റിയാദ് > കുമാരനാശാൻ വിടപറഞ്ഞിട്ട് ഒരു നൂറ്റാണ്ട് പിന്നിടുമ്പോൾ ‘ജലയാത്രയുടെ നൂറുവർഷങ്ങൾ’ എന്ന ശീർഷകത്തിൽ റിയാദിലെ ചില്ല അദ്ദേഹത്തിന്റെ കവിതകളെ ആധാരമാക്കി വിപുലമായ സംവാദം സംഘടിപ്പിച്ചു. ബത്തയിലെ ലുഹ ഹാളിൽ നടന്ന വായനാവതരണങ്ങൾക്ക് എഴുത്തുകാരി ഷിംന സീനത്ത് തുടക്കം കുറിച്ചു. 'ആശാൻ കവിതയിലെ പെൺഭാവങ്ങൾ' എന്ന വിഷയത്തിൽ ഷിംന സംസാരിച്ചു.
സീബ കൂവോട് ‘ആശാൻ കവിതയിലെ ബുദ്ധഗുരുദർശനങ്ങൾ’ എന്ന പ്രബന്ധാവതരണമാണ് നടത്തിയത്. ‘ആശാൻ കവിതയിലെ ജാതിവ്യവസ്ഥ' എന്ന വിഷയത്തെ അധികരിച്ചുകൊണ്ട് പ്രബന്ധാവതരണം നടത്തിയ ബീന ‘ദുരവസ്ഥ’യിലൂടെ ആശാൻ നടത്തിയ അപകടകരമായ വിഭാഗീയ അധിക്ഷേപങ്ങളെ വിമർശനവിധേയമാക്കി. ഡോ. എം എ സിദ്ധീഖ് രചിച്ച ‘കുമാരു’ എന്ന നോവലിന്റെ പ്രസക്തിയും വിശദീകരിച്ചു.
'ആശാന്റെ കാവ്യഭാവനകൾ' എന്ന വിഷയത്തെ ആസ്പദമാക്കി സബീന എം സാലി അവതരണം നടത്തി. വിപിൻകുമാറിന്റെ ആമുഖ പ്രഭാഷണത്തോടെയാണ് പ്രബന്ധാവതരണങ്ങൾ തുടങ്ങിയത്. സൗരവ് വീണപൂവ് എന്ന കവിത ആലപിച്ചു. തുടർന്നു നടന്ന സംവാദത്തിന് എം ഫൈസൽ തുടക്കം കുറിച്ചു. റസൂൽ സലാം, പ്രഭാകരൻ കണ്ടോന്താർ, പ്രദീപ് ആറ്റിങ്ങൽ, കമർ ബാനു, ജോണി പനംകുളം, കെ.പി .എം സാദിഖ് തുടങ്ങിയവർ സംവാദത്തിൽ ഇടപെട്ടു സംസാരിച്ചു. ചർച്ചകൾ ഉപസംഹരിച്ചു കൊണ്ട് ജോമോൻ സ്റ്റീഫൻ സംസാരിച്ചു. ചില്ല കോഡിനേറ്റർ സുരേഷ് ലാൽ അവതരണങ്ങളും സംവാദവും മോഡറേറ്റ് ചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..