27 September Friday

ബയോമെട്രിക് നടപടിക്രമങ്ങൾ പൂർത്തിയാക്കാത്തവർക്കെതിരെ കടുത്ത നടപടി

വെബ് ഡെസ്‌ക്‌Updated: Thursday Sep 26, 2024

കുവൈത്ത് സിറ്റി > ബയോമെട്രിക് ഫിംഗർപ്രിൻറ് നടപടിക്രമങ്ങൾ പൂർത്തിയാക്കാത്തവർക്കെതിരെ കടുത്ത നടപടി വരുമെന്ന മുന്നറിയിപ്പ് ആവർത്തിച്ച് ആഭ്യന്തര മന്ത്രാലയം. സ്വദേശികൾക്ക് ഈ മാസം 30 വരെയും പ്രവാസികൾക്ക് ഡിസംബർ 30 വരെയുമാണ് ഇതിനായി അനുവദിച്ച സമയ പരിധി.ഈ സമയ പരിധിക്കകം നടപടിക്രമങ്ങൾ പൂർത്തിയാക്കാത്തവരുടെ സിവിൽ ഐഡിയുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും നിർത്തി വെക്കാൻ ആഭ്യന്തര മന്ത്രി ഷെയ്ഖ് യൂസുഫ് അൽ ഫഹദ് നിർദേശം നൽകി. ഏറ്റവും ഒടുവിൽ ലഭിക്കുന്ന കണക്കുകൾ പ്രകാരം ഒരു ലക്ഷത്തോളം സ്വദേശികളും എഴു ലക്ഷത്തി തൊണ്ണൂറായിരത്തോളം പ്രവാസികളുമാണ് ഇനിയും  നടപടിക്രമം പൂർത്തിയാക്കാൻ ബാക്കിയുള്ളതെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ വ്യക്തിത്വ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഓട്ടോമേറ്റഡ് സെർച്ച് ഡിപ്പാർട്ട്‌മെൻ്റിലെ മേജർ ഹമദ് ജാസിം അൽ ഷമ്മരി പറഞ്ഞു. നടപടികൾ പൂർത്തിയാകും വരെ എല്ലാ ഇടപാടുകളും താൽക്കാലികമായി നിർത്തിവയ്ക്കും. പൂർത്തീകരിച്ച് കഴിഞ്ഞാൽ ഈ വിലക്ക് നീക്കുകയും ചെയ്യും. ബാങ്ക് അക്കൗണ്ടുകളുടെയും അനുബന്ധ സേവനങ്ങളുടെയും തുടർച്ച ഉറപ്പാക്കാൻ സമയപരിധി അവസാനിക്കുന്നതിന് മുമ്പ് ബയോമെട്രിക് ഫിംഗർപ്രിൻറ് നടപടിക്രമം പൂർത്തിയാക്കണമെന്ന്  മന്ത്രാലയം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

എന്നാൽ ബയോമെട്രിക് ഫിംഗർപ്രിൻറ് നടപടി ക്രമങ്ങളിൽനിന്ന് ചില വിഭാഗങ്ങൾക്ക് ഇളവ് അനുവദിച്ചിട്ടുള്ളതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു . സ്‌കോളർഷിപ്പിൽ വിദേശത്തുള്ള വിദ്യാർത്ഥികൾ, വിദേശത്ത് ചികിത്സയ്‌ക്കുള്ള രോഗികളും അവരുടെ കൂട്ടിരിപ്പുകാരും, നയതന്ത്ര സേനയിലെയും വിദേശ ഓഫീസുകളിലെയും ഉദ്യോഗസ്ഥർ എന്നിവർക്കാണ് ഇളവുള്ളത്. അവർ രാജ്യത്ത് തിരിച്ചെത്തുന്നത് വരെ താൽക്കാലികമായി ബയോമെട്രിക് വിരലടയാളം എടുക്കാനുള്ള ബാധ്യതയിൽ നിന്ന് ഒഴിവാക്കുന്നതായി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. സ്വന്തം ചെലവിൽ പഠനത്തിനോ ചികിത്സയ്‌ക്കോ വേണ്ടി വിദേശത്തുള്ള പൗരന്മാർ ഇത് തെളിയിക്കുന്ന രേഖകൾ കുവൈത്ത് എംബസികളിൽ അംഗീകാരത്തിനായി സമർപ്പിക്കുകയും വിരലടയാളം എടുക്കുന്നത് താൽക്കാലികമായി മാറ്റിവയ്ക്കുകയും വേണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top