ ബഹ്‌റൈൻ തയ്യാറെടുക്കുന്നു. യുഎഇ ചാന്ദ്ര ദൗത്യത്തിലാണ് ബഹ്‌റൈൻ നാഷണൽ സ്‌പേസ് സയൻസ് ഏജൻസി പങ്കാളിയാകുക. പേലോഡായി നാലു അത്യാധുനിക ക്യാമറകളാണ് ബഹ്‌റൈൻ വികസിപ്പിക്കുക.

ബഹ്‌റൈൻ നാഷണൽ സ്‌പേസ് സയൻസ് ഏജൻസിയും (എൻഎസ്എസ്എ) മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെന്ററും (എംബിആർഎസ്‌സി) 2019ൽ ഒപ്പുവെച്ച ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിലും സഹകരണം ശക്തമാക്കുന്നതിന്റെയും ഭാഗമായാണ് ചാന്ദ്ര പരിവേക്ഷണ പദ്ധതി സഹകരണം. ബഹ്‌റൈനിൽ നടക്കുന്ന അന്താരാഷ്ട്ര എയർഷോയിൽ ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായി.

പര്യവേക്ഷണത്തിനായി ചന്ദ്രോപരിതലത്തിലെത്തുന്നത് ബഹിരാകാശ മേഖലയിലെ തന്ത്രപരമായ നേട്ടമാണ്. ഗവേഷണത്തിനും വിശകലനത്തിനും വികസന ആവശ്യങ്ങൾക്കുമായി ഡാറ്റ ശേഖരിക്കുന്നതിനായി ചന്ദ്രോപരിതലത്തിലേക്ക് വിക്ഷേപിക്കുന്ന കേന്ദ്രം വികസിപ്പിക്കുന്ന റോവറിൽ ബഹുമുഖ കഴിവുകളുള്ള ഒരു ബഹ്‌റൈൻ പേലോഡ് അയക്കും. കഠിനമായ ചാന്ദ്ര അന്തരീക്ഷത്തിന് അനുയോജ്യമായ ക്യാമറകൾ എൻഎസ്എസ്എ സംഘം വികസിപ്പിക്കും. ഈ ക്യാമറകൾ റോവറിന്റെ നാവിഗേഷൻ സബ്‌സിസ്റ്റത്തിൽ ഉപയോഗിക്കും. ഗ്രൗണ്ട് കൺട്രോൾ ടീമിന് അവരുടെ ചുമതലകൾ ഫലപ്രദമായി നിർവഹിക്കാനും ലാൻഡിംഗ് സൈറ്റ് പര്യവേക്ഷണം ചെയ്യാനും വിശദമായ ഭൂപടങ്ങൾ സൃഷ്ടിക്കാനും ചന്ദ്ര മണ്ണ് വിശകലനം ചെയ്യാനും ഈ ക്യാമറകൾ പ്രാപ്തമാക്കും.

രണ്ട് ക്യാമറകൾ ചന്ദ്രോപരിതലത്തിലെ ദൂരങ്ങൾ നിർണ്ണയിക്കാൻ സ്റ്റീരിയോസ്‌കോപ്പി ഇമേജുകൾ സൃഷ്ടിക്കാൻ ഉപയോഗിക്കും. മറ്റ് രണ്ട് ക്യാമറകൾ ചന്ദ്രോപരിതലത്തിൽ റോവറിന്റെ വലത്, ഇടത് ചക്രങ്ങളുടെ ചലനം നിരീക്ഷിക്കുകയും ദൗത്യത്തിന് ഏറ്റവും ഉയർന്ന സുരക്ഷ ഉറപ്പാക്കുകയും ചെയ്യും.

ബഹ്‌റൈനും യുഎഇയും തമ്മിലുള്ള ഫലപ്രദമായ സഹകരണം സുപ്രധാന ശാസ്ത്ര നേട്ടങ്ങൾക്ക് സംഭാവന നൽകുമെന്നും ഭാവിയിലെ ശാസ്ത്രങ്ങളിലും ബഹിരാകാശ പര്യവേക്ഷണങ്ങളിലും അറബ് സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന ചുവടുവെപ്പിനെ പ്രതിനിധീകരിക്കുമെന്നും എൻഎസ്എസ്എ സിഇഒ ഡോ. മുഹമ്മദ് ഇബ്രാഹിം അൽ അസീരി പറഞ്ഞു.

