22 December Sunday

ആസ്വാദകരിൽ ആവേശം നിറച്ച് 'ഭാരത് ഉത്സവ് '

അഹമ്മദ് കുട്ടി അറളയിൽUpdated: Saturday Oct 26, 2024

ദോഹ > ഇന്ത്യൻ എംബസിയുടെ അനുബന്ധ സംഘടനയായ  ഇന്ത്യൻ കൾച്ചറൽ സെന്റർ (ഐ സി സി) സംഘടിപ്പിച്ച ഭാരത് ഉത്സവ് വൈവിധ്യങ്ങളുടെ കലാവിരുന്നായി. ഖത്തർ നാഷണൽ കൺവൻഷൻ സെന്ററിലെ അൽ മയാസാഹാളിൽ നടന്ന ഇന്ത്യൻ സംസ്ക്കാരികോത്സവം ഇന്ത്യൻ അംബാസിഡർ വിപുൽ ഉദ്ഘാടനം ചെയ്തു. ഖത്തറി പ്രമുഖരും, വിവിധ രാജ്യങ്ങളിലെ  അംബാസഡർമാരും, 18 രാജ്യങ്ങളിലെ ഇന്ത്യൻ എംബസി ഡിപ്ലോമാറ്റികുകളും  ചടങ്ങിൽ  സാക്ഷ്യം വഹിച്ചു.

അപെക്‌സ് ബോഡി പ്രസിഡൻ്റുമാർ, ഇന്ത്യൻ കമ്മ്യൂണിറ്റി നേതാക്കൾ, വിവിധ ഭാഷകളെയും സംസ്‌കാരങ്ങളെയും പ്രതിനിധീകരിക്കുന്ന ഇന്ത്യയിലെ എല്ലാ വിഭാഗങ്ങളും പങ്കെടുത്തു.  ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ സമ്പന്നമായ സാംസ്കാരിക വൈവിധ്യവും വിനോദസഞ്ചാരവും ആഘോഷിക്കാനും ഐസിസി എംസിയുടെയും ഇന്ത്യൻ കമ്മ്യൂണിറ്റികളുടെയും കഠിനാധ്വാനത്തെയും സമർപ്പണത്തെയും അംബാസിഡർ  അഭിനന്ദിച്ചു. ഇന്ത്യയും ഖത്തറും തമ്മിലുള്ള അഞ്ച് ദശാബ്ദക്കാലത്തെ നയതന്ത്രബന്ധം എപ്പോഴും സൗഹൃദം ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾ കാത്തു സൂക്ഷിക്കുന്നതിനെ അനുസ്മരിച്ചുകൊണ്ടുള്ള ഒരു സുവനീർ വിപുൽ പ്രകാശനം ചെയ്തു.

ഖത്തറിലെ ബന്ധപ്പെട്ട സംഘടനകൾ, ഇന്ത്യൻ സ്‌കൂളുകൾ,  ഇന്ത്യൻ കമ്മ്യൂണിറ്റികളിൽ നിന്നായി 42-ലധികം ടീമുകളാണ് അരങ്ങുണർത്തിയത്.  നാടോടി നൃത്തങ്ങളുടെ വിവിധ രൂപങ്ങൾ ആസ്വാദകവിസ്‌മയമായി. ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള ടൂറിസം ഹൈലൈറ്റുകളും പ്രദർശിപ്പിച്ചു. ഐസിസി ജനറൽ സെക്രട്ടറി മോഹൻ കുമാർ, ഐസിസി വൈസ് പ്രസിഡൻ്റ് സുബ്രഹ്മണ്യ ഹെബ്ബഗെലു, സംഘാടക സമിതി അധ്യക്ഷൻ  പി എൻ ബാബുരാജൻ, ഐസിസി കൾച്ചറൽ സെക്രട്ടറി നന്ദിനി അബ്ബഗൗനി, ശാന്തനു ദേശ്പാണ്ഡെ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top