കുവൈത്ത് സിറ്റി > അഗ്നിശമന സേനയുടെ നേതൃത്വത്തിൽ കുവൈത്തിൽ വീണ്ടും കെട്ടിട പരിശോധനകൾ ആരംഭിച്ചു. ഇന്നലെ ജനറൽ ഫയർഫോഴ്‌സ് സേനാ മേധാവി മേജർ ജനറൽ തലാൽ അൽ റൗമിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിൽ പരിശോധന നടത്തിയത്. മംഗഫ് അഗ്നി ബാധ ദുരന്തത്തെ തുടർന്നാണ് രാജ്യത്ത് അഗ്നിശമന വിഭാഗം കെട്ടിടങ്ങൾ കേന്ദ്രീകരിച്ചുള്ള പരിശോധനകൾ കർശനമാക്കിയത്. എന്നാൽ പരിശോധനയിൽ ഇളവ് വരുത്തിയതോടെ ഇത്തരം സ്ഥാപനങ്ങൾ വീണ്ടും തുറന്ന് പ്രവർത്തിക്കുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് പരിശോധന വീണ്ടും കർശനമാക്കിയത്.
നിയമ ലംഘനങ്ങൾ കണ്ടെത്തിയതിൻറെ അടിസ്ഥാനത്തിൽ ചില സ്ഥാപനങ്ങൾ അടച്ചുപൂട്ടി. പ്ലോട്ടുകൾ, സ്റ്റോറുകൾ, കടകൾ എന്നിവ പരിശോധിക്കാനായി 45 അഗ്നിശമന സേനാംഗങ്ങളെ മേഖലയിൽ വിന്യസിച്ചു. കാലഹരണപ്പെട്ട ലൈസൻസുകൾ, ലൈസൻസില്ലാത്ത കെട്ടിടങ്ങൾ, സംഭരണങ്ങളിലെ അപാകത തുടങ്ങിയ നിയമലംഘനങ്ങൾ നിരീക്ഷിക്കുന്നതിനായി രാജ്യവ്യാപകമായ പരിശോധനകൾ തുടരുമെന്ന് ജനറൽ ഫയർഫോഴ്‌സ് മേധാവി മേജർ ജനറൽ തലാൽ അൽ റൗമി അറിയിച്ചു.
കെട്ടിടം വാടകയ്ക്ക് എടുക്കുന്നവർ 'ഫയർ പെർമിറ്റ്' ഉള്ള കെട്ടിടം ആണോ എന്ന് നോക്കണമെന്നും, അഗ്നിശമന സേനയുടെ മാനദണ്ഡങ്ങൾ ഉടമസ്ഥർ പാലിക്കണമെന്നും മേധാവി നിർദ്ദേശിച്ചു. സമൂഹ സുരക്ഷയ്ക്കായി ജനറൽ ഫയർഫോഴ്‌സുമായി സഹകരിക്കാൻ മേധാവി പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു. രാജ്യത്ത് തീപിടിത്ത കേസുകൾ ഇടക്കിടെ റിപ്പോർട്ട് ചെയ്യുന്ന പശ്ചാത്തലത്തിലാണ് സുരക്ഷാ മുന്നറിയിപ്പ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..