റിയാദ് > വ്യത്യസ്‌തമായ അഞ്ചു കൃതികളുടെ വായന പങ്കുവച്ചുകൊണ്ട് ചില്ല ഒക്ടോബർ മാസത്തെ വായന റിയാദ് ലുഹ ഹാളിൽ നടന്നു. പി കേശവദേവിന്റെ 'ഓടയിൽ നിന്ന്' നോവലിന്റെ വായനാനുഭവം ജോമോൻ സ്റ്റീഫൻ സദസുമായി പങ്കുവച്ചു. എൺപത്തിരണ്ടു വർഷങ്ങൾക്കുമുൻപ് എഴുതപ്പെട്ട നോവൽ ഇന്നും കാലിക പ്രസക്തമാണെന്നും ഒരു കൃതിയെ വിലയിരുത്തേണ്ടത് അത് എഴുതപ്പെട്ടകാലത്തെ കൂടി മനസിലാക്കിവേണമെന്നും ജോമോൻ അഭിപ്രായപ്പെട്ടു.
വിഖ്യാത ഇന്ത്യൻ ചരിത്രകാരി റോമില ഥാപർ എഴുതിയ 'ഔർ ഹിസ്റ്ററി, ദേർ ഹിസ്റ്ററി, ഹൂസ് ഹിസ്റ്ററി' എന്ന കൃതിയുടെ വായന ജോണി പനംകുളം പങ്കുവച്ചു. ഇന്ത്യയിൽ, ദേശീയതയുടെ രണ്ട് വിരുദ്ധ സങ്കൽപ്പങ്ങൾ എങ്ങനെ രൂപപ്പെട്ടുവെന്നും രാഷ്ട്രത്തിൻ്റെ ആശയം രൂപപ്പെടുത്തിയെന്നും ഈ കൃതി അന്വേഷിക്കുന്നു. എൻസിഇആർടി പ്രസിദ്ധീകരിച്ച ഇന്ത്യൻ ചരിത്ര പാഠപുസ്തകങ്ങളിലെ ഭാഗങ്ങൾ ഇല്ലാതാക്കിയതുമായി ബന്ധപ്പെട്ട സമീപകാല വിവാദങ്ങളെയും പുസ്തകം അഭിസംബോധന ചെയ്യുന്നതായി ജോണി പറഞ്ഞു.
ദീർഘകാലം സൗദിയിൽ പ്രവാസിയായിരുന്ന കുഞ്ഞഹമ്മദ് കൂരാച്ചുണ്ട് എഴുതിയ 'അത്തിക്കയുടെ പ്രവാസം' എന്ന ചെറുകഥാസമാഹാരത്തിന്റെ വായന പ്രദീപ് ആറ്റിങ്ങൽ പങ്കുവച്ചു. തന്റെ പ്രവാസ ജീവിതത്തില്‍ കണ്ടുമുട്ടേണ്ടി വന്ന മനുഷ്യരുടെ കഥകളിലൂടെ മുംബൈയിലെ കാമാത്തിപുര മുതല്‍ സൗദിയിലെ മണലാരണ്യം വരെയുള്ള അനുഭവങ്ങൾ വിവരിക്കുന്ന ഈ പുസ്തകം നേപ്പാളിലെയും ആഫ്രിക്കയിലെയും വിവിധ പ്രദേശങ്ങളിലെ മനുഷ്യരെ കൂടി അഭിസംബോധന ചെയ്യുന്നതാണെന്ന് പ്രദീപ് വിശദീകരിച്ചു. ആടുജീവിതത്തിലെ ക്രൂരനായ അറബിയല്ല മസ്രയില്‍ ആടുകള്‍ക്കൊപ്പം കഴിയുന്ന അമീറിന്റെ കഫീൽ അലി. തന്റെ കുടുംബത്തോടൊപ്പം തന്നെ അമീറിനെ ചേര്‍ത്ത് പിടിക്കുന്ന മറ്റൊരു ആടുജീവിത കഥയും ഈ കൃതി വരച്ചുകാട്ടുന്നു.
മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരൻ എൻ മോഹനൻ എഴുതിയ 'ഒരിക്കൽ' എന്ന ചെറുനോവലിലെ പ്രണയാതുരമായ നിമിഷങ്ങൾ സബീന എം സാലി സദസുമായി പങ്കുവച്ചു. സഫലമാകാത്ത പ്രണയത്തിന്റെ നോവുകളും വിരഹവും പങ്കുവയ്ക്കുന്ന കൃതിയുടെ വായനയും ആ കൃതിയിൽ എഴുത്തുകാരൻ തന്നെ എടുത്ത് ചേർത്ത 'നഷ്ടപ്പെടാം, പക്ഷേ പ്രണയിക്കാതിരിക്കരുത്' തുടങ്ങിയ മാധവിക്കുട്ടി ഉൾപ്പെടെയുള്ളവരുടെ വരികളും സബീന സദസിന് മുന്നിൽ വായിച്ചു.
റാം c/o ആനന്ദി എന്ന കൃതിയുടെ വായന മൂസ കൊമ്പൻ പങ്കുവച്ചു. അടുത്തകാലത്ത് സോഷ്യൽ മീഡിയകളിൽ ആഘോഷിക്കപ്പെട്ട പല കൃതികളിൽ നിന്നും വ്യത്യസ്‌തമായി ഏറ്റവും കൂടുതൽ വായനക്കാരെ ആകർഷിക്കാൻ അഖിൽ പി ധർമ്മജന്റെ ഈ കൃതിക്ക് കഴിഞ്ഞത് ലളിതമായ ഭാഷയിൽ പ്രണയവും സൗഹൃദവും അതിമനോഹമായി അവതരിപ്പിക്കാൻ കഴിഞ്ഞതുകൊണ്ടാണെന്ന് മൂസ അഭിപ്രായപ്പെട്ടു. സിനിമ പഠനത്തിനും പുസ്തകം എഴുതുന്നതിനുമായി ചെന്നൈ നഗരത്തില്‍ എത്തുന്ന റാം എന്ന മലയാളി ചെറുപ്പക്കാരനിലൂടെ വികസിക്കുന്ന നോവലിന്റെ ഇതിവൃത്തം മൂസ സദസുമായി പങ്കുവച്ചു. ചർച്ചകൾക്ക് എം ഫൈസൽ തുടക്കം കുറിച്ചു. ബീന, ജോണി പനംകുളം, മൂസ കൊമ്പൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. സുരേഷ്‌ലാൽ ചർച്ചകൾ ഉപസംഹരിച്ചു സംസാരിച്ചു. നാസർ കാരക്കുന്ന് മോഡറേറ്റർ ആയിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..