23 December Monday

ബയോമെട്രിക്ക് വിരലടയാള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ബാക്കിയുള്ളത് 800,000 പ്രവാസികൾ

വെബ് ഡെസ്‌ക്‌Updated: Saturday Sep 7, 2024

കുവൈത്ത് സിറ്റി > ഏകദേശം എട്ടു ലക്ഷത്തോളം  പ്രവാസികൾ ബയോമെട്രിക് വിരലടയാളം  രജിസ്റ്റർ ചെയ്യാൻ ബാക്കിയുണ്ടെന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ഡയറക്ടറേറ്റിലെ പേഴ്‌സണൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ ബ്രിഗ് ജനറൽ നായിഫ് അൽ മുതൈരി അറിയിച്ചു. 10.68 ലക്ഷം പ്രവാസികൾ ഇതിനകം രജിസ്ട്രേഷൻ പൂർത്തിയാക്കിയിട്ടുണ്ട്. സ്വദേശികളിൽ എട്ടുലക്ഷം ഇതിനകം ബയോമെട്രിക് രജിസ്‌ട്രേഷൻ പൂർത്തിയാക്കി. ഇനി 1.75 ലക്ഷത്തോളം സ്വദേശികളാണ് ബാക്കിയുള്ളത്.

സ്വദേശികൾക്ക്  അവരുടെ ബയോമെട്രിക് രജിസ്‌ട്രേഷൻ പൂർത്തിയാക്കാനുള്ള സമയപരിധി സെപ്റ്റംബർ 30 ആണ്. എന്നാൽ പ്രവാസികളായ താമസക്കാർക്ക് ഡിസംബർ 31 വരെ സമയമുണ്ടെന്നും  മുതൈരി പറഞ്ഞു. ആയിരത്തോളം ഭിന്നശേഷിക്കാരായ വ്യക്തികൾ ഇതിനകം ബയോമെട്രിക് രജിസ്‌ട്രേഷൻ വിജയകരമായി പൂർത്തിയാക്കി. അവർക്ക് രജിസ്‌ട്രേഷൻ പ്രക്രിയ സുഗമമാക്കുന്നതിന് ആഭ്യന്തര മന്ത്രാലയം 11 മെഷീനുകൾ പ്രത്യേകമായി അനുവദിച്ചിരുന്നു. അനുവദിച്ച സമയത്തിനകത്ത് തന്നെ എല്ലാവർക്കും ബയോമെട്രിക് വിവരങ്ങൾ രജിസ്റ്റർ ചെയ്യാൻ സൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെ  ബാക്കിയുള്ള രജിസ്‌ട്രേഷനുകൾ സുഗമമാക്കുന്നതിന് കൂടുതൽ നടപടികളിലേക്കുള്ള  തയ്യാറെടുപ്പിലാണ് ആഭ്യന്തര മന്ത്രാലയം. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്നും  അദ്ദേഹം പറഞ്ഞു.

നിലവിൽ പ്രഖ്യാപിച്ചിരിക്കുന്ന സമയപരിധി ഇനിയും നീട്ടുമെന്ന പ്രതീക്ഷയിൽ രജിസ്‌ട്രേഷൻ മാറ്റിവയ്ക്കരതുതെന്നും  സമയപരിധിയിൽ മാറ്റമുണ്ടാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബയോമെട്രിക് രജിസ്ട്രേഷൻ നടപടികൾ നിശ്ചിത സമയത്തിനകം പൂർത്തിയാക്കാത്ത സ്വദേശികളുടെയും പ്രവാസികളുടെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്നത് ഉൾപ്പെടെയുള്ള ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് കഴിഞ്ഞ ദിവസം അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട നടപടികൾ ആരംഭിക്കാൻ കുവൈത്ത്  സെൻട്രൽ ബാങ്കിന് നിർദ്ദേശം നൽകിയിരിക്കുകയാണ് ആഭ്യന്തര മന്ത്രാലയം. ഇതിന്റെ മുന്നോടിയായി ബാങ്കിംഗ് സംവിധാനങ്ങളെ ഫിംഗർ പ്രിന്റുമായി ബന്ധിപ്പിക്കുന്ന പ്രവർത്തനങ്ങൾ  സെൻട്രൽ ബാങ്ക് ഇതിനകം തുടങ്ങിക്കഴിഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top