22 December Sunday

ഇ-തട്ടിപ്പുകൾ തടയാൻ പദ്ധതികളുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി

വെബ് ഡെസ്‌ക്‌Updated: Tuesday Oct 1, 2024

മസ്‌കത്ത് > വർധിച്ചു വരുന്ന ഇലക്ട്രോണിക് തട്ടിപ്പുകൾ കൈകാര്യം ചെയ്യുന്നതിനായി ഒമാൻ ടെലികമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി(ടി ആർ എ) പ്രത്യേക ദൗത്യസംഘം രൂപീകരിച്ചു. ടെലികമ്മ്യൂണിക്കേഷൻ മേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ബന്ധപ്പെട്ടവർ പങ്കെടുത്ത യോഗത്തിലാണ് പ്രഖ്യാപനമുണ്ടായത്. ഗുണഭോക്താക്കളുമായുള്ള ആശയവിനിമയം മെച്ചപ്പെടുത്തുന്നതിനും സേവന നിലവാരം, ബില്ലിംഗ്, പ്രമോഷണൽ ഓഫറുകൾ എന്നിവയെക്കുറിച്ചുള്ള വിവര കൈമാറ്റം സുഗമമാക്കാനും യോഗത്തിൽ തീരുമാനമുണ്ടായി.  4ജി , 5ജി  നെറ്റ്‌വർക്കുകളിലേക്കുള്ള മാറ്റം ഉൾപ്പെടെയുള്ള ടെലികമ്മ്യൂണിക്കേഷൻ സേവനങ്ങൾ നവീകരിക്കുന്നതിനായി അതോറിറ്റി നടത്തുന്ന ശ്രമങ്ങളെ യോഗം വിലയിരുത്തി.

2024 ൻ്റെ ആദ്യ പകുതിയിൽ ബ്രോഡ്‌ബാൻഡ് സേവനങ്ങളുമായി ബന്ധപ്പെട്ട് അതോറിറ്റിക്ക് ഏകദേശം 398 പരാതികൾ ലഭിച്ചതായും, ഇതിൽ 70 ശതമാനവും കെട്ടിടങ്ങൾക്കുള്ളിലെ ആന്തരിക കണക്ഷനുകളുമായി ബന്ധപ്പെട്ടവയായിരുന്നുവെന്നും അതോറിറ്റി സേവന ഗുണനിലവാര വകുപ്പ് ഡയറക്ടർ നാസർ അൽ ജാബ്രി റിപ്പോർട്ട് ചെയ്തു.

ഒമാനിലെ 86 ശതമാനം കുട്ടികളും ഇന്റർനെറ്റ് ഉപയോഗിക്കുന്നുണ്ടെന്നും, ഇവരിൽ ചിലർ അമിതമായ ഇന്റർനെറ്റ് വിധേയത്വം പ്രകടിപ്പിക്കുന്നതായും ജാബ്രി ചൂണ്ടിക്കാട്ടി. ഇതിന്റെ പ്രതിവിധിയെന്ന നിലയിൽ, സുരക്ഷിതമായ സാങ്കേതിക ഉപയോഗത്തെക്കുറിച്ച് കുടുംബങ്ങളെ ബോധവൽക്കരിക്കുന്നതിന് 'ദേശീയ ബോധവൽക്കരണ ക്യാമ്പയിൻ' ഉൾപ്പെടെ വിവിധ പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും കമ്മ്യൂണിക്കേഷൻസ് സേവനങ്ങൾ ഉപയോഗിക്കുന്ന കുട്ടികളുടെ സുരക്ഷയെക്കുറിച്ച് ഗുണഭോക്ത്യ സംരക്ഷണ നിയമത്തിൽ പ്രത്യേക വ്യവസ്ഥകൾ കൂട്ടിച്ചേർത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

4412 സ്റ്റേഷനുകളിൽ 5ജി സംവിധാനം നടപ്പിലാക്കാൻ പദ്ധതിയിട്ടിരുന്നുവെന്നും അതിൽ 3046 സ്റ്റേഷനുകളിൽ പ്രാഥമിക നടപടികൾ ഇതിനകം പൂർത്തിയായിക്കഴിഞ്ഞതായും കുറഞ്ഞ വേഗതയിൽ നിന്ന് കൂടിയ വേഗതയുള്ള എഡിഎസ്എൽ ഫൈബർ ഒപ്റ്റിക് സേവനങ്ങളിലേക്ക് കണക്ഷൻ മാറ്റിയെടുക്കുന്ന ഉപഭോക്താക്കളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനയുണ്ടായതായും ജാബ്രി ചൂണ്ടിക്കാട്ടി.

ഗാർഹിക ഇന്റർനെറ്റ് കണക്ഷനുകളുടെ ഗുണനിലവാരത്തെ സംബന്ധിച്ച പരാതികൾ ഗൗരവത്തോടെയാണ് പരിഗണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗുണനിലവാരമുള്ള അംഗീകൃത സാമഗ്രികളുടെ ഉപയോഗം കർശനമാക്കുന്നതിലൂടെയും കമ്മ്യൂണിക്കേഷൻ കേബിളുകൾക്ക് മാത്രമായി പ്രത്യേക പാതകൾ സജ്ജീകരിക്കുന്നതുൾപ്പെടെയുള്ള മാറ്റങ്ങളിലൂടെയും ഗാർഹിക കണക്ഷനുകൾ മെച്ചപ്പെട്ട നിലവാരത്തിലേക്കുയർത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top