അറബ് മേഖലയിലെ ശാസ്ത്ര സാങ്കേതിക കഴിവുകൾ വികസിപ്പിക്കുന്നതിനും ബഹിരാകാശ പര്യവേക്ഷണ പദ്ധതികളെ പിന്തുണയ്ക്കുന്നതിനുമുള്ള തങ്ങളുടെ പ്രതിബദ്ധതയെ ഈ സഹകരണം ഉൾക്കൊള്ളുന്നുവെന്ന്  എംബിആർഎസ്‌സി ഡയറക്ടർ ജനറൽ സലേം ഹുമൈദ് അൽമാരി പറഞ്ഞു.  

ബഹ്‌റൈൻ എയർഷോക്ക് ഇന്ന് സമാപനം

ബഹ്‌റൈൻ വാനിൽ സാഹസികതയുടെ വർണങ്ങൾ വിരിയിച്ച അന്താരാഷ്ട്ര എയർഷോ വെള്ളിയാഴ്ച സമാപിക്കും. ബുധനാഴ്ച ആരംഭിച്ച ഷോയിൽ വ്യാഴാഴ്ച നിരവധി അന്താരാഷ്ട്ര കരാറുകൾ ഒപ്പിട്ടു. ബഹ്‌റൈനിൽ എയർക്രാഫ്റ്റ് ഹാംഗർ സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി ഇൻഫ്രാകോർപ്പ് മെന എയ്‌റോസ്‌പേസുമായി കരാറിൽ ഒപ്പുവച്ചതാണ് ഇതിൽ പ്രധാനം. ജിസിസി മേഖലയിൽ നൂതന വിമാന സർവീസുകൾക്കായി ഒരു പ്രാദേശിക പ്ലാറ്റ്‌ഫോം സ്ഥാപിക്കുന്നതിനുള്ള അടിത്തറയായി ബഹ്‌റൈൻ പ്രവർത്തിക്കുന്നു.

125 ലധികം വിവിധ എയർക്രാഫ്റ്റുകളുടെ പ്രദർശനമുണ്ട്. ലോകോത്തര ഫ്‌ളൈയിംഗ് ഡിസ്‌പ്ലേകളുമായി വിവിധ രാജ്യങ്ങളുടെ എയറോബാറ്റിക് ടീമുകൾ മാസ്മരിക പ്രകടനമാണ് സാഖിർ എയർ ബേസിൽ പുറത്തെടുത്തത്. വ്യാഴാഴ്ച ബ്രിട്ടന്റെ ഗ്ലോബൽ സ്റ്റാർസ്, റോയൽ ബഹ്‌റൈൻ എയർഫോഴ്‌സ്, ഇന്ത്യൻ വ്യോമസേനയുടെ സാരംഗ് ഹെലികോപ്റ്റർ ടീം പാക്കിസ്ഥാന്റെ ജെഎഫ്-17, സൗദിയുടെ ടൈഫൂൺ, സൗദി ഹ്വാക്‌സ്, അമേരിക്കയുടെ എഫ്-16 എന്നിവയുടെ ഫെ്‌ളയിംഗ് ഡിസ്‌പ്ലേ എന്നിവ ഉണ്ടായി.

ഹമദ് രാജാവിന്റെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന ഇന്റർനാഷണൽ എയർഷോയുടെ ഏഴാം പതിപ്പിൽ, എയ്‌റോസ്‌പേസ്, ഡിഫൻസ് ലീഡർമാരുടെ ആഗോള സംഗമവുമുണ്ടായിരുന്നു.  11 ആഗോള വിമാന നിർമ്മാതാക്കൾ ഉൾപ്പെടെ 135 കമ്പനികളും എയർഷോയിൽ പങ്കെടുക്കുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top