22 December Sunday

സംസ്കൃതി ഖത്തർ സി വി ശ്രീരാമൻ സാഹിത്യപുരസ്കാരം ഫർസാനയുടെ "ഇസ്തിഗ്ഫാറി"ന്

വെബ് ഡെസ്‌ക്‌Updated: Tuesday Nov 12, 2024

ദോഹ > സംസ്കൃതി ഖത്തർ പതിനൊന്നാമത് സി വി ശ്രീരാമൻ സാഹിത്യ പുരസ്കാരം ഫർസാനക്ക്. "ഇസ്തിഗ്ഫാർ" എന്ന ചെറുകഥയ്ക്കാണ്  പുരസ്കാരം. 50,000 രൂപയും സി വി ശ്രീരാമൻ സ്മാരക പ്രശസ്തിഫലകവും അടങ്ങുന്നതാണ് പുരസ്കാരം.

2009 മുതൽ ചൈനയിൽ സ്ഥിരതാമസക്കാരിയും മലപ്പുറം വാഴക്കാട് സ്വദേശിയുമായ ഫർസാന "എൽമ" എന്ന നോവലും "വേട്ടാള" എന്ന കഥാസമാഹാരവും "ഖയാൽ" എന്ന ചൈനീസ് ഓർമ്മക്കുറിപ്പുകളും ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭർത്താവ്: അലി. കുട്ടികൾ: ഷാദി, ആരോഷ്.

2014 മുതൽ സംസ്കൃതി - സി വി ശ്രീരാമൻ സാഹിത്യപുരസ്കാരം മലയാളികളായ പ്രവാസികളിൽ നിന്നും ലഭിക്കുന്ന അപ്രകാശിത ചെറുകഥകളിൽ തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും മികച്ച ചെറുകഥയ്ക്ക് നൽകിപ്പോരുന്നു. പ്രഭാവർമ്മ ചെയർമാനും വി ഷിനിലാലും എസ് സിത്താരയും അംഗങ്ങളുമായിട്ടുള്ള സമിതിയാണ് പുരസ്കാരം നിർണ്ണയിച്ചത്.

ജപ്പാൻ, ചൈന, ആസ്ത്രേലിയ, ന്യൂസിലൻ്റ്, ഫിലിപ്പീൻസ്, കാനഡ, അമേരിക്ക, വിവിധ യൂറോപ്പ്യൻ രാജ്യങ്ങൾ, ഗൾഫ് എന്നിവിടങ്ങളിൽ നിന്നുള്ള മലയാളി എഴുത്തുകാരിൽനിന്ന് ലഭിച്ച 70-ലധികം ചെറുകഥകളാണ് ഈ വർഷം പുരസ്കാരത്തിനായി മത്സരിച്ചത്. 2024 നവംബർ 22 വെള്ളിയാഴ്ച വൈകിട്ട് ദോഹയിൽ വച്ചു നടക്കുന്ന ചടങ്ങിൽ പുരസ്കാരസമർപ്പണവും സംസ്കാരിക സമ്മേളനവും നടക്കുമെന്ന് ദോഹയിൽ നടന്ന വാർത്താസമ്മേളനത്തിൽ ഭാരവാഹികൾ അറിയിച്ചു.

സംസ്കൃതി പ്രസിഡൻ്റ് സാബിത് സഹീർ, ജനറൽ സെക്രട്ടറി ഷംസീർ അരിക്കുളം, പ്രവാസിക്ഷേമബോർഡ് ഡയറക്ടറും മുൻ സംസ്കൃതി ജനറൽ സെക്രട്ടറിയുമായ ഇ എം സുധീർ, സാഹിത്യ പുരസ്കാരസമിതി കൺവീനർ ശ്രീനാഥ് ശങ്കരൻകുട്ടി, മറ്റു സംസ്കൃതി ഭാരവാഹികൾ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top