റിയാദ് > സെപ്റ്റംബർ ലക്കം 'ചില്ല എന്റെ വായന' യിൽ വൈവിധ്യമാർന്ന വിഷയങ്ങളിലുള്ള നാല് പുസ്തകങ്ങളുടെ അവതരണവും വായനാനുഭവങ്ങളെ ആധാരമാക്കിയുള്ള ചർച്ചയും നടന്നു. മാർക്സിസത്തിന്റെയും ഫെമിനിസത്തിന്റെയും പ്രാധാന്യത്തെ ചരിത്രപരമായും ദർശനപരമായും സമീപിക്കുന്ന ഡോ. ടി കെ ആനന്ദിയുട 'മാർക്സിസവും, ഫെമിനിസവും ചരിത്രപരമായ വിശകലനം' എന്ന ലേഖന സമാഹാരത്തിന്റെ വായനാനുഭവം പങ്കുവെച്ചുകൊണ്ട് വി കെ ഷഹീബ എന്റെ വായനക്ക് തുടക്കം കുറിച്ചു.
പ്രമുഖ ഇംഗ്ലീഷ് നോവലിസ്റ്റ് അന്ന സിവെല്ലിന്റെ 'ബ്ലാക്ക് ബ്യൂട്ടി' എന്ന നോവലിന്റെ വായനാനുഭവം സ്കൂൾ വിദ്യാർത്ഥിനിയായ സ്നിഗ്ദ വിപിൻ അവതരിപ്പിച്ചു. ഏറ്റുമുട്ടൽ കൊലകൾ നടത്തുന്ന പൊലീസ് ഓഫീസറും അയാൾ കൊന്നു തള്ളിയ നിരപരാധിയായ ഒരു സ്ത്രീയുടെ ആത്മാവും തമ്മിലുള്ള വിചിത്രമായ ബന്ധം പറയുന്ന അജയ് പി മങ്ങാടിന്റെ പുതിയ നോവൽ 'ദേഹം' ത്തിന്റെ വായനാനുഭവം ഷിംന സീനത്ത് പങ്കു വെച്ചു.
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരനായ സംഗീതജ്ഞൻ എം എസ് ബാബുരാജ് എന്ന ബാബുക്കയുടെ ജീവിതരേഖ വരച്ചിട്ട എൻ പി ഹാഫിസ് മുഹമ്മദിന്റെ ' ഹാർമോണിയം' എന്ന നോവലിന്റെ വായനാനുഭവം വിപിൻ പങ്ക് വെച്ചു. തുടർന്ന് പുസ്തകങ്ങളെക്കുറിച്ച് നടന്ന വിശദമായ ചർച്ചയിൽ സീബ കൂവോട്, സബീന സാലി, ഫൈസൽ കൊണ്ടോട്ടി ജോണി പൈങ്കുളം, ബീന, ജോമോൻ സ്റ്റീഫൻ എന്നിവർ പങ്കെടുത്തു. എം. ഫൈസൽ ചർച്ച ഉപസംഹരിച്ച് സംസാരിച്ചു. നാസർ കാരകുന്ന് മോഡറേറ്റർ ആയിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..