ജിദ്ദ> കൊറോണവൈറസ് ബാധിച്ച് സൗദിയില്‍ മലയാളികള്‍ ഉള്‍പ്പെടെ 16-പേര്‍ കൂടി മരിച്ചു. വ്യാഴാഴ്ച സൗദിയില്‍ 1,644 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ഇതുവരെ സ്ഥിരീകരിച്ച വൈറസ് കേസുകള്‍ 80,185 ആയി. ഇതില്‍ 441 പേര്‍ മരിച്ചു. മരിച്ചവരില്‍ മൂന്നു പേര്‍ മലയാളികളാണെന്നാണ് വിവരം.
കോഴിക്കോട് പെരുമണ്ണ തെക്കേപാടത്ത് വിപി അബ്ദുല്‍ ഖാദര്‍ (55), മലപ്പുറം പരപ്പനങ്ങാടി പുത്തരിക്കല്‍ അക്കരപറമ്പില്‍ സിയാഹുല്‍ ഹഖ് (33), ആലപ്പുഴ ഓച്ചിറ കൃഷ്ണപുരം സ്വദേശി ബാബു തമ്പി (48), എന്നിവരാണ് മരിച്ചത്.
പശ്ചിമേഷ്യയില്‍ ഏറ്റവും ഉയര്‍ന്ന രോഗമുക്തിയും സൗദിയില്‍-68.03 ശതമാനം. ആകെ രോഗികളില്‍ 54,553 പേര്‍ക്ക് രോഗം ഭേദമായി.
അതേസമയം, സൗദിയില്‍ കര്‍ഫ്യ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങളില്‍ ഏര്‍പ്പെടുത്തിയ ഇളവ് വ്യാഴാഴ്ച നിലവില്‍ വന്നു. മൂന്നു ഘട്ടിലായാണ് ഇളവുകള്‍ നടപ്പാക്കുന്നത്. ജൂണ്‍ 21 നാണ് മൂന്നാം ഘട്ടം.കര്‍ഫ്യു ഇളവിന്റെ ഭാഗമായി സൗദിയില്‍ ആഭ്യന്തര വിമാന സര്‍വ്വീസുകള്‍, റോഡ്, റെയില്‍ ഗതാഗതങ്ങള്‍ എന്നിവ ഞായറാഴ്ച പുനരാരംഭിക്കും. പള്ളികള്‍ ജമാഅത്ത്, ജുമുഅ പ്രാര്‍ത്ഥനകള്‍ക്കായി ഞായറാഴ്ച വീണ്ടും തുറക്കും. രണ്ടാം ഘട്ടത്തില്‍ രാജ്യത്തെ 11 വിമാന താവളങ്ങളെ ബന്ധിപ്പിച്ചാണ് ആഭ്യന്തര വിമാന സര്‍വ്വീസ്.
ഇളവുകള്‍ നീക്കിയതോടെ വ്യാഴാഴ്ച മുതല്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലാ സ്ഥാപനങ്ങളില്‍ ജീവനക്കാര്‍ ജോലിക്ക് ഹാജരായി തുടങ്ങി. ചെറുതും വലുതുമായ വ്യാപാര സ്ഥാപനങ്ങള്‍ തുറന്നു. രാവിലെ ആറു മുതല്‍ വൈകീട്ട് മൂന്നുവരെയാണ് ഒന്നാം ഘട്ടത്തില്‍ ഇള്‌വ്. മെയ് 31ന് ആരംഭിക്കുന്ന രണ്ടാം ഘട്ടത്തില്‍ ഇളവ് രാത്രി എട്ടുവരെയാണ്. മക്കയിലേക്കുള്ള യാത്രാ വിലക്കും ഉംറ നിര്‍ത്തി വെച്ചതും തുടരും.24 മണിക്കൂര്‍ കര്‍ഫ്യൂ പ്രാബല്യത്തിലുള്ള മക്കയിലും ഞയറാഴ്ച ഇളവിന്റെ ഒന്നാം ഘട്ടം തുടങ്ങും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..