മനാമ > ശ്രീകൃഷ്ണ ലീലകളെ മുഖ്യ പ്രമേയമാക്കി കേരളത്തിലെ തെക്കന്‍ ജില്ലകളില്‍ പ്രചാരത്തിലുണ്ടായിരുന്ന നാടന്‍ കലാരൂപമായ ചരടുപിന്നിക്കളിയെ നിറഞ്ഞ സദസില്‍ പുനരാവിഷ്‌കരിച്ച് ബഹ്‌റൈന്‍ കേരളീയ സമാജം. ശ്രാവണം 2022 ഓണാഘോഷങ്ങളുടെ ഭാഗമായാണ് സമാജം വനിതാ വേദിയുടെ ആഭിമുഖ്യത്തില്‍ വിവിധ പ്രായക്കാരായ നൂറിലധികം പേര്‍ അണിനിരന്ന മെഗാ ചരടു പിന്നിക്കളി അരങ്ങേറിയത്.
ആവിഷ്‌കരണത്തിലും വര്‍ണപ്പൊലിമയിലും ഗോപികമാരും ഉണ്ണിക്കണ്ണനും വശ്യമായ ചുവടുകളാല്‍ ചരടുകള്‍ പിന്നി നിറഞ്ഞാടിയപ്പോള്‍ ഒരു പൗരാണിക കലാരൂപത്തെ അതിന്റെ തനിമ ഒട്ടും ചോരാതെ ആസ്വദിക്കാന്‍ കഴിഞ്ഞ നിര്‍വൃതിയിലായിരുന്നു സമാജം ഡയമണ്ട് ജൂബിലി ഹാളില്‍ തിങ്ങി നിറഞ്ഞ പ്രേക്ഷകര്‍. ഒരേ സമയം ആളെ ചുറ്റികളി, ഉറികളി, ഊഞ്ഞാല്‍ കളി എന്നിങ്ങനെ ചരടുപിന്നിക്കളിയുടെ പ്രചാരത്തിലുള്ള എല്ലാ ഭാഗവും ഒരുപോലെ ആസ്വദിക്കാനായതിന്റെ നിര്‍വൃതിയിലാണ് മലയാളി സമൂഹം വേദി വിട്ടത്.
ബഹ്‌റൈനിലെ പ്രമുഖ നാടക പ്രവര്‍ത്തകനായ വിഷ്ണു നാടകഗ്രാമത്തിന്റെ ശിക്ഷണത്തില്‍ ആഴ്ചകള്‍ നീണ്ട പരിശീലനത്തിലാണ് അഞ്ചു സംഘങ്ങളിലായി സ്ത്രീകളും കുട്ടികളും ഒരു സംഘം പുരുഷന്മാരും ചേര്‍ന്ന് കലാരൂപത്തെ അരങ്ങിലെത്തിച്ചത്.
സമാജം പ്രസിഡണ്ട് പിവി രാധാകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രെട്ടറി വര്‍ഗീസ് കാരക്കല്‍ സംസാരിച്ചു. ബഹ്‌റൈനിലെത്തിയ ആലത്തൂര്‍ എംപി രമ്യ ഹരിദാസും ചടങ്ങിനെത്തി. വനിതാ വിഭാഗം പ്രതിനിധി മോഹിനി തോമസ് നന്ദി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..