27 December Friday

ബഹ്റൈൻ പ്രവാസികൾക്ക് രാജ്യം വിടാൻ സർക്കാറിലേക്കുള്ള കുടിശ്ശിക തുക മുഴുവൻ അടയ്ക്കണം

വെബ് ഡെസ്‌ക്‌Updated: Friday Sep 20, 2024

മനാമ > ബഹ്റൈനിലെ പ്രവാസികൾക്ക് രാജ്യം വിട്ടു പുറത്തു പോകണമെങ്കിൽ സർക്കാരിലേക്ക് അടയ്ക്കാനുള്ള  ബില്ലുകളും തുകയും  അനുബന്ധ കുടിശ്ശികളും നിർബന്ധമായും അടയ്ക്കണം. 14 മാസങ്ങൾക്ക് മുമ്പ് ഉന്നയിക്കപ്പെട്ട നിർദ്ദേശം ക്യാബിനറ്റ് മന്ത്രിസഭ അംഗീകരിച്ചതായി മുനിസിപ്പാലിറ്റി അഫയേഴ്സ് ആൻഡ് അഗ്രികൾച്ചർ മിനിസ്ട്രി മുൻസിപ്പൽ അഫയേഴ്സ് അണ്ടർ സെക്രട്ടറി ഷെയ്ഖ് മുഹമ്മദ് ബിൻ അഹമ്മദ് അൽ ഖലീഫ ക്യാപിറ്റൽ ട്രസ്റ്റ് ബോർഡിനെ അറിയിച്ചു. നടപ്പിലാക്കുന്നതിന്റെ പ്രായോഗികത സംബന്ധിച്ച പഠനങ്ങൾ ആവശ്യമായതിനാലാണ് അംഗീകാരത്തിന്  കാലതാമസമെടുത്തത്.

ക്യാപ്പിറ്റൽ ട്രസ്റ്റീസ് അതോറിറ്റിയുടെ കണക്കനുസരിച്ച് വിവിധ മന്ത്രാലയങ്ങൾക്ക് കീഴിൽ 4.1 ദശലക്ഷം ദിനാറാണ് പ്രവാസികൾ കുടിശ്ശികയായി നൽകാനുള്ളത്. മുനിസിപ്പൽ യൂട്ടിലിറ്റി ബില്ലുകൾ അടക്കം എല്ലാം മന്ത്രാലയങ്ങളുമായും സർക്കാർ സ്ഥാപനങ്ങളുമായും ബന്ധിപ്പിച്ചിട്ടുണ്ട്. അതിനാൽ പ്രവാസികൾ രാജ്യം വിടാൻ ഉദ്ദേശിക്കുമ്പോഴോ വിസ പുതുക്കുമ്പോഴോ താമസവുമായി ബന്ധപ്പെട്ട് മറ്റേതെങ്കിലും സർക്കാർ സേവനങ്ങൾ തേടുമ്പോഴോ കുടിശ്ശിക സംബന്ധിച്ച വിവരങ്ങൾ ലഭ്യമാകും. അതനുസരിച്ചുള്ള  കുടിശിക തീർത്താലേ ആവശ്യമായ സേവനങ്ങൾ  മന്ത്രാലയ ഓഫീസുകളിൽ നിന്നും ലഭിക്കുകയുള്ളു.  

ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളം വഴിയോ ബഹ്റൈൻ സൗദി രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന കിങ് ഹമദ് കോസ് വേ വഴിയോ ഹിദ്ദിലുള്ള ഖലീഫ തുറമുഖം വഴിയോ രാജ്യത്തു നിന്ന പുറത്തേക്ക് പോകുന്നവരെല്ലാം പുതിയ ലിങ്കിങ്ങ് സംവിധാനം വഴി കുടിശ്ശിക വരുത്തിയിട്ടുണ്ടോ എന്നറിയാൻ കഴിയും. പാസ്പോർട്ട് നമ്പറോ  സിപിആറോ നൽകുക വഴി ഇക്കാര്യങ്ങൾ അറിയാൻ സാധിക്കുമെന്ന് ബോർഡ് വൈസ് ചെയർ പേഴ്സൺ ഖുലുദ് അൽ ഖത്താൻ പറഞ്ഞു. പ്രവാസികൾക്ക് യാത്രാ ടിക്കറ്റ് നൽകും മുമ്പ് സർക്കാർ കുടിശ്ശിക സംബന്ധിച്ച ക്ലിയറൻസ് സർട്ടിഫിക്കറ്റോ ഇലക്ട്രോട്രോണിക് രേഖയോ ആവശ്യപ്പെടാൻ  ഇതുമായി ബന്ധപ്പെട്ട ട്രാവൽ ഏജൻ്റുുമാർ ഓൺലൈൻ ദാതാക്കൾ എന്നിവരോട് ആവശ്യപ്പെടാൻ നിർദേശം നൽകണമെന്നും അവർ പറഞ്ഞു. ബഹ്റൈനിലേക്ക് തിരിച്ചു വരാനായി നാട്ടിലേക്ക് പോകുന്ന പ്രവാസികൾക്ക് കുടിശ്ശിക തുക പകുതി അടച്ചാൽ മതിയാകും. എന്നാൽ ബാക്കി വരുന്ന തുകക്ക് അവരവരുടെ സ്പോൺസർമാർ ഗ്യാരന്റി നൽകേണ്ടതാണ്.  കമ്മ്യുണിറ്റി സൊസൈറ്റികൾ,ക്ലബ്ബുകൾ,ഓർഗനൈസേഷനുകൾ,സ്ഥാപനങ്ങൾ എന്നിവയിലേക്കുള്ള  തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്ക് മാത്രമേ സർക്കാരിന് പണമൊന്നും നൽകാനില്ല എന്ന് തെളിയിക്കുന്ന രേഖകൾ മുമ്പ് ഹാജരാക്കേണ്ടതായിരുന്നുള്ളു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top