കുവൈത്ത് സിറ്റി > കുവൈത്തിൽ ഈ വർഷത്തെ ശൈത്യകാല ക്യാമ്പിങ് സീസൺ 15 മുതൽ തുടങ്ങും. മാർച്ച് 15 വരെയാണ് മരുഭൂമിയിലെ ശൈത്യകാല ക്യാമ്പുകളിൽ താമസിക്കുന്ന സീസണെന്നും അധികൃതർ പറഞ്ഞു. മുനിസിപ്പൽ കൗൺസിലിന്റെ നിയമ, സാമ്പത്തിക കമ്മിറ്റി ക്യാമ്പുമായി ബന്ധപ്പെട്ട ബൈലോയ്ക്ക് അന്തിമരൂപം നൽകി. മുനിസിപ്പാലിറ്റി നിർണയിച്ചു നൽകിയ മരുപ്രദേശങ്ങളിൽ മാത്രമേ ക്യാമ്പുകൾ പണിയാൻ അനുവദിക്കൂവെന്ന് അധികൃതർ അറിയിച്ചു.
മന്ത്രാലയങ്ങൾ, സർക്കാർ ഏജൻസികൾ, സ്വകാര്യ കമ്പനികൾ എന്നിവർക്ക് ശൈത്യകാല ക്യാമ്പുകൾ നടത്താൻ അനുവാദമുണ്ട്. ക്യാമ്പിങ് നിയമങ്ങൾ ലംഘിക്കുകയോ, അനുമതിയില്ലാതെ ശൈത്യകാല ക്യാമ്പുകൾ സ്ഥാപിക്കുകയോ ചെയ്യുന്നവർക്ക് 3000 മുതൽ 5000 ദിനാർവരെ പിഴ ചുമത്തും. ശൈത്യകാല ക്യാമ്പ് കമ്മിറ്റി തെരഞ്ഞെടുത്ത സ്ഥലങ്ങളിൽ ചെറുകിട, ഇടത്തരം ബിസിനസുകൾക്കും റസ്റ്റോറന്റ്, കഫേ മേഖലകളിലെ കമ്പനികൾക്കും ക്യാമ്പിങ് ഏരിയയിൽ പ്രത്യേക സ്ഥലങ്ങൾ ഉപയോഗിക്കാൻ അനുവാദമുണ്ടാകും.
കോഫി ഷോപ്പുകൾ, ജ്യൂസുകൾ, ലഘുഭക്ഷണങ്ങൾ എന്നിവയാണ് വാണിജ്യ മന്ത്രാലയത്തിന്റെ നിയന്ത്രണങ്ങൾക്ക് വിധേയമായി അനുവദിക്കുക. തണുപ്പാസ്വദിച്ചുകൊണ്ട് മരുഭൂമിയിൽ രാപ്പാർക്കൽ അറബികളുടെ പാരമ്പര്യത്തിന്റെ ഭാഗമാണ്. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഇത്തരത്തിൽ സ്ഥലം നിർണയിച്ചിട്ടുണ്ട്. വ്യവസ്ഥകൾക്കും ചട്ടങ്ങൾക്കും അനുസൃതമായി ഊർജ മേഖലയിൽ പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനികൾക്ക് ക്യാമ്പുകളിൽ ഊർജ വിതരണ സേവനങ്ങൾ നൽകുന്നതിന് ലൈസൻസ് അനുവദിച്ചിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